World
india and canada flag
World

ഇന്ത്യയെ സൈബർ ഭീഷണി പട്ടികയിൽ ഉൾപ്പെടുത്തി കാനഡ

Web Desk
|
2 Nov 2024 4:23 PM GMT

ചൈന, റഷ്യ, ഇറാൻ, ഉത്തര കൊറിയ എന്നിവയാണ് പട്ടികയിലുള്ള മറ്റു രാജ്യങ്ങൾ

ഒട്ടാവ: നയതന്ത്ര തർക്കം തുടരുന്നതിനിടെ ഇന്ത്യയെ ദേശീയ സൈബർ ഭീഷണി വിലയിരുത്തൽ പട്ടികയിൽ ഉൾപ്പെടുത്തി കാനഡ. ചൈന, റഷ്യ, ഇറാൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ള മറ്റു രാജ്യങ്ങൾ. എൻസിടിഎ 2025-2026 റിപ്പോർട്ടിലാണ് ഈ രാജ്യങ്ങളുള്ളത്.

ചാരപ്രവർത്തനം ലക്ഷ്യമിട്ട് കാനഡ സർക്കാറിന്റെ നെറ്റ്‍വർക്കുകൾക്കെതിരെ ഇന്ത്യൻ ഭരണകൂടം സ്പോൺസർ ചെയ്യുന്ന സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കാനഡയിലെ വ്യക്തികളും സ്ഥാപനങ്ങളും നേരിടുന്ന സൈബർ ഭീഷണിയെക്കുറിച്ച് വിലയിരുത്തുന്ന റിപ്പോട്ട് കനേഡിയൻ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിയാണ് തയാറാക്കിയിട്ടുള്ളത്. സൈബർ സുരക്ഷ സംബന്ധിച്ച കാനഡയുടെ സാ​ങ്കേതിക അതോറിറ്റിയാണിത്. മുമ്പ് ഇവർ പുറത്തിറക്കിയ റിപ്പോർട്ടുകളിൽ ഇന്ത്യയുടെ പേരില്ലായിരുന്നു.

‘ആധുനിക സൈബർ പ്രോഗ്രാം തയാറാക്കാൻ ഇന്ത്യൻ നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. ചാരപ്രവൃത്തി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി ഇന്ത്യ ഇത് ഉപയോഗിക്കുമെന്നാണ് കരുതുന്നത്. ഭീകരതക്കെതിരെയും ഇന്ത്യക്കെതിരായ ആരോപണങ്ങളെ ചെറുക്കാനുമെല്ലാം ഇത് ഉപോയഗിക്കാൻ സാധ്യതയുണ്ട്’ -റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, റിപ്പോർട്ടിനെതിരെ ഇന്ത്യ രംഗത്തുവന്നു. രാജ്യത്തെ ആക്രമിക്കാനുള്ള കനേഡിയൻ തന്ത്രത്തിന്റെ മറ്റൊരു ഉദാഹരമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു.

ഇന്ത്യ-കാനഡ ബന്ധം വഷളായിക്കൊണ്ടിരിക്കെയാണ് കാനഡയുടെ ഭാഗത്തുനിന്ന് പുതിയ നീക്കം വരുന്നത്. കനേഡിയൻ മണ്ണിൽ ഖലിസ്ഥാൻ വാദികളെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനക്ക് പിന്നിൽ ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് കഴിഞ്ഞദിവസം കാനഡ ആരോപിച്ചിരുന്നു. ആരോപണം ആദ്യം റിപ്പോർട്ട് ചെയ്തത് വാഷിങ്ടൺ പോസ്റ്റാണ്. താൻ ഇക്കാര്യം പത്രത്തിനോട് പറഞ്ഞതായി കനേഡിയൻ വിദേശകാര്യ സഹമന്ത്രി ഡേവിഡ് മോറിസൻ പിന്നീട് പാർലമെന്ററി പാനലിനോട് വെളിപ്പെടുത്തുകയും ചെയ്തു.

സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ബന്ധമുണ്ടെന്നാരോപിച്ച് ഒക്ടോബറിൽ ഇന്ത്യൻ നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി ഇന്ത്യയിലുള്ള കനേഡിയൻ ഉദ്യോഗസ്ഥരെയും പുറത്താക്കുകയുണ്ടായി. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായതിന് പിന്നാലെയാണ് അമിത് ഷാക്കെതിരായ ആരോപണവും ഉയർന്നത്.

അതേസമയം, നിജ്ജർ വധത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ കാനഡയെ ഇന്ത്യ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഉത്തരവാദിത്തമില്ലാത്ത ഇത്തരം പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.

‘കനേഡിയൻ ഹൈകമ്മീഷൻ പ്രതിനിധിയെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി. 2024 ഒക്ടോബർ 29ന് ഒട്ടാവയിൽ നടന്ന പബ്ലിക് സേഫ്റ്റി ആൻഡ് നാഷനൽ സെക്യൂരിറ്റി സ്റ്റാൻഡിങ് കമ്മിറ്റിയുടെ നടപടികളെക്കുറിച്ച് ഒരു നയതന്ത്ര കുറിപ്പ് കൈമാറി. ആഭ്യന്തരമന്ത്രിയെ കുറിച്ച് സമിതിയിൽ മന്ത്രി ഡേവിഡ് മോറിസൻ നടത്തിയ അടിസ്ഥാനരഹിതമായ പരാമർശത്തിൽ ഇന്ത്യൻ സർക്കാർ ശക്തമായി പ്രതിഷേധിക്കുന്നതായി അറിയിച്ചു’ –വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്‌സ്വാൾ പറഞ്ഞു.

Related Tags :
Similar Posts