ഇറ്റലിയിൽ ചാറ്റ്ജിപിടിക്ക് നിരോധനം; കാരണം ഇതാണ്
|ചാറ്റ്ജിപിടി നിരോധിക്കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമാണ് ഇറ്റലി
റോം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള സെർച്ച് എൻജിൻ സോഫ്റ്റ്വെയറായ ചാറ്റ്ജിപിടിക്ക് ഇറ്റലിയിൽ നിരോധനം. രഹസ്യ വിവരങ്ങൾ ചോർത്തുന്നതായുള്ള ആരോപണങ്ങൾക്കു പിന്നാലെയാണ് നടപടി. ചാറ്റ്ജിപിടി യൂറോപ്യൻ യൂനിയന്റെ വിവര സുരക്ഷാനിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ചാറ്റ് ബോട്ട് സെർച്ച് എൻജിനാണ് ചാറ്റ്ജിപിടി. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ സ്ഥാപനമായ 'ഓപൺഎഐ' ആണ് ബോട്ട് വികസിപ്പിച്ചത്. 2022 നവംബറിലാണ് കമ്പനി സോഫ്റ്റ്വെയർ പുറത്തിറക്കിയത്.
കഴിഞ്ഞ മാർച്ച് 20ന് ചാറ്റ്ജിപിടി ആപ്പ് നിരവധി പൗരന്മാരുടെ ചാറ്റിങ്ങും സാമ്പത്തിക ഇടപാടുകളും ചോർത്തിയതായുള്ള പരാതിയിലാണ് ഇറ്റാലിയൻ അധികൃതരുടെ നടപടി. സ്വകാര്യതാ നിയമങ്ങൾ മാനിക്കാൻ നടപടി സ്വീകരിക്കുന്നതുവരെ ഇറ്റലിയിൽ ചാറ്റ്ജിപിടിക്ക് വിലക്ക് തുടരുമെന്ന് ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി വ്യക്തമാക്കി. ഇറ്റാലിയൻ പൗരന്മാരുടെ വിവരങ്ങൾ ശേഖരിക്കുന്നത് നിയന്ത്രിക്കുമെന്നും അറിയിപ്പുണ്ട്. കമ്പനിക്കെതിരെ 22 മില്യൻ യു.എസ് ഡോളർ പിഴ ചുമത്താനും ഇടയുണ്ട്.
ഇറ്റലിയിൽ ചാറ്റ്ജിപിടി പ്രവർത്തനം നിർത്തിവച്ചതായി ഓപൺഎഐയും സ്ഥിരീകരിച്ചു. ജനങ്ങളുടെ സ്വകാര്യത ഉറപ്പാക്കുമെന്ന് കമ്പനി വ്യക്തമാക്കി. വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നത് കുറയ്ക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളെ പരിശീലിപ്പിക്കുന്നുണ്ട്. വ്യക്തികളെക്കുറിച്ചല്ല, ലോകത്തെക്കുറിച്ചാണ് എ.ഐ പഠിക്കേണ്ടതെന്നും ചാറ്റ്ജിപിടി പ്രസ്താവനയിൽ വിശദീകരിച്ചു.
ഇതാദ്യമായല്ല ഒരു രാജ്യം ചാറ്റ്ജിപിടിക്കെതിരെ നടപടി സ്വീകരിക്കുന്നത്. ഇതിനുമുൻപ് ചൈന, ഇറാൻ, ഉത്തര കൊറിയ, റഷ്യ എന്നിവിടങ്ങളിൽ ആപ്പിന് വിലക്കുണ്ട്. എന്നാല്‍, നിരോധനം ഏര്‍പ്പെടുത്തുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമാകും ഇറ്റലി.
Summary: Italy has become the first Western country to block the AI chatbot, ChatGPT