ഖലിസ്ഥാൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തു; കനേഡിയൻ പൊലീസുകാരന് സസ്പെൻഷൻ
|ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് പുറത്തായിരുന്നു പ്രതിഷേധ പരിപാടി
ഒട്ടാവ: ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് സമീപം നടന്ന ഖലിസ്ഥാൻ അനുകൂല പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇന്ത്യൻ വംശജനായ ഹരീന്ദർ സോഹിയാണ് പ്രതിഷേധക്കാർക്കൊപ്പം ഉണ്ടായിരുന്നത്. ഖലിസ്ഥാൻ പതാകയുമേന്തിയാണ് ഇയാൾ ഇതിൽ അണിനിരന്നത്. ഞായറാഴ്ച ഖലിസ്ഥാൻ പതാകയുമായി എത്തിയ പ്രതിഷേധക്കാർ ക്ഷേത്രത്തിലേക്ക് വന്നവരെ മർദിക്കുകയും ക്ഷേത്രം അധികൃതരും ഇന്ത്യൻ കോൺസുലേറ്റും ചേർന്ന് സംഘടിപ്പിച്ച പരിപാടി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ പൊലീസുകാരനും പ്രതിഷേധക്കാർക്കൊപ്പം ചേർന്നതിന്റെ ദൃശ്യങ്ങൾ കാണാം. കമ്മ്യൂണിറ്റി സേഫ്റ്റി ആൻഡ് പൊലീസിങ് ആക്ട് പ്രകാരം ഇയാളെ സസ്പെൻഡ് ചെയ്തതായി മീഡിയ റിലേഷൻസ് ഓഫീസർ റിച്ചാർഡ് ചിൻ വ്യക്തമാക്കി. വീഡിയോയിലുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും മൂന്നുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടാനകില്ലെന്നും നേരത്തേ പൊലീസ് അറിയിച്ചിരുന്നു.
മിസ്സിസാഗയിലെ വെസ്റ്റ് വുഡ് മാൾ, മാൾട്ടൺ ഗുരുദ്വാര എന്നിവിടങ്ങളിലും പ്രതിഷേധം നടന്നതായി കാനഡയിലെ വേൾഡ് സിഖ് ഓർഗനൈസേഷൻ അറിയിച്ചു. മൂന്ന് സ്ഥലത്തായിട്ടാണ് പ്രതിഷേധം നടന്നതെങ്കിലും അവ പരസ്പരം ബന്ധപ്പെട്ടിട്ടുള്ളതാണെന്ന് പൊലീസും പറയുന്നുണ്ട്.
ക്ഷേത്രത്തിലെ ആക്രമണത്തെ ഇന്ത്യ തിങ്കളാഴ്ച അപലപിച്ചിരുന്നു. കാനഡയിലെ ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപലപിച്ചു. കാനഡ നിയമവാഴ്ച ഉയർത്തിപ്പിടിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച പ്രധാനമന്ത്രി, നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
‘കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. മനഃപ്പൂർവമായ ആക്രമണമാണത്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനുള്ള ഭീരുത്വമായ ശ്രമം അങ്ങേയറ്റം മ്ലേച്ഛമായിരിക്കുന്നു. അത്തരം അക്രമങ്ങൾക്കൊന്നും ഇന്ത്യയുടെ നിശ്ചയദാർഢ്യം തകർക്കാനാവില്ല. കനേഡിയൻ സർക്കാർ നീതി ഉറപ്പാക്കുമെന്നും നിയമവാഴ്ച ഉയർത്തിപ്പിടിക്കുമെന്നും കരുതുന്നു’ -മോദി ‘എക്സി’ൽ കുറിച്ചു.