ഇന്ത്യൻ വിദ്യാർഥികൾക്കെതിരായ നാടുകടത്തൽ നടപടികൾ കാനഡ നീട്ടിവെച്ചു
|കാനഡയിലെ വിവിധ കോളജുകളിൽ വിദ്യാർഥികൾ സമർപ്പിച്ച അഡ്മിഷൻ കാർഡ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിദ്യാർഥികളെ നാടുകടത്താനുള്ള നടപടികൾ കനേഡിയൻ സർക്കാർ ആരംഭിച്ചത്.
ഒട്ടാവ: വൻ പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്ത്യൻ വിദ്യാർഥികളെ നാടുകടത്താനുള്ള നടപടിക്രമങ്ങൾ കാനഡ നീട്ടിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നടപടിക്രമങ്ങൾ നിർത്തിവെച്ചതായാണ് കാനഡ അധികൃതരുടെ വിശദീകരണം. ജൂൺ അഞ്ച് മുതൽ ടൊറന്റോയിൽ തുടങ്ങിയ പ്രതിഷേധം പഞ്ചാബുകാരനായ ലവ്പ്രീത് സിങ്ങിനെ നാടുകടത്താൻ കാനഡ അധികൃതർ നീക്കം തുടങ്ങിയതോടെയാണ് രൂക്ഷമായത്. വ്യാജരേഖകളുണ്ടാക്കി രാജ്യത്ത് പ്രവേശിച്ചതിന് 700-ഓളം വിദ്യാർഥികൾക്കാണ് രാജ്യം വിടാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
ആറു വർഷം മുമ്പ് സ്റ്റഡി പെർമിറ്റിൽ കാനഡയിലേക്ക് കടക്കാൻ ഉപയോഗിച്ച ഓഫർ ലെറ്റർ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജൂൺ 13-നകം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടാണ് കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി (സി.ബി.എസ്.എ) ലവ്പ്രീതിന് നോട്ടീസ് നൽകിയത്. 700 ഇന്ത്യൻ വിദ്യാർഥികളെ നാടുകടത്തുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ കനേഡിയൻ സർക്കാർ തീരുമാനിച്ചതായി ആം ആദ്മി പാർട്ടി എം.പി വിക്രംജിത് സിങ് സാഹ്നി വെള്ളിയാഴ്ച പറഞ്ഞിരുന്നു. ലോക പഞ്ചാബി ഓർഗനൈസേഷന്റെ അന്താരാഷ്ട പ്രസിഡന്റ് കൂടിയാണ് വിക്രംജിത് സിങ്.
🇨🇦 On June 7, 2023 all-party committee on #immigration voted unanimously calling on #CBSA to waive #inadmissibility and provide an alternate #permanent residence pathway to the affected students in fake offer letter case#stopdeportation #supportstudentshttps://t.co/ru6Ygu5NEN
— INC - Immigration News Canada (@CanadaImmigra20) June 8, 2023
Canada postpones deportation proceedings against Indian studentsവിദ്യാർഥികൾ തട്ടിപ്പിനിരയായതാണെന്ന് കനേഡിയൻ അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് വിക്രംജിത് സിങ് പറഞ്ഞു. കൃത്യമായ പരിശോധനകളില്ലാതെയാണ് വിസ അനുവദിച്ചത്. കാനഡയിലെത്തിയ ശേഷമാണ് തങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട കോളജുകളിൽ രജിസ്‌ട്രേഷൻ നടത്തിയിട്ടില്ലെന്ന് വിദ്യാർഥികൾക്ക് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിലെ വിവിധ കോളജുകളിൽ വിദ്യാർഥികൾ സമർപ്പിച്ച അഡ്മിഷൻ കാർഡ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിദ്യാർഥികളെ നാടുകടത്താനുള്ള നടപടികൾ കനേഡിയൻ സർക്കാർ ആരംഭിച്ചത്. 2018-ലാണ് വിദ്യാർഥികൾ കാനഡയിൽ എത്തുന്നത്. അഞ്ചുവർഷത്തിന് ശേഷം കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള അപേക്ഷ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഭൂരിഭാഗം പേരും പഠനം പൂർത്തിയാക്കി ജോലിക്ക് കയറിയിട്ടുമുണ്ട്. സംഭവത്തിൽ ഇന്ത്യയിലെ ട്രാവൽ ഏജൻസികൾക്ക് പങ്കുണ്ടെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.