![ഇസ്രായേൽ - ഹമാസ് മധ്യസ്ഥ ചർച്ചയിൽ വെടിനിർത്തലിന് ധാരണ, പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഇസ്രായേൽ - ഹമാസ് മധ്യസ്ഥ ചർച്ചയിൽ വെടിനിർത്തലിന് ധാരണ, പ്രഖ്യാപനം രണ്ടു ദിവസത്തിനകം](https://www.mediaoneonline.com/h-upload/2021/05/20/1226515-palestine.webp)
ഇസ്രായേൽ - ഹമാസ് മധ്യസ്ഥ ചർച്ചയിൽ വെടിനിർത്തലിന് ധാരണ, പ്രഖ്യാപനം രണ്ടു ദിവസത്തിനകം
![](/images/authorplaceholder.jpg)
ഡെമോക്രാറ്റ് പാർട്ടിയിൽ നിന്നുള്ള സമ്മർദം ശക്തമായതിനെ തുടർന്നാണ് ഇന്നലെ ജോ ബിഡൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ചതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു
ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ പത്ത് ദിവസത്തിലേറെയായി തുടരുന്ന ബോംബ് ആക്രമണങ്ങൾക്ക് അറുതിയാവുന്നു. ഇസ്രയേലും ഹമാസും തമ്മിലുള്ള മധ്യസ്ഥ ചർച്ചയിൽ വെടിനിർത്തലിന് ഏറെക്കുറെ ധാരണയായെന്നും രണ്ട് ദിവസത്തിനുള്ളിൽ കരാറിലെത്തിയേക്കുമെന്നും മുതിർന്ന ഹമാസ് നേതാവിനെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ആക്രമണം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ലക്ഷ്യം കാണുന്നതു വരെ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രായേൽ ഇന്റലിജൻസ് മന്ത്രി എലി കോഹൻ പ്രതികരിച്ചത്.
'മധ്യസ്ഥ ചർച്ചകൾ ഫലം ചെയ്യുമെന്നാണ് വിചാരിക്കുന്നത്. ഞങ്ങളുടെ ഉദ്ദേശ്യം വ്യക്തമായിരുന്നു. അവർ ആക്രമണം ശക്തമാക്കുകയാണെങ്കിൽ ഞങ്ങളുടെ തിരിച്ചടിയും ശക്തമായിരിക്കും. ഗസ്സയ്ക്കു മേലുള്ള ആക്രമണം അവർ നിർത്തിയാൽ തെൽ അവീവ് ആക്രമിക്കുന്നത് ഞങ്ങളും നിർത്തും. ജെറുസലമിലും ശൈഖ് ജർറയിലുമുള്ള ഇസ്രായേലിന്റെ പ്രവർത്തനങ്ങളായിരുന്നു അൽ അഖ്‌സ ബ്രിഗേഡ്‌സിനെ സമരരംഗത്തിറങ്ങാൻ പ്രേരിപ്പിച്ചത്. വെടിനിർത്തലിനായുള്ള മധ്യസ്ഥ ചർച്ച നടത്തുന്നവർ ഇക്കാര്യം പരിഗണിക്കണം' - ഹമാസ് രാഷ്ട്രീയ വിഭാഗം ഉപാധ്യക്ഷൻ മൂസ മുഹമ്മദ് അൽ മർസൂക്ക് പറഞ്ഞു. മധ്യസ്ഥ ചർച്ച നയിക്കുന്നത് ഈജിപ്ത് ആണെന്നാണ് സൂചന.
ബുധനാഴ്ച രാത്രി ഹമാസിന്റെ ഭാഗത്തുനിന്ന് റോക്കറ്റ് ആക്രമണങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഇന്നു രാവിലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗസ്സയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ ദേർ അൽ ബലാഹിൽ അംഗവൈകല്യമുള്ളയാളും അദ്ദേഹത്തിന്റെ ഗർഭിണിയായ ഭാര്യയുമടക്കമാണ് ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനകം ഇസ്രയ
സ്വന്തം പാർട്ടിയായ ഡെമോക്രാറ്റ് പാർട്ടിയിൽ നിന്നുള്ള സമ്മർദം ശക്തമായതിനെ തുടർന്നാണ് ഇന്നലെ ജോ ബിഡൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ചതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 'വർധിച്ച തോതിൽ സൈനികനടപടികൾ ലഘൂകരിക്കുന്നതിലൂടെ വെടിനിർത്തൽ സാധ്യമാക്കണ'മെന്നാണ് ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും ഡെമോക്രാറ്റ് അംഗങ്ങളുടെ സമ്മർദ ഫലമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, വെടിനിർത്തൽ സംബന്ധിച്ച വാർത്തകൾ ഇസ്രായേൽ ഭരണകൂടം സ്ഥിരീകരിക്കുന്നില്ലെന്ന് ജറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ലക്ഷ്യം കാണുന്നതുവരെ ആക്രമണം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പാകുന്നതുവരെ ആക്രമണം തുടരുമെന്നും ഇന്റലിജൻസ് മന്ത്രി എലി കോഹൻ പറഞ്ഞു. ഇന്നലെ സൈനിക ആസ്ഥാനം സന്ദർശിച്ച നെതന്യാഹുവും വെടിനിർത്തലിന്റെ സൂചന നൽകിയില്ല. 'അമേരിക്കൻ പ്രസിഡണ്ട് നൽകുന്ന പിന്തുണക്ക് അഭിവാദ്യങ്ങൾ. നിങ്ങളുടെയും ഇസ്രായേലിലെ പൗരന്മാരുടെയും സുരക്ഷയാണ് നമുക്ക് പ്രധാനം.' എന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകൾ.
കഴിഞ്ഞയാഴ്ച ആരംഭിച്ച ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ ഇതിനകം 234 പേർ കൊല്ലപ്പെട്ടുവെന്നാണ് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതിൽ 63 കുട്ടികളും 37 വനിതകളും 16 വൃദ്ധരും ഉൾപ്പെടുന്നു. 1500-ലേറെ പേർക്ക് പരിക്കുണ്ട്. 50-ലേറെ പേരുടെ പരിക്ക് ഗുരുതരമാണ്. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളിൽ പത്ത് പേർ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേലിന്റെ കണക്കുകൾ.