World
കടം തരുമോ? ചൈനയ്ക്ക് മുമ്പിൽ സഹായാഭ്യാർത്ഥനയുമായി ശ്രീലങ്ക
World

കടം തരുമോ? ചൈനയ്ക്ക് മുമ്പിൽ സഹായാഭ്യാർത്ഥനയുമായി ശ്രീലങ്ക

Web Desk
|
22 March 2022 11:38 AM GMT

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോൾ ലങ്ക

കൊളംബോ: സാമ്പത്തിക പ്രതിസന്ധി കനത്തതോടെ ചൈനയിൽ നിന്ന് 2.5 ബില്യൺ യുഎസ് ഡോളറിന്റെ അടിയന്തര സാമ്പത്തിക സഹായം തേടി ശ്രീലങ്ക. കടം നൽകാൻ ചൈന ആലോചിക്കുന്നതായി കൊളംബോയിലെ ചൈനീസ് അംബാസഡർ ക്വി ഴെൻഹോങ് പറഞ്ഞു. ഒരു ബില്യണിന്റെ വായ്പയും 1.5 ബില്യണിന്റെ ക്രഡിറ്റ് ലൈനുമാണ് ചൈന ആലോചിക്കുന്നത്. ഇതുപ്രകാരം 1.5 ബില്യൺ മൂല്യമുള്ള സാധനങ്ങൾ ലങ്ക ചൈനയിൽ നിന്നു വാങ്ങണം.

നേരത്തെ, കോവിഡ് പ്രതിസന്ധിക്കാലത്ത് ചൈന ലങ്കയ്ക്ക് 2.8 ബില്യൺ ഡോളറിന്റെ സഹായം നൽകിയിരുന്നു. 2020 അവസാനത്തിലെ കണക്കു പ്രകാരം 3.5 ബില്യൺ യുഎസ് ഡോളറിന്റെ കടമാണ് ലങ്കക്ക് ചൈനയുമായുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ചൈനീസ് നിക്ഷേപങ്ങൾ ഇതിനു പുറമേയാണ്. വായ്പയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നാണയ നിധിയുമായുള്ള ചർച്ചകൾ പുരോഗമിക്കവെയാണ് അധികൃതർ ചൈനയെ സമീപിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോൾ ലങ്ക. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് രാജ്യത്തെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണിപ്പോള്‍. ശ്രീലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം കുറച്ചു. ഭക്ഷ്യവസ്തുക്കൾക്കാണ് ഏറ്റവുമധികം വില. പഞ്ചസാരയുടെയും പാൽപ്പൊടിയുടെയും ധാന്യങ്ങളുടെയും പോലും വില കുതിച്ചുയരുകയാണ്. ഒരു കപ്പ് ചായക്ക് നൂറു ലങ്കൻ രൂപയാണ് എന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്ത് അഞ്ചു മണിക്കൂർ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ധന പ്രതിസന്ധിയും രൂക്ഷമാണ്. പെട്രോൾ പമ്പുകൾക്ക് മുമ്പിൽ മണിക്കൂറുകൾ നീണ്ട ക്യൂവാണിപ്പോൾ. ക്രമസമാധാന പ്രശ്‌നങ്ങൾ നേരിടാൻ സൈന്യത്തെ ഇറക്കിയിട്ടുണ്ട്. കരുതല്‍ ധനം കുറഞ്ഞതിനാല്‍ അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ ലങ്കയ്ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Similar Posts