World
Chad recalls its top envoy in Israel, citing loss of innocents in Gaza, Israel attack on Gaza, Israel-Palestine war 2023
World

ഇസ്രായേലിൽനിന്ന് നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ച് ഛാഡ്

Web Desk
|
5 Nov 2023 10:58 AM GMT

നേരത്തെ ഹോണ്ടുറാസ്, ചിലി, കൊളംബിയ, ജോർദാൻ, തുർക്കി രാജ്യങ്ങൾ ഇസ്രായേലിൽനിന്നുള്ള നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുകയും ബൊളീവിയ നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു

ഇഞ്ചാമീനാ: ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിനെതിരെ കടുത്ത നടപടിയുമായി ആഫ്രിക്കൻ രാജ്യമായ ഛാഡ്. ഇസ്രായേലിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ചാണു പ്രതിഷേധം. നിരപരാധികളായ നിരവധി പേരാണ് ഗസ്സയിൽ മരിച്ചുവീഴുന്നതെന്ന് ഛാഡ് വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു.

ഗസ്സ ആക്രമണത്തിനു പിന്നാലെ ഇസ്രായേലിൽനിന്നു നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കുന്ന ആറാമത്തെ രാജ്യമാണ് ഛാഡ്. നേരത്തെ തുർക്കി, ഹോണ്ടുറാസ്, ചിലി, കൊളംബിയ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളും അംബാസഡർമാർ ഉൾപ്പെടെയുള്ള നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചിരുന്നു. ബൊളീവിയ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. അഭൂതപൂർവമായ ആക്രമണമാണ് ഗസ്സയിൽ നടക്കുന്നതെന്ന് നടപടിക്കു കാരണമായി ഛാഡ് പറഞ്ഞു.

ഇത്രയും വലിയൊരു ദുരന്തത്തിനുമുന്നിൽ നിരപരാധികളായ സിവിലിയന്മാരുടെ കുരുതിയെ ഛാഡ് അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്താകുറിപ്പിൽ പറഞ്ഞു. പശ്ചിമേഷ്യയിലെ സാഹചര്യത്തെ, പ്രത്യേകിച്ചും ഗസ്സ മുനമ്പിൽ നടക്കുന്ന അഭൂതപൂർവമായ അക്രമപരമ്പരകളെ ഛാഡ് സൂക്ഷ്മമായും ആശങ്കയോടെയുമാണു പിന്തുടരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇസ്രായേലിൽനിന്നുള്ള നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചിരിക്കുകായണ്. ഫലസ്തീൻ പ്രശ്‌നത്തിനു യുക്തമായ പരിഹാരം കാണാൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഒക്ടോബർ ഏഴിന് ഇസ്രായേൽ ഗസ്സയിൽ ആരംഭിച്ച ആക്രമത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 9,488 കടന്നു. നേരത്തെ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,400 പേരാണു കൊല്ലപ്പെട്ടത്.

Summary: Chad recalls its top envoy in Israel, slamming deaths of ‘many innocents in Gaza’

Similar Posts