'സിഖ് വിരുദ്ധ ആക്രമണങ്ങൾ അമിത് ഷായുടെ അനുമതിയോടെ'; ആരോപണവുമായി കാനഡ
|ഏറെ കോളിളക്കം സൃഷ്ടിച്ച ഹർദീപ് സിങ് നിജ്ജാർ വധം ഉൾപ്പെടെ അമിത് ഷായുടെ അറിവോടെയും അംഗീകാരത്തോടെയുമാണു നടന്നതെന്നാണ് കാനഡ ആരോപിക്കുന്നത്
വാഷിങ്ടൺ: ഇന്ത്യ-കാനഡ നയതന്ത്രയുദ്ധം മൂർച്ഛിക്കുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണം. ഏറെ കോളിളക്കം സൃഷ്ടിച്ച ഹർദീപ് സിങ് നിജ്ജാർ വധം നടന്നത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ അറിവോടെയും അംഗീകാരത്തോടെയുമാണെന്നാണു പുതിയ ആരോപണം. നിരവധി സിഖ് വിഘടനവാദി നേതാക്കളെ വധിക്കാൻ കേന്ദ്രം ആസൂത്രണം ചെയ്യുന്നുവെന്നും ലോറൻസ് ബിഷ്‌ണോയ് ഗ്യാങ്ങിനെയാണ് കൃത്യം നിർവഹിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും കാനഡ വൃത്തങ്ങളെ ഉദ്ധരിച്ച് 'വാഷിങ്ടൺ പോസ്റ്റ്' റിപ്പോർട്ട് ചെയ്തു.
കാനഡയിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധികളുടെ ആശയവിനിമയങ്ങളിൽനിന്നും മറ്റു വിവരങ്ങളിൽനിന്നുമാണ് കേന്ദ്ര സർക്കാരിലെ ഉന്നതനും ഇന്ത്യൻ രഹസ്യാന്വേഷണ സംഘമായ 'റോ'യിലെ വൃത്തങ്ങളും ചേർന്ന് ഇത്തരമൊരു ആസൂത്രണം നടത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കാനഡയിലെ ആറ് ഇന്ത്യൻ നയതന്ത്ര പ്രതിനിധികളാണ് സിഖ് നേതാക്കളെ കുറിച്ചുള്ള രഹസ്യവിവരങ്ങൾ ചോർത്തിനൽകിയതെന്നും ആരോപണമുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരോടും നാട്ടിലേക്കു മടങ്ങാൻ കാനഡ ഉത്തരവിട്ടിരുന്നു. പിന്നാലെ സുരക്ഷാ ഭീഷണി മുൻനിർത്തി ആറ് ഉദ്യോഗസ്ഥരെയും ഇന്ത്യ തിരിച്ചുവിളിച്ചു. ന്യൂഡൽഹിയിലെ കാനഡ എംബസിയിലുള്ള ആറ് നയതന്ത്ര പ്രതിനിധികളെ കേന്ദ്രം പുറത്താക്കുകയും ചെയ്തിരിക്കുകയാണ്.
2023 ജൂൺ 18നായിരുന്നു ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടത്. കാനഡയിലെ ഒരു സിഖ് ക്ഷേത്രത്തിനു സമീപത്തെ പാർക്കിങ്ങിൽ വച്ചായിരുന്നു മുഖംമൂടി ധരിച്ച രണ്ടുപേർ നിജ്ജാറിനു നേരെ നിറയൊഴിച്ചത്. ശരീരമാസകലം 34 വെടിയുണ്ടകൾ തറച്ചിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
നിജ്ജാറിന്റെ അടക്കം കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും മോദി സർക്കാരിനു പങ്കുണ്ടെന്നാണ് കാനഡ ആരോപിക്കുന്നത്. എന്നാൽ, ആരോപണങ്ങളെയെല്ലാം കേന്ദ്ര സർക്കാർ ശക്തമായി നിഷേധിച്ചിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങളെല്ലാം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാഷ്ട്രീയ അജണ്ടയാണെന്നും കേന്ദ്രം ആരോപിച്ചു.
കഴിഞ്ഞ വർഷം ന്യൂയോർക്കിൽ ഒരു സിഖ് വിഘടനവാദിയെ കൊലപ്പെടുത്താൻ ശ്രമമുണ്ടായെന്നും ഇതിനു പിന്നിൽ 'റോ' ആണെന്നും യുഎസ് ഭരണകൂടം ആരോപിച്ചതായി 'വാഷിങ്ടൺ പോസ്റ്റ്' റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഗുർപത്‌വന്ത് സിങ് പന്നുൻ എന്ന സിഖ് നേതാവിനെയാണ് അക്രമികൾ ലക്ഷ്യമിട്ടിരുന്നത്. നിജ്ജാറും ഗുർപത്‌വന്തും ഉത്തരേന്ത്യയിൽ സ്വതന്ത്ര സിഖ് സംസ്ഥാനം എന്ന ആവശ്യമുയർത്തുന്ന നേതാക്കളാണ്. ഇരുവർക്കും പുറമെ സുഖ്ദൂൽ സിങ് എന്ന സിഖ് നേതാവിന്റെ മരണത്തിലും ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്. ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച തൊട്ടടുത്ത ദിവസമാണ് കാനഡയിലെ വിന്നിപെഗിൽ സുഖ്ദൂൽ കൊല്ലപ്പെടുന്നത്. നിജ്ജാർ വധത്തിൽ ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി ട്രൂഡോ പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു സംഭവം.
വിവിധ സിഖ് നേതാക്കളെ കുറിച്ചുള്ള രഹസ്യവിവരങ്ങൾ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ രഹസ്യാന്വേഷണ ഏജൻസിക്ക് കൈമാറുന്നുവെന്നാണ് കാനഡയുടെ മറ്റൊരു ആരോപണം. ഈ വിവരങ്ങൾ റോ സംഘം കൊലപാതകദൗത്യം ഏൽപിക്കപ്പെട്ട ലോറൻസ് ബിഷ്‌ണോയ് സംഘത്തിനു കൈമാറുകയും ഇവർ കൃത്യം നിർവഹിക്കുകയും ചെയ്യുന്നതാണു രീതി. ബിഷ്‌ണോയ് സംഘത്തിലെ നിരവധി പേർ കാനഡയിലുണ്ടെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ കാനഡയിൽ നടന്ന ആക്രമണങ്ങളിൽ സംഘം ഉത്തരവാദിത്തം ഏൽക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ തമ്മിൽ ഫോണിലും മെസേജിങ് ആപ്പുകൾ വഴിയും നടന്ന ആശയവിനിമയങ്ങളിൽനിന്ന് ഒരു മുതിർന്ന സർക്കാർ വൃത്തവും റോയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനുമാണ് സിഖ് വിഘടനവാദികളെ കുറിച്ചുള്ള രഹസ്യവിവരങ്ങൾ ചോർത്താനും ആക്രമണം നടത്താനുമെല്ലാം അനുമതി നല്‍കിയതെന്നാണ് കാനഡ ആരോപിക്കുന്നത്. ഈ മുതിർന്ന സർക്കാർ വൃത്തം അമിത് ഷായാണെന്നു പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടു തങ്ങൾക്കു ലഭിച്ച വിവരങ്ങൾ അടുത്തിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് കാനഡ സർക്കാർ വൃത്തങ്ങൾ കൈമാറിയിരുന്നു. സിംഗപ്പൂരിൽ നടന്ന ഒരു രഹസ്യ കൂടിക്കാഴ്ചയിലായിരുന്നു ഇത്. ജസ്റ്റിൻ ട്രൂഡോയുടെ സുരക്ഷാ ഉപദേഷ്ടാവ് നഥാലി ഡ്രോയിൻ, വിദേശകാര്യ സഹമന്ത്രി ഡേവിഡ് മോറിസൻ എന്നിവരായിരുന്നു കാനഡയുടെ ഭാഗത്തുനിന്നു കൂടിക്കാഴ്ചയിൽ സംബന്ധിച്ചിരുന്നത്.
കാനഡയിലെ അക്രമപദ്ധതികൾ അവസാനിപ്പിക്കണമെന്നാണ് യോഗത്തിൽ ഇവർ ആവശ്യപ്പെട്ടത്. നിജ്ജാറിന്റെ കൊലപാതകത്തിൽ അറസ്റ്റിലായവരുടെ വിചാരണ തുടങ്ങിയാൽ സംഭവത്തിൽ ഇന്ത്യയുടെ പങ്കും പുറത്തുവരുമെന്നും കാനഡ സംഘം മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, എന്തൊക്കെ തെളിവ് കൊണ്ടുവന്നാലും നിജ്ജാർ വധത്തിൽ ഇന്ത്യയ്ക്ക് ഒരു പങ്കുമില്ലെന്ന് അജിത് ഡോവൽ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ചില വ്യക്തികളെ പിന്തുടർന്ന് വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര പ്രതിനിധികളെ ഏൽപിച്ച കാര്യം ഡോവൽ സമ്മതിച്ചതായും കാനഡ വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ, നിജ്ജാറിന്റെ ഉൾപ്പെടെയുള്ള കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും രാജ്യത്തിന് ഒരു പങ്കുമില്ലെന്ന് ഡോവൽ വ്യക്തമാക്കിയിരിക്കുകയാണ്.
Summary: Canada alleges campaign by Modi government against Sikhs and Amit Shah authorised attacks, Washington Post Cites Canadian Officials