World
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പാര്‍ട്ടി സ്ഥാനമൊഴിഞ്ഞു
World

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പാര്‍ട്ടി സ്ഥാനമൊഴിഞ്ഞു

Web Desk
|
7 July 2022 12:07 PM GMT

പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്തു തുടരും

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പാർട്ടി സ്ഥാനമൊഴിഞ്ഞു. കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിൽനിന്നാണ് രാജി. അതേസമയം, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ പദവിയിൽ തുടരും. മന്ത്രിമാരുടെയും എം.പിമാരുടെയും കൂട്ടരാജിക്കു പിന്നാലെയാണ് ബോറിസിന്റെ പടിയിറക്കം.

പുതിയൊരു നേതാവ് വേണമെന്നാണ് കൺസർവേറ്റീവ് പാർട്ടി എം.പിമാരുടെ ആഗ്രഹമെന്നത് വ്യക്തമാണെന്ന് രാജി പ്രഖ്യാപനം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ജോലിയാണ് ഞാൻ ഉപേക്ഷിക്കുന്നത്. അതിൽ ദുഃഖമുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത് തന്നെ ഒരു വിദ്യാഭ്യാസമാണ്. രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിലേക്കും സഞ്ചരിച്ച് ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്തിന്റെ സ്ഥിതി ഇരുണ്ടതാണെങ്കിലും ഒന്നിച്ചുകൊണ്ടുള്ള നമ്മുടെ ഭാവി സുവർണമാണെന്നും ബോറിസ് കൂട്ടിച്ചേർത്തു.

കുറച്ചുനാളായി ബ്രിട്ടനിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിലാണ് ബോറിസ് ജോൺസന് പദവിയൊഴിയേണ്ടിവന്നത്. ബോറിസിനെ വിശ്വാസമില്ലെന്ന് നേരത്തെ രാജിവച്ച എം.പിമാർ വ്യക്തമാക്കിയിരുന്നു. കോവിഡിന്റെ ആദ്യ തരംഗത്തിനിടയിൽ മദ്യപാർട്ടി നടത്തിയതായുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് ബോറിസിന്റെ രാജിക്കായുള്ള മുറവിളികൾ ഉയർന്നുതുടങ്ങിയത്. വലിയ രാഷ്ട്രീയ കോളിളക്കമാണ് സംഭവത്തിനു പിന്നാലെ ഉടലെടുത്തത്. വാർത്തകൾ പുറത്തുവന്ന സമയത്ത് സംഭവം നിഷേധിച്ചെങ്കിലും തെളിവുകൾ പുറത്തുവന്നതോടെ നിൽക്കക്കള്ളിയില്ലാതായി. പിന്നാലെ കൺസർവേറ്റീവ് പാർട്ടി എം.പിമാരും മന്ത്രിമാരുമടക്കം എതിർപ്പുമായി രംഗത്തെത്തി. ഇതോടെ പരസ്യമായി മാപ്പുപറയേണ്ടിവന്നു.

തുടർന്നു നടന്ന വിശ്വാസ വോട്ടെടുപ്പിനെ ബോറിസ് ജോൺസൻ അതിജീവിച്ചെങ്കിലും ഒരു മാസത്തിനു പിന്നാലെ സർക്കാർ വീണ്ടും പ്രതിസന്ധിയിലായി. ഏറ്റവുമൊടുവിൽ ഡെപ്യൂട്ടി ചീഫ് വിപ്പ് ആയിരുന്ന ക്രിസ് പിഞ്ചറുമായി ബന്ധപ്പെട്ട ലൈംഗികാരോപണം കൂടി വന്നതോടെ സ്വന്തം പാർട്ടിക്കകത്തുനിന്ന് ബോറിസിനെതിരെ സമ്മർദം ശക്തമായി. ലൈംഗിക അപവാദം നേരിടുന്ന ക്രിസ് പിഞ്ചറെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിൽ ബോറിസ് ജോൺസൻ മാപ്പുപറഞ്ഞു. പിന്നാലെയാണ് ഇന്ത്യൻ വംശജനായ ഋഷി സുനക്, സാജിദ് ജാവിദ് എന്നിവർ രാജിവച്ചത്. മന്ത്രിമാർ, എം.പിമാർ, സോളിസിറ്റർ ജനറൽ, ഉന്നത നയതന്ത്ര പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ കൂടുതൽ പേർ രാജി പ്രഖ്യാപിച്ചു. ഇതോടെ ബോറിസിനോട് എതിര്‍പ്പറിയിച്ച് രാജിവച്ച പ്രമുഖരുടെ എണ്ണം 50 ആയി. ഇതോടെയാണ് ബോറിസ് രാജിക്ക് നിര്‍ബന്ധിതനായത്.

Summary: British PM Boris Johnson resigned as leader of Conservative party

Similar Posts