World
റഹ്മാന്റെ പേരിൽ ഇനി കാനഡയിലൊരു സ്ട്രീറ്റ്; നന്ദി പറഞ്ഞ് എ.ആര്‍
World

റഹ്മാന്റെ പേരിൽ ഇനി കാനഡയിലൊരു സ്ട്രീറ്റ്; നന്ദി പറഞ്ഞ് എ.ആര്‍

Web Desk
|
29 Aug 2022 10:48 AM GMT

ഒന്റാരിയോയിലുള്ള മാർഖം നഗരത്തിലാണ് ഒരു തെരുവിന് എ.ആര്‍ റഹ്മാന്‍റെ പേരു നൽകിയിരിക്കുന്നത്

ഒന്റാരിയോ: കാനഡയിൽ സ്ട്രീറ്റിന് ഇന്ത്യൻ സംഗീത ഇതിഹാസം എ.ആർ റഹ്മാന്റെ പേരിട്ട് നഗരഭരണകൂടം. ഒന്റാരിയോയിലുള്ള മാർഖം നഗരത്തിലാണ് ഒരു തെരുവിന് ഇന്ത്യൻ സംഗീതജ്ഞന്റെ പേര് നൽകി ആദരിച്ചിരിക്കുന്നത്. ആദരപ്രകടനത്തിന് നഗരഭരണകൂടത്തിനും മേയർക്കും റഹ്മാൻ നന്ദി രേഖപ്പെടുത്തി. ജീവിതത്തിൽ ഒരിക്കലും സങ്കൽപിച്ചിട്ടില്ലാത്ത കാര്യമാണിതെന്നും കൂടുതൽ കർമനിരതനാകാനുള്ള ഉത്തരവാദിത്തമാണിതു നൽകുന്നതെന്നും എ.ആർ റഹ്മാൻ ട്വിറ്ററിൽ പങ്കുവച്ച വാർത്താകുറിപ്പിൽ പറഞ്ഞു.

''ജീവിതത്തിൽ ഒരുകാലത്തും സങ്കൽപിച്ചിട്ടുപോലുമില്ലാത്ത കാര്യമാണിത്. ഇതിന് എല്ലാവരോടും കടപ്പെട്ടിരിക്കും; കാനഡയിലെ മാർഖം മേയർ(ഫ്രാങ്ക് സ്‌കാർപിറ്റി), കൗൺസിലർമാർ, ഇന്ത്യൻ കോൺസുൽ ജനറൽ(അപൂർവ ശ്രീവാസ്തവ), കനേഡിയൻ ജനത.. എല്ലാവരോടും.''-വാർത്താകുറിപ്പിൽ റഹ്മാൻ പറഞ്ഞു.

എ.ആർ റഹ്മാൻ എന്ന പേര് എന്റേതല്ല. കരുണാമയന്‍ എന്നാണ് അതിനർത്ഥം. കരുണാമയനെന്നത് നമ്മുടെയെല്ലാം ദൈവത്തിന്റെ സ്വഭാവവിശേഷമാണ്. ആ കാരുണ്യവാന്റെ സേവകരാകാനേ ആർക്കുമാകൂ.. അതിനാൽ ആ പേര് കനേഡിയൻ ജനതയ്ക്ക് സമാധാനവും സമൃദ്ധിയും സന്തോഷവും ആരോഗ്യവുമെല്ലാം കൊണ്ടുത്തരട്ടെ. നിങ്ങൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ-അദ്ദേഹം ആശംസിച്ചു.

ഈ സ്‌നേഹത്തിനെല്ലാം ഇന്ത്യയിലെ സഹോദരീ-സഹോദരന്മാർക്കും നന്ദി പറയുകയാണ്. എനിക്കൊപ്പം പ്രവർത്തിച്ച മുഴുവൻ സർഗാത്മക മനുഷ്യർക്കും നന്ദി. കുതിച്ചുയരാനും ഇതിഹാസങ്ങൾക്കൊപ്പം സിനിമയുടെ നൂറുവർഷം ആഘോഷിക്കാനും എനിക്ക് പ്രചോദനമായത് അവരാണ്. ഈ സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണ് ഞാൻ. പിൻവലിയാതെ, തളർന്നുപോകാതെ കൂടുതൽ ചെയ്യാനും പ്രചോദനമാകാനുമുള്ള വലിയ ഉത്തരവാദിത്തമാണ് എനിക്കിത് നൽകുന്നത്. കൂടുതൽ ചെയ്യാനും കൂടുതൽ മനുഷ്യരുമായി അടുക്കാനും കൂടുതൽ പാലങ്ങൾ കടക്കാനുമുണ്ടെന്ന കാര്യം തളർന്നുപോയാലും മറക്കില്ലെന്നും വാർത്താകുറിപ്പിൽ എ.ആർ റഹ്മാൻ കൂട്ടിച്ചേർത്തു.

മേയർ അടക്കമുള്ള നഗരസഭാ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്ത പേരിടൽ ചടങ്ങിന്റെ ഭാഗമാകാൻ എ.ആർ റഹ്മാനും എത്തിയിരുന്നു. ഇന്ത്യൻ വംശജരും കനേഡിയൻ പൗരന്മാരുമടക്കം നൂറുകണക്കിനുപേരും പരിപാടിയിൽ സംബന്ധിച്ചു. ചടങ്ങിന്റെ ദൃശ്യങ്ങൾ റഹ്മാൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. നേരത്തെ, കാനഡ റഹ്മാന് പൗരത്വം വാഗ്ദാനം ചെയ്തതും വാര്‍ത്തയായിരുന്നു.

Summary: The Canada city Markham honored Indian music maestro AR Rahman by naming a street after him

Similar Posts