ഷി ജിൻപിങ്ങിനെതിരെ അസാധാരണ പ്രതിഷേധം; സർക്കാർ വിരുദ്ധ പോസ്റ്റുകൾക്ക് 'സെൻസർഷിപ്പ്', സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണമെന്ന് റിപ്പോർട്ട്
|സാമൂഹ്യ മാധ്യമങ്ങൾക്കു പുറമെ സർക്കാറിനെതിരെ ഉയർന്ന ബാനറുകളും നീക്കം ചെയ്യപ്പെട്ടു
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് സർക്കാർ വിരുദ്ധ പോസ്റ്റുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. പ്രസിഡന്റ് ഷി ജിൻപിങ്ങിനെതിരെ ചൈനയിൽ അസാധാരണ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നടപടി.
പാർട്ടി കോൺഗ്രസ് ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ചൈനയിൽ സർക്കാർ വിരുദ്ധ പോസ്റ്റുകൾ ഉയർന്നിരുന്നു. എന്നാൽ ഇത്തരം പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നടക്കം നീക്കം ചെയ്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാമൂഹ്യമാധ്യമങ്ങൾക്കു പുറമെ സർക്കാറിനെതിരെ ഉയർന്ന ബാനറുകളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. 'സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ പേരു കേട്ട രാജ്യമാണ് ചൈന'എന്ന തരത്തിലുള്ള ബാനറുകൾ ബീജിങ്ങിന് വടക്ക് പടിഞ്ഞാറ് ജില്ലയായ ഹെയ്ദിനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ അത് നീക്കം ചെയ്യപ്പെട്ടു.
നാളെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന് തുടക്കമാകുന്നത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന 20 -ാം പാർട്ടി കോൺഗ്രസിൽ 2,300 ഉന്നത ഉദ്യോഗസ്ഥരും പാർട്ടി പ്രതിനിധികളും പങ്കെടുക്കും. സമ്മേളത്തിൽ പാർട്ടി തലപ്പത്ത് ജിൻപിങ്ങിന് മൂന്നാമൂഴം ലഭിക്കുമെന്ന് ഉറപ്പാണ്.
ഷീ ജിൻപിങ്ങിനെതിരെ അട്ടിമറിശ്രമം നടക്കുന്നതായുള്ള വാർത്തകൾ അടുത്തിടെയാണ് ഇന്ത്യൻ മാധ്യമങ്ങളിൽ ഏറെ ചർച്ചയായത്. വാർത്തകൾ വ്യാജമാണെന്നു പിന്നീട് വിശദീകരണവും വന്നു. എന്നാൽ, ജിൻപിങ്ങിനെതിരെ അസാധാരണമായ പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് നടക്കുന്നുണ്ടെന്ന റിപ്പോർട്ടാണ് റോയിട്ടേഴ്സ് അടക്കമുള്ള വാർത്താ ഏജൻസികൾ പുറത്തുവിട്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിനു തൊട്ടുമുൻപാണ് അപ്രതീക്ഷിതമായ പ്രതിഷേധങ്ങൾ അരങ്ങേറുന്നത് എന്നതാണ് പ്രധാനം.
പാർട്ടി കോൺഗ്രസിന് മുമ്പ് രാജ്യത്ത്, ഭരണകൂടത്തിനെതിരെയുള്ള അസംതൃപ്തി വർധിച്ച് വരികയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് മറ്റൊരു രാജ്യത്തും കാണാത്ത രീതിയിലുള്ള 'സീറോ കൊവിഡ്' നിയന്ത്രണങ്ങളാണ് പ്രതിഷേധത്തിന് കാരണം. 'കോവിഡ് ടെസ്റ്റുകളല്ല, ഭക്ഷണമാണ് വേണ്ടത്; ലോക്ഡൗണുകളല്ല, സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്' തുടങ്ങിയ ബാനറുകളും വിവിധയിടങ്ങളില് പ്രത്യക്ഷപ്പെട്ടിരുന്നു.