ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്ക്; പുതിയ റെക്കോർഡ് സ്വന്തമാക്കി ബുർജ് ഖലീഫ
|സ്വിച്ച് ഓൺ ബിസിനസ് എന്ന അനലിറ്റിക്സ് വെബ്സൈറ്റ് നടത്തിയ പഠനത്തിലാണ് ബുര്‍ജ് ഖലീഫ ഇടം പിടിച്ചത്.
ആറുവര്‍ഷത്തിലേറെ സമയമെടുത്ത് 1.5 ബില്യൺ ഡോളര്‍ ചെലവില്‍ നിര്‍മിച്ച 828 മീറ്റര്‍ ഉയരമുള്ള കൂറ്റന്‍കെട്ടിടമാണ് ദുബായിലെ ബുര്‍ജ് ഖലീഫ. ഒട്ടേറെ ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ബുര്‍ജ് ഖലീഫ ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്ക് (world’s most popular landmark) എന്ന റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ്. സ്വിച്ച് ഓൺ ബിസിനസ് എന്ന അനലിറ്റിക്സ് വെബ്സൈറ്റ് നടത്തിയ പഠനത്തിലാണ് ബുര്‍ജ് ഖലീഫ ഇടം പിടിച്ചത്.
ആഗോളതലത്തിൽ ഏറ്റവുമധികം ശ്രദ്ധയാകർഷിച്ചതും ലോകത്തെ ഏറ്റവും അറിയപ്പെടുന്നതുമായ 150-ലധികം ലാൻഡ്‌മാർക്കുകളാണ് പഠനവിധേയമാക്കിയത്. ഇവിടങ്ങളിലെത്തുന്ന ശരാശരി സന്ദർശകരുടെ എണ്ണവും പഠനത്തിൽ വിശകലനം ചെയ്തിട്ടുണ്ട്. ഈ കണക്കുകൾ പ്രകാരം പ്രതിവർഷം 17 ദശലക്ഷം സന്ദർശകരാണ് ബുര്‍ജ് ഖലീഫയിൽ എത്തുന്നത്.
പാരീസിലെ പ്രശസ്തമായ ഈഫൽ ടവറിന്റെ മൂന്നിരട്ടി ഉയരമാണ് ബുർജ് ഖലീഫയ്ക്ക് ഉളളത്. ഏകദേശം 22 ദശലക്ഷം പേരാണ് പ്രതിവർഷം ഗൂഗിളിൽ സേർച്ച് ചെയ്തിട്ടുള്ളത് എന്നും ടിക്കറ്റ് ഇനത്തിൽ ഏകദേശം 621 ദശലക്ഷം ഡോളർ വരുമാനം നേടുന്നതായും ഈ പഠനത്തിൽ വെളിപ്പെടുത്തി.
ഇന്ത്യയിലെ താജ്മഹലാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. പ്രതിവർഷം 22 ദശലക്ഷം ഗൂഗിൾ സേർച്ചുകളും 7.5 ദശലക്ഷം സന്ദർശകരും ഇവിടെ എത്തുന്നുണ്ട്. മൂന്നാം സ്ഥാനത്ത് നയാഗ്ര വെള്ളച്ചാട്ടമാണ്. ഇവിടെ പ്രതിവർഷം 13 ദശലക്ഷം ആളുകൾ എത്തുന്നുണ്ടെന്നും 1.2 ദശലക്ഷത്തിലധികം പേർ നയാഗ്ര വെള്ളച്ചാട്ടത്തെക്കുറിച്ച് ഗൂഗിളിൽ തിരയുകയും ചെയ്യുന്നു.
“വാസ്തുവിദ്യാ മികവ്, അതിശയകരമായ കാഴ്ചകൾ, ഉയരം എന്നിവയെല്ലാം ബുർജ് ഖലീഫയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. വേനൽക്കാലത്ത് ഉച്ചകഴിഞ്ഞ് 4 മണി മുതൽ 7 മണി വരെയും, ശൈത്യകാലത്ത് 3 മണി മുതൽ 6 മണി വരെയും ആണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം.” ടൂർസ് ഓൺ ബോർഡിലെ സെയിൽസ് മാനേജർ രഞ്ജു എബ്രഹാം പറഞ്ഞു.