ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ദീപാവലി പാർട്ടിയിൽ മദ്യവും മാംസവും; വിമർശനവുമായി ഹിന്ദു സംഘടനകൾ
|ദീപാവലിക്ക് ആഴത്തിലുള്ള മതപരമായ മാനങ്ങളുണ്ടെന്നും വെറും ആഘോഷവേളയല്ലെന്നുമാണ് ബ്രിട്ടീഷ് ഹിന്ദു സംഘടനയായ 'ഇൻസൈറ്റ് യുകെ' പ്രതികരിച്ചത്
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ദീപാവലി ആഘോഷത്തെച്ചൊല്ലി വിവാദം. കെയർ സ്റ്റാർമർ സംഘടിപ്പിച്ച പാർട്ടിയിൽ മദ്യവും മാംസവും വിളമ്പിയതാണു വിവാദത്തിനിടയാക്കിയത്. സംഭവത്തിൽ വിമർശനവുമായി ഒരു വിഭാഗം ബ്രിട്ടീഷ് ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരക്കുകയാണ്.
എല്ലാ വർഷവും ഇത്തരത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ദീപാവലി വിരുന്നൊരുക്കാറുണ്ട്. ആചാരം തുടർന്നാണു പുതിയ പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം 10 ഡൗണിങ് സ്ട്രീറ്റിൽ ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിനായി സ്റ്റാർമർ ദീപാവലി പാർട്ടി നടത്തിയത്. വിളക്കുകൊളുത്തി പൂജയും പ്രാർഥനകളും നടന്ന ചടങ്ങിൽ അതിഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രിയുടെ പ്രസംഗവും നടന്നു. പരമ്പരാഗത ഇന്ത്യൻ നൃത്താവിഷ്‌കാരങ്ങൾക്കും കലാപ്രകടനങ്ങൾക്കും ചടങ്ങ് സാക്ഷിയായി.
ലേബർ പാർട്ടി എംപിമാരും വിവിധ സാമൂഹിക നേതാക്കളും കൗൺസിലർമാരും സൈനിക പ്രതിനിധികളുമാണ് പാർട്ടിയിൽ സംബന്ധിച്ചത്. തുടർന്ന് നടന്ന വിരുന്നിലാണ് ലാമ്പ് കബാബും മത്സ്യവും ബിയറും വൈനും ഉൾപ്പെടെ വിളമ്പിയത്. ഈ സമയത്തുതന്നെ ഒരു വിഭാഗം ഹിന്ദു സംഘടനാ നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. ചിലർ ഭക്ഷണം കഴിച്ചില്ല. കാറ്ററിങ് ജീവനക്കാരോട് ഒരു വിഭാഗം ഇക്കാര്യം ചോദ്യംചെയ്തപ്പോൾ നേരത്തെ ഓർഡർ ചെയ്തവയാണു വിളമ്പിയതെന്നായിരുന്നു വിശദീകരണം.
സംഭവത്തിൽ വിമർശനവുമായി ചില ബ്രിട്ടീഷ് ഹിന്ദു സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ദീപാവലിക്ക് ആഴത്തിലുള്ള മതപരമായ മാനങ്ങളുണ്ടെന്നും വെറും ആഘോഷവേളയല്ലെന്നും ബ്രിട്ടീഷ് ഹിന്ദു സംഘടനയായ 'ഇൻസൈറ്റ് യുകെ' എക്‌സിൽ പ്രതികരിച്ചു. ഇത്തരം വലിയ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുംമുൻപ് ഹിന്ദു സമൂഹവുമായി ആലോചിച്ചിരുന്നുവോ എന്നും പോസ്റ്റിൽ ചോദിച്ചു. ബഹുസ്വര സംസ്‌കാരം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടു ഭാവിയിൽ നടത്തുന്ന ഇത്തരം പരിപാടികൾക്കു മുൻപ് മതനേതാക്കളുമായി ചർച്ച ചെയ്യുന്ന കാര്യം ആലോചിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം മുൻ പ്രധാനമന്ത്രി ഋഷി സുനക് നടത്തിയ ദീപാവലി വിരുന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു സംഘടനകളുടെ വിമർശനം. സുനകിന്റെ പാർട്ടിയിൽ മദ്യവും മാംസവുമൊന്നും വിളമ്പിയിലിരുന്നില്ല. സുനക് കാണിച്ച മര്യാദ സ്റ്റാർമർ പിന്തുടർന്നില്ലെന്ന് ഇവർ വിമർശിക്കുന്നു. കഴിഞ്ഞ 14 വർഷമായി ഡൗണിങ് സ്ട്രീറ്റിലെ ദീപാവലി ആഘോഷങ്ങളിൽ മദ്യവും മാംസവുമൊന്നുമുണ്ടായിരുന്നില്ലെന്നും സ്റ്റാർമറിന്റെ നടപടി നിരാശപ്പെടുത്തുന്നതാണെന്നും ബ്രിട്ടീഷ് ഹിന്ദു നേതാവായ സതീഷ് കെ. ശർമ പറഞ്ഞു. ഒട്ടും ആലോചനയും ചർച്ചയുമില്ലാതെയാണു പരിപാടി നടത്തിയത്. ആകസ്മികമായി സംഭവിച്ചതാണെങ്കിലും നടപടി നിരാശപ്പെടുത്തിയെന്നും സതീഷ് വിമർശിച്ചു.
അതേസമയം, വിമർശനങ്ങളോട് കെയർ സ്റ്റാർമർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണവും വന്നിട്ടില്ല.
Summary: A section of British Hindus offended in Prime Minister’s Diwali party with alcohol and meat