World
വുഹാൻ ലാബിന് നൊബേൽ പുരസ്‌കാരം നൽകണമെന്ന് ചൈന!
World

വുഹാൻ ലാബിന് നൊബേൽ പുരസ്‌കാരം നൽകണമെന്ന് ചൈന!

Web Desk
|
25 Jun 2021 10:19 AM GMT

2019ൽ കോവിഡ് പടർന്നുപിടിച്ചതു മുതല്‍ വിവാദങ്ങളുടെ കേന്ദ്രമാണ് വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബ്

ബീജിങ്: കോവിഡ് ഗവേഷണങ്ങളിലെ സംഭാവനകൾ പരിഗണിച്ച് വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിന് നൊബേൽ പുരസ്‌കാരം നൽകണമെന്ന ആവശ്യവുമായി ചൈന. വാർത്താ സമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ വക്താവ് ഴാവു ലിജിയൻ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കോവിഡ് പഠനത്തിൽ വുഹാൻ നൊബേൽ പുരസ്‌കാരം അർഹിക്കുന്നു എന്നായിരുന്നു വക്താവിന്‍റെ പ്രസ്താവന. ഈയിടെ ചൈനയിലെ ഏറ്റവും വലിയ ശാസ്ത്ര പുരസ്‌കാരത്തിന് സര്‍ക്കാര്‍ ലാബിനെ തെരഞ്ഞെടുത്തിരുന്നു. കോവിഡ് വൈറസിന്റെ ജനിതകഘടന കണ്ടെത്തിയെന്നതിനായിരുന്നു പുരസ്‌കാരം.

2019ൽ കോവിഡ് പടർന്നുപിടിച്ചതു മുതല്‍ വിവാദങ്ങളുടെ കേന്ദ്രമാണ് വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബ്. ലാബിലെ പരീക്ഷണങ്ങളിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചത് എന്നാണ് നിരവധി ആരോഗ്യവിദഗ്ധർ ആരോപിക്കുന്നത്. യുഎസ് അടക്കമുള്ള രാഷ്ട്രങ്ങളും ഈ ആരോപണം ഉന്നയിക്കുന്നുണ്ട്. സാർസ്-കോവ്-2 വൈറസിനെ ജൈവായുധമാക്കാൻ ചൈനയിലെ ചില ശാസ്ത്രജ്ഞർ ആലോച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

വുഹാൻ ലാബിൽ നിന്നാണ് വൈറസ് ചോർന്നത് എന്ന് ആദ്യമായി ആരോപിക്കുന്നത് ചൈനീസ് വൈറോളജിറ്റായ ഡോ ലി-മെങ് യാൻ ആണ്. ലാബിന് നൊബേൽ നൽകണമെന്ന ചൈനയുടെ ആവശ്യത്തെ അവര്‍ പരിഹസിച്ചു. 'വുഹാൻ ലാബിനെ നൊബേൽ പുരസ്‌കാരത്തിന് പരിഗണിക്കണം എന്ന ആവശ്യം ഭ്രാന്തമായി തോന്നുന്നു. കോവിഡ് 19 മഹാമാരി ഉത്ഭവിച്ചത് വുഹാനിലെ ലാബിൽ നിന്നാണെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ചൈനയിലെ കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രവും ഏകാധിപത്യവും എത്രമാത്രം മനുഷ്യത്വരഹിതമാണ് എന്നു തെളിയിക്കുന്നതാണിത്. അതിനപ്പുറം, കോവിഡ് വുഹാൻ ലാബിൽ നിന്ന് യാദൃച്ഛികമായി പുറത്തുപോയതല്ല, ചൈനീസ് സർക്കാറിന്റെ എതിരാളികളെ മനഃപൂർവ്വം തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് എന്ന് വ്യക്തമാകുന്നു'- അവർ കൂട്ടിച്ചേർത്തു.

ചൈനയുടെ ആവശ്യത്തോട് സാമൂഹിക മാധ്യമങ്ങളും രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചത്. 'വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പരീക്ഷണം നമ്മുടെ എല്ലാ ജീവിതങ്ങളെയും തൊട്ടു എന്ന് അംഗീകരിക്കേണ്ടതുണ്ട്, അങ്ങനെ തന്നെയല്ലേ?' എന്നായിരുന്നു യുഎസിലെ സീനിയർ പൊളിറ്റക്കൽ ജേർണലിസ്റ്റായ ജിം ഗെരാഗ്തിയുടെ പരിഹാസം.

വുഹാൻ ലാബിന് മെഡിസിൻ നൊബേൽ പുരസ്‌കാരം നൽകാമെങ്കിൽ ഐസിസിന് സമാധാന പുരസ്‌കാരവും നൽകാമെന്ന് ഷിനെ ഹമേഷ എന്ന യൂസർ കുറിച്ചു. 'തീർച്ചയായും നൽകേണ്ടതുണ്ട്. വൈറോളജി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് വുഹാൻ വൈറസ്. ഓരോ രാജ്യവും ലാബിനെ പുരസ്‌കാരത്തിനായി നാമനിർദേശം ചെയ്യേണ്ടത് ഉണ്ട്' എന്ന് സമ്യ ദാസ് ഗുപ്ത എന്ന യൂസർ ട്വിറ്ററിൽ കുറിച്ചു.

Similar Posts