ഇങ്ങനെ പോയാൽ ശരിയാവില്ല; ജനന നിരക്ക് വർധിപ്പിക്കാൻ പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ചൈന
|നിലവിലെ സ്ഥിതി തുടർന്നാൽ 2025ഓടെ ജനസംഖ്യ ക്രമാതീതമായി കുറയുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനങ്ങൾ.
ജനസംഖ്യ വർധിപ്പിക്കാനായി പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ചൈന. ജനസംഖ്യ നിരക്കില്‍ റെക്കോര്‍ഡ് കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് അങ്കലാപ്പിലായ ഭരണകൂടം കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാനായി കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആനുകൂല്യങ്ങളും പ്രഖ്യാപനങ്ങളുമായി മുന്നോട്ടുവന്നത്.
ജനനനിരക്ക് റെക്കോർഡ് താഴ്ചയിലെത്തിയിരിക്കുന്ന രാജ്യത്ത് നിലവിലെ സ്ഥിതി തുടർന്നാൽ 2025ഓടെ ജനസംഖ്യ ക്രമാതീതമായി കുറയുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനങ്ങൾ. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍, ദേശീയ- സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യുല്‍പ്പാദന ആരോഗ്യത്തിനുള്ള ചെലവ് വര്‍ധിപ്പിക്കാനും രാജ്യവ്യാപകമായി ശിശു സംരക്ഷണ സേവനങ്ങള്‍ മെച്ചപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളുണ്ടാകാന്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിവിധ നടപടികള്‍ സ്വീകരിക്കാന്‍ പ്രാദേശിക സര്‍ക്കാരുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. യുവ ദമ്പതികൾക്ക് വിദ്യാഭ്യാസം, പാര്‍പ്പിടം, ജോലി,സബ്‌സിഡികള്‍, നികുതിയിളവുകള്‍, മെച്ചപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയവയാണ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍. രണ്ട് മുതല്‍ മൂന്ന് വരെ പ്രായമുള്ള കുട്ടികള്‍ക്ക് നഴ്‌സറി സൗകര്യം ഉറപ്പാക്കണമെന്നും പ്രവിശ്യാ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വര്‍ഷാവസാനത്തോടെ ശിശുസംരക്ഷണ പദ്ധതികള്‍ ഊര്‍ജിതമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചൈനീസ് നഗരങ്ങളിലെ സ്ത്രീകള്‍ക്ക് നികുതി, ഭവന വായ്പകള്‍, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, ഇന്‍സെന്റീവുകള്‍ എന്നിവ നല്‍കുന്നുണ്ട്. പ്രവിശ്യകളിലേക്കും ഇത്തരം ആനുകൂല്യങ്ങള്‍ വ്യാപിപ്പിക്കണം എന്നാണ് പുതിയ ഉത്തരവിലെ നിർദേശം.
ലോകത്തില്‍ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമാണെങ്കിലും ജനസംഖ്യയുടെ സിംഹഭാഗത്തിനും പ്രായമായിത്തുടങ്ങി. രാജ്യത്ത് നിലനിൽക്കുന്ന കഠിനമായ ജനസംഖ്യാ നിയന്ത്രണ നയങ്ങള്‍ മൂലം പ്രായമാകുന്ന ജനവിഭാഗത്തിന് ആനുപാതികമായി ചെറുപ്പക്കാര്‍ ഇല്ല. അതിനാല്‍ തന്നെ തൊഴില്‍ മേഖലകളും സമ്പദ്ഘടനയും തകിടം മറിയുകയാണ്.
ചുരുക്കത്തില്‍ ജനസംഖ്യാപരമായ വലിയ പ്രതിസന്ധിയിലൂടെയാണ് ചൈന മുന്നോട്ടുപോവുന്നത്. ഈയൊരു സാഹചര്യത്തിലാണ് നിലപാട് മയപ്പെടുത്താനും കൂടുതൽ കുട്ടികൾ ഉണ്ടാക്കാൻ പ്രോത്സാഹനം നൽകാനും രാജ്യം തീരുമാനിച്ചത്.
2016ല്‍ 'ഒറ്റ കുട്ടി നയം' അവസാനിപ്പിച്ച ചൈന കഴിഞ്ഞ വര്‍ഷം, മൂന്ന് കുട്ടികള്‍ വരെ ആകാം എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജനന നിരക്കിൽ പ്രത്യേകിച്ച് ഉയർച്ചയൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല അഞ്ച് വര്‍ഷമായി ഇത് കുറഞ്ഞു തന്നെയാണുള്ളത്.
2021ൽ ചൈനയുടെ ജനന നിരക്ക് 1000 ആളുകള്‍ക്ക് 7.52 എന്ന നിലയിലേയ്ക്ക് താഴ്ന്നിരുന്നു. 1949ല്‍ കമ്യൂണിസ്റ്റ് ചൈന സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഉയര്‍ന്ന ജീവിതച്ചെലവും ചെറിയ കുടുംബങ്ങള്‍ വന്നപ്പോഴുള്ള സാംസ്കാരിക മാറ്റവും കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നതിന് കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.