ഡ്യൂട്ടിക്കിടെ കുറി അണിയാം; അമേരിക്കൻ വ്യോമസേനയിലെ ഇന്ത്യൻ വംശജന് പ്രത്യേക അനുമതി
|കഴിഞ്ഞ ഫെബ്രുവരി 22നാണ് ഔദ്യോഗിക അനുമതി നൽകിയത്
അമേരിക്കൻ എയർഫോഴ്സിലെ ഇന്ത്യൻ വംശജനായ ഉദ്യോഗസ്ഥന് ഡ്യൂട്ടിയിലായിരിക്കുമ്പോൾ കുറി അണിയാൻ അനുമതി. വ്യോമിങ്ങിലെ എഫ്ഇ വാറൻ എയർഫോഴ്സ് ബേസിലെ എയർമാനായ ദർശൻ ഷായ്ക്കാണ് പ്രത്യേക അനുമതി ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി 22നാണ് ഔദ്യോഗിക അനുമതി നൽകിയത്. 90-ാമത് ഓപ്പറേഷണൽ മെഡിക്കൽ റെഡിനസ് സ്ക്വാഡ്രണിലേക്ക് നിയോഗിക്കപ്പെട്ട എയറോസ്പേസ് മെഡിക്കൽ ടെക്നീഷ്യൻ ഷായ്ക്ക് യുഎസ് എയർഫോഴ്സിൽ ചേർന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് അനുമതി ലഭിക്കുന്നത്.
ഗുജറാത്ത് സ്വദേശിയാണ് ദർശൻഷാ. അമേരിക്കയിലെ മിനസോട്ടയിലെ ഈഡൻ പ്രയറിലാണ് ഷാ താമസിക്കുന്നത്. ഡ്യൂട്ടിയിൽ കുറി ധരിക്കാൻ അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഷാ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള നിരവധിപേരാണ് അഭിനന്ദനങ്ങളുമായി വരുന്നത്. ടെക്സാസ്, കാലിഫോർണിയ, ന്യൂജഴ്സി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സുഹൃത്തുക്കൾ സന്ദേശമയക്കുന്നുണ്ട്. ഇത് പുതിയ കാര്യമാണ്. അവർ മുമ്പ് കേട്ടിട്ടില്ലാത്തതും അസാധ്യമാണെന്ന് കരുതിയതുമായ കാര്യം. പക്ഷേ അത് സംഭവിച്ചു എന്ന് അദ്ദേഹം പറഞ്ഞു.