ചന്ദ്രയാൻ 3 ദൗത്യം വിജയിച്ചു; അഭിനന്ദനങ്ങളുമായി നാസയും ഇ.എസ്.എയും
|ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യം വിജയിച്ചതിന് പിന്നാലെ അഭിനന്ദിച്ച് നാസയും യു.കെ സ്‌പേസ് ഏജൻസിയും യുറോപ്യൻ സ്‌പേസ് ഏജൻസിയും. ഇന്ന് വൈകുന്നേരം അറുമണിയോടെയാണ് ഐ.എസ്.ആർ.ഒ ശാസ്ത്ര ഫലമായി ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. അതുപോലെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇതിനുമുമ്പ് റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഈ ദൗത്യം പൂർത്തീകരിച്ചത്. നാൽപത് ദിവസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റർ താണ്ടിയാണ് ചന്ദയാൻ ചന്ദ്രനെ തൊട്ടത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ചന്ദ്രയാൻ 3 ലാൻഡ് ചെയത ഐ.എസ്.ആർ.ഒക്ക് അഭിനന്ദനങ്ങൾ. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്ത ഇന്ത്യക്ക് അഭിനന്ദനങ്ങൾ. നിങ്ങളോടൊപ്പം ഭാഗമാകാൻ സാധിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസൺ എക്‌സിൽ കുറിച്ചു.
ചരിത്രം കുറിച്ചു, അഭിനന്ദനങ്ങൾ ഐ.എസ്.ആർ.ഒ എന്നാണ് യു.കെ സ്‌പേസ് ഏജൻസി കുറിച്ചത്. അവശ്വസനീയം, ഐ.എസ്.ആർ.ഒക്കും ചാന്ദ്രയാൻ 3ക്കും ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും അഭിനന്ദനങ്ങൾ. എന്നാണ് യുറോപ്യൻ സ്‌പേസ് ഏജൻസി ഡയറക്ടർ ജനറൽ ജോസഫ് അഷ്ബാച്ചർ എക്‌സിൽ കുറിച്ചത്.
പ്രൊപ്പൾഷൻ മൊഡ്യൂൾ (ഭാരം 2,148 കിലോ ഗ്രാം) ലാൻഡർ (1,723.89 കിലോ ഗ്രാം) റോവർ (26 കിലോ ഗ്രാം) എന്നിവ അടങ്ങിയതാണ് ചന്ദ്രയാൻ 3. എകദേശം 600 കോടിയാണ് ഈ ദൗത്യത്തിനായി ചെലവായത്. ഇനി ലാൻഡർ മൊഡ്യൂളിൽ നിന്ന് റോവർ പുറത്തേക്കിറങ്ങി പ്രോഗ്രാം ചെയ്തതനുസരിച്ചുള്ള പരീക്ഷണങ്ങൾ നടത്തും.