ഗസ്സയിലെ ആശുപത്രിയുടെ ഓക്സിജൻ സ്റ്റേഷനിൽ ബോംബിട്ട് ഇസ്രായേൽ; നിരവധി കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
|ബോംബാക്രമണത്തിൽ വെന്റിലേറ്ററിലും ഇൻകുബേറ്ററിലുമുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്
ഗസ്സ: വടക്കൻ ഗസ്സയിലെ ആശുപത്രിയുടെ ഓക്സിജൻ സ്റ്റേഷനിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഇൻകുബേറ്ററിലും വെന്റിലേറ്ററിലുമുണ്ടായിരുന്ന നിരവധി കുട്ടികളും മുതിർന്നവരും കൊല്ലപ്പെട്ടു. ബെയ്ത്ത് ലെഹിയയിലെ കമൽ അദ്‌വാൻ ആശുപത്രിയിലാണ് ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തിയത്. യുദ്ധത്തിലും മറ്റും പരിക്കേറ്റ നൂറ് കണക്കിനാളുകൾ ചികിത്സതേടിയ ആശുപത്രിക്ക് നേരെയാണ് ഇസ്രായേൽ സൈന്യം ആക്രമണം അഴിച്ചുവിട്ടത്.
ഇരച്ചെത്തിയ ഇസ്രായേൽ ടാങ്കുകളും ബുൾഡോസറുകളും ആശുപത്രി ഉപരോധിക്കുകയായിരുന്നു. ഉടൻ തന്നെ എല്ലാവരും കെട്ടിടത്തിൽ നിന്ന് പുറത്തുപോകണമെന്ന് ഉച്ചഭാഷിണിയിലൂടെ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരും നിരവധി നവജാതശിശുക്കളും വെന്റിലേറ്ററിലും ഇൻകുബേറ്ററിലും അപ്പോൾ ചികിത്സയിലായിരുന്നു. ഇതൊന്നും വകവെക്കാതെ സൈന്യം ബോംബാക്രമണം നടത്തുകയായിരുന്നു. ഐസിയുവും ഓക്സിജൻ സ്റ്റേഷനുകളുമാണ് ആദ്യം തകർത്തത്.
160 ഓളം പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഇതിന് പുറമെ അഞ്ച് നവജാത ശിശുക്കൾ ഇൻകുബേറ്ററുകളിലും നിരവധി കുട്ടികൾ വെന്റിലേറ്ററുകളിലുമുണ്ടായിരുന്നു. ഡബ്ല്യൂഎച്ച്ഒയിൽ നിന്ന് മെഡിക്കൽ സൗകര്യങ്ങൾ പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് ഇസ്രായേൽ സൈന്യം ആശുപത്രി വളഞ്ഞതെന്ന് കമാൽ അദ്‌വാൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഹുസാം അബു സഫിയ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിനെത്തിയ ആംബുലൻസുകൾ സൈന്യം തടയുകയും ചെയ്തു.