ഇന്ത്യക്കാരെ അഫ്ഗാനിൽ നിന്നെത്തിക്കാൻ പുതിയ സമിതി
|വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ,വിദേശ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയാണ് പുതിയ സമിതി രൂപീകരിച്ചത്
അഫ്ഗാനിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് ഊർജിതമാക്കാനായി കേന്ദ്രം ഉന്നതതല സമിതി രൂപവത്കരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ കൂടി ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. അമേരിക്കൻ സൈന്യം അഫ്‌ഘാനിൽ പിന്മാറിയതോടെയാണ് കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി സമിതിയെ നിയോഗിച്ചത്. വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ,വിദേശ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയാണ് പുതിയ സമിതി രൂപീകരിച്ചത്.
ഇന്ത്യൻ പൗരന്മാരുടെ രക്ഷാദൗത്യം, അഫ്ഗാൻ പൗരന്മാരുടെ വരവ് എന്നിവയുടെ മേൽനോട്ടം ഉന്നതതല സമിതി വഹിക്കും. അമേരിക്ക അഫ്‌ഘാനിൽ നിന്ന് പിന്മാറുകയും തീവ്രവാദ ആക്രമണം കാബൂളിൽ ശക്തമാകുകയും ചെയ്തതോടെയാണ് അജിത് ഡോവലിന്റെ സഹായം വിദേശകാര്യമന്ത്രാലയം തേടിയത്. 20 ഇന്ത്യക്കാർ ഇപ്പോഴും അഫ്‌ഘാനിൽ തങ്ങുന്നുണ്ടെന്നാണ് വിവരം. ഇവരെ കൂടി തിരിച്ചെത്തിക്കാതെ ഓപ്പറേഷൻ ദേവി ശക്തി പൂർണമാകുകയില്ല.
അമേരിക്കയുമായുള്ള ബന്ധം ഉപയോഗിച്ചാണ് വിദേശ കാര്യമന്ത്രാലയം നേരത്തേ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചിരുന്നത്. താലിബാൻ നിയന്ത്രണത്തിലുള്ള ഭരണകൂടവുമായി ഭാവിയിൽ ഇടപെടേണ്ടി വരുമ്പോൾ സമിതിയിൽ അജിത് ഡോവലിന്റെ സാന്നിധ്യം തുണയാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം കണക്ക് കൂട്ടുന്നത്. 140 അഫ്‌ഘാൻ സിഖ്,ഹിന്ദു സമുദായാംഗങ്ങളും ഇന്ത്യയിലേക്ക് വരാൻ താല്പര്യം അറിയിച്ചിട്ടുണ്ട്. വിമാനതാവളത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്ത ശേഷം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിമാനം അയക്കുന്നതടക്കമുള്ള കാര്യങ്ങൾ പുതിയ സമിതിയാണ് പരിശോധിക്കുന്നത്