World
ഒരു സെക്കന്‍റിന്‍റെ വ്യത്യാസത്തിൽ കുതിരയെ ഓടിത്തോൽപ്പിച്ച് യുവാവ്; താണ്ടിയത് 35 കിലോമീറ്റർ
World

ഒരു സെക്കന്‍റിന്‍റെ വ്യത്യാസത്തിൽ കുതിരയെ ഓടിത്തോൽപ്പിച്ച് യുവാവ്; താണ്ടിയത് 35 കിലോമീറ്റർ

Web Desk
|
16 Jun 2022 9:48 AM GMT

ശനിയാഴ്ച വെയിൽസിലെ ലാൻവർട്ടിഡ് വെൽസിൽ നടന്ന 22 മൈൽ (35 കിലോമീറ്റർ) 'മാൻ വേഴ്സസ് ഹോഴ്സ്' മാരത്തണിലാണ് റിക്കി കുതിരയെ പരാജയപ്പെടുത്തിയത്

മനുഷ്യന്‍ വാഹനമായി ഉപയോഗിക്കുന്ന മൃഗങ്ങളിൽ ഏറ്റവും വേഗത കൂടിയത് കുതിരയാണ്‌. കരുത്തിന്‍റെ പ്രതീകമായിട്ടാണ് കുതിരയെ കാണുന്നത്. അങ്ങിനെയുള്ള കുതിരയെ ഓടിത്തോല്‍പ്പിക്കാന്‍ സാധിക്കുമോ? കുറച്ചു ബുദ്ധിമുട്ടായിരിക്കും അല്ലേ..എന്നാല്‍ കുതിരയെ തോല്‍പ്പിച്ച് താരമായിരിക്കുകയാണ് ബ്രിട്ടീഷുകാരനായ റിക്കി ലൈറ്റ്ഫൂട്ട്.

ശനിയാഴ്ച വെയിൽസിലെ ലാൻവർട്ടിഡ് വെൽസിൽ നടന്ന 22 മൈൽ (35 കിലോമീറ്റർ) 'മാൻ വേഴ്സസ് ഹോഴ്സ്' മാരത്തണിലാണ് റിക്കി കുതിരയെ പരാജയപ്പെടുത്തിയത്. മാരത്തണില്‍ 15 വര്‍ഷത്തിനു ശേഷം കുതിരയെ തോല്‍പ്പിക്കുന്ന ഓട്ടക്കാരന്‍ കൂടിയാണ് റിക്കി. 2007-ൽ ഫ്ലോറിയൻ ഹോൾട്ടിംഗറാണ് അവസാനമായി കുതിരയുമായുള്ള മത്സരത്തിൽ വിജയിച്ചത്. ഇംഗ്ലണ്ടിലെ കുംബ്രിയയിലെ ഡിയർഹാം ഗ്രാമത്തിൽ നിന്നുള്ള 37 കാരനായ അഗ്നിശമന സേനാംഗമായ റിക്കി 35 കിലോമീറ്റർ ഓട്ടം രണ്ട് മണിക്കൂർ 22 മിനിറ്റ് 23 സെക്കൻഡിൽ പൂർത്തിയാക്കി വിജയം കൈവരിച്ചത്. ലെയ്ൻ ഹൗസ് ബോയ് എന്ന് പേരിട്ടിരിക്കുന്ന കുതിര രണ്ട് മണിക്കൂർ 24 മിനിറ്റ് 24 സെക്കൻഡിലാണ് റൈഡർ കിം അൽമാനൊപ്പം പൂർത്തിയാക്കിയത്.

മാരത്തണിന്‍റെ 41 വർഷത്തെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഒരു ഓട്ടക്കാരൻ കുതിരയെ തോൽപ്പിക്കുന്നത്. കുത്തനെയുള്ള കുന്നുകൾ ഉൾപ്പെടെ 22 മൈൽ (35 കിലോമീറ്റർ) ദുർഘടമായ ഭൂപ്രദേശത്ത് 60 കുതിരകളും സവാരിക്കാരും അടങ്ങുന്ന ടീമിനെതിരെ 1,200 ഓട്ടക്കാരാണ് ലാൻവർട്ടിഡ് വെൽസിൽ നടന്ന മാരത്തൺ മത്സരത്തിൽ പങ്കെടുത്തത്. 3,500 പൗണ്ട് ($ 4,265) ആയിരുന്നു സമ്മാനം. നല്ലൊരു മത്സരമായിരുന്നുവെന്നും ജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും റിക്കി ബിബിസിയോട് പറഞ്ഞു.



Related Tags :
Similar Posts