എന്നാലും എന്റെ പൂച്ചേ....!! വീടിന് തീയിട്ട് വളർത്തുപൂച്ച, നഷ്ടം 11 ലക്ഷം
|തീപിടിത്തത്തിൽ വീടിന്റെ ഒന്നാം നില മുഴുവൻ കത്തിനശിച്ചു
ബീജിങ്: ഒട്ടുമിക്ക പേരുടെയും ഇഷ്ടവളർത്തുമൃഗങ്ങളിലൊന്നാണ് പൂച്ച. വീടിനുള്ളിൽ എല്ലാ സ്വാതന്ത്ര്യവും നൽകിക്കൊണ്ടാണ് അവയെ വളർത്താറുള്ളത്. പൂച്ചകളുടെ കുസൃതിയും വികൃതിയുമെല്ലാം എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ചൈനയിലെ ഒരു വളർത്തുപൂച്ചയുടെ ചെറിയൊരു വികൃതി കാരണം കുടുംബത്തിനുണ്ടായത് ഏകദേശം 11 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ്.
വേറൊന്നുമല്ല, പൂച്ച അബദ്ധത്തിൽ ഇൻഡക്ഷൻ കുക്കർ ഓണാക്കുകയും അതുവഴി വീടിന് തീപിടിക്കുകയും ചെയ്തു. 100,000 യുവാന്‍ (ഏകദേശം 11,67,641 രൂപ)യുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ദണ്ഡൻ തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ഫ്‌ളാറ്റിലായിരുന്നു പൂച്ചയുടെ ഉടമകൾ താമസിച്ചിരുന്നത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് വീടിന്റെ ഉടമക്ക് അവരുടെ അയൽവാസിയുടെ ഫോൺകോൾ ലഭിക്കുന്നു. നിങ്ങളുടെ വീടിന് തീപിടിച്ചിരികുന്നു എന്നതായിരുന്നു ആ ഫോൺ കോൾ. ഓടിയെത്തിയ അവർ കണ്ടത് തീപിടിച്ച് എല്ലാം കത്തിനശിച്ച വീടായിരുന്നു. അന്വേഷിച്ചപ്പോഴാണ് തീപിടിത്തതിന് ഉത്തരവാദി തന്റെ വളർത്തുപൂച്ചയാണെന്ന് തിരിച്ചറിഞ്ഞത്. ജിൻഗൗഡിയാവോ എന്നാണ് ആ പൂച്ചയുടെ പേര്. ഉടമകൾ സ്ഥലത്തില്ലാത്തപ്പോൾ പൂച്ച അടുക്കളയിൽ കളിക്കുകയായിരുന്നു. ഈ സമയത്ത് അബദ്ധത്തിൽ ഇൻഡക്ഷൻ കുക്കറിന്റെ ടച്ച് പാനലിൽ ചവിട്ടുകയായിരുന്നു. ഇൻഡക്ഷൻ ഓണാകുകയും അതുവഴി തീപിടിക്കുകയുമായിരുന്നെന്നാണ് റിപ്പോർട്ട്.
തീപിടിത്തത്തിൽ വീടിന്റെ ഒന്നാം നില മുഴുവൻ കത്തിനശിച്ചു. എന്നാല്‍ ഒരു പോറലുമില്ലാതെ പൂച്ച രക്ഷപ്പെട്ടു. മുകളിലെ നിലയിലുള്ള കാബിനറ്റിൽ ഒളിച്ചിരുന്ന പൂച്ച അഗ്നിശമന സേനാംഗങ്ങളാണ് കണ്ടെത്തിയത്. പൂച്ചയുടെ ദേഹത്ത് മുഴുവൻ ചാരമായിരുന്നെങ്കിലും ഒരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
അതേസമയം, ഇൻഡക്ഷൻ കുക്കറിലെ പവർ ഓഫ് ചെയ്യാൻ മറന്നത് തന്റെ തെറ്റാണെന്ന് ഉടമ പിന്നീട് സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അവർ അറിയിച്ചു. ഏതായാലും ഈ സംഭവത്തോടെ പൂച്ച സോഷ്യൽമീഡിയിൽ വൈറലായി. പലരും സമാനമായ അനുഭവങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. വീട്ടിൽ എല്ലായിടത്തും പോകുന്ന വികൃതിപ്പൂച്ചയുണ്ട് .ഈ സംഭവത്തോടെ ഫ്‌ളാറ്റിലെ ഇലക്ട്രിക് ഉപകരങ്ങളെല്ലാം സ്വിച്ച് ഓഫ് ചെയ്‌തെന്നായിരുന്നു ഒരാളുടെ കമന്റ്. എന്റെ പൂച്ച സ്ഥിരമായി ടോയ്‌ലെറ്റ് ഫ്‌ളഷ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ മാസാമാസം വൻ തുകയാണ് വാട്ടർബില്ലായി അടക്കേണ്ടിവരുന്നതെന്നാണ് മറ്റൊരാളുടെ കമന്റ്.