World
വെടിനിര്‍ത്തലിനിടെയും ആക്രമണം: മരിയുപോളിലുള്ളവരെ ഒഴിപ്പിക്കാനായില്ലെന്ന് യുക്രൈന്‍
World

വെടിനിര്‍ത്തലിനിടെയും ആക്രമണം: മരിയുപോളിലുള്ളവരെ ഒഴിപ്പിക്കാനായില്ലെന്ന് യുക്രൈന്‍

Web Desk
|
6 March 2022 12:52 AM GMT

യുക്രൈന്‍റെ തെക്കന്‍ തുറമുഖ നഗരമായ മരിയുപോളിലെ ജനങ്ങളെ ഒഴിപ്പിക്കാന്‍ വേണ്ടിയാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്

വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ റഷ്യ യുക്രൈന്‍ നഗരമായ മരിയുപോള്‍ കീഴടക്കി. യുക്രൈന്‍റെ തെക്കന്‍ തുറമുഖ നഗരമായ മരിയുപോളിലെ ജനങ്ങളെ ഒഴിപ്പിക്കാന്‍ വേണ്ടിയാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ സമയത്തും റഷ്യ ഷെല്ലാക്രമണം തുടര്‍ന്നെന്നും ഒഴിപ്പിക്കല്‍ സാധ്യമായില്ലെന്നുമാണ് യുക്രൈന്‍ ഭരണകൂടം പറയുന്നത്.

ശനിയാഴ്ച അഞ്ച് മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തലുണ്ടാകും എന്നായിരുന്നു റഷ്യയുടെ വാഗ്ദാനം. എന്നാല്‍ ഇത് പാലിച്ചില്ലെന്നാണ് മരിയുപോള്‍ മേയര്‍ അറിയിച്ചത്. ഷെല്ലാക്രമണം തുടരുകയായിരുന്നെന്നും ഒഴിപ്പിക്കല്‍ സാധ്യമായില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായമെത്തിക്കാനും കഴിഞ്ഞില്ല. സമീപ നഗരമായ വോൾനോവാക്കയില്‍ സ്ഥിതി ദയനീയമാണ്. മൃതദേഹങ്ങള്‍ നിരത്തുകളില്‍ കിടന്ന് ജീര്‍ണിക്കുകയാണ്. നഗരത്തിലെ 90 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനും വേണ്ടിയാണ് യുക്രൈന്‍ വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് റഷ്യ ആവശ്യം അംഗീകരിച്ചതായി അറിയിച്ചത്. എന്നാല്‍ റഷ്യന്‍ വാഗ്ദാനം വെറുംവാക്കായിരുന്നെന്നും നിരന്തരം ഷെല്ലിങ് തുടര്‍ന്നുവെന്നും യുക്രൈന്‍ ആരോപിച്ചു. നഗരം വിടാനൊരുങ്ങിയ നിരവധി പേര്‍ ഷെല്‍ട്ടറുകളില്‍ തന്നെ തുടരുകയാണ്. ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ വലയുകയാണ് നഗരവാസികള്‍.

Related Tags :
Similar Posts