യുഎസ് ടൗണിൽ വീശിയടിച്ച് ചുഴലിക്കാറ്റ്; ഒരു കുട്ടി മരിച്ചു, അമ്മയെ കാണാതായി
|പ്രദേശത്തെ ഒന്നിലധികം വീടുകൾ തകർന്നു
വാഷിംഗ്ടൺ: തെക്കൻ അമേരിക്കയിൽ ചൊവ്വാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിൽ ഒരു ആൺകുട്ടി മരിച്ചു. കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന അമ്മയെ കാണാതായെന്നും ലൂസിയാനയിലെ കാഡോ പാരിഷ് ഷെരീഫ് റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്തെ ഒന്നിലധികം വീടുകൾ തകർന്നു. ധാരാളം മരങ്ങൾ നിലംപൊത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
വീടിന്റെ അരക്കിലോമീറ്റർ അകലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അധികൃതർ അപലപിച്ചു. അസാധാരണമായ സംഭവമാണ് ഉണ്ടായതെന്നും അധികൃതർ പ്രതികരിച്ചു.
'കുട്ടിയുടെ അമ്മയ്ക്കായി തിരച്ചിൽ തുടരുകയാണ്. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇലക്ട്രിക്കൽ ലൈനുകളും മരങ്ങളും തകർന്നുവീണു. രാത്രി മുഴുവൻ രക്ഷാപ്രവർത്തനം തുടരും'; കാഡോ പാരിഷ് ഷെരീഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
മധ്യ അമേരിക്കയിലും ചുഴലിക്കാറ്റ് പ്രഭാവം തുടരുന്നതിനാൽ ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ വീടുതോറും പരിശോധന നടത്തിവരികയാണ്. നവംബർ ആദ്യവാരം, ഒക്ലഹോമ, ടെക്സസ്, അർക്കൻസാസ് എന്നീ തെക്കൻ യുഎസ് സംസ്ഥാനങ്ങളിലും ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചിരുന്നു.