തീപ്പിടിത്തവും പ്രക്ഷോഭവും; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ചൈന
|തീപ്പിടിത്തത്തെ കോവിഡുമായി ബന്ധിപ്പിക്കുന്നത് ഗൂഢലക്ഷ്യങ്ങളുള്ള ശക്തികളാണെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്റെ വാദം.
സിൻചിയാങ്: ലോക്ക്ഡൗണിനിടെ പത്ത് പേരുടെ ജീവനാശത്തിന് കാരണമായ തീപ്പിടിത്തത്തെ തുടർന്ന് രാജ്യമെമ്പാടും പ്രതിഷേധം ശക്തമായതിന് പിന്നാലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ചൈന. പടിഞ്ഞാറൻ ചൈനയിലെ സിൻചിയാങ് പ്രവിശ്യയിലെ ഉറുംകിയിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ അധികൃതർ തയാറായത്.
നാല് ദശലക്ഷത്തോളം പേർ താമസിക്കുന്ന നഗരത്തിൽ ആളുകൾ ആഴ്ചകളോളം വീടുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്ക് ചൊവ്വാഴ്ച മുതൽ സ്വന്തം ജില്ലകൾക്കകത്ത് ജോലികൾക്കായി ബസിൽ സഞ്ചരിക്കാമെന്ന് ഉദ്യോഗസ്ഥർ തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈറസ് ബാധ കുറഞ്ഞ പ്രദേശങ്ങളിലെ അവശ്യസാധന വ്യാപാരങ്ങൾ പുനരാരംഭിക്കാം. ഇവിടെ പൊതുഗതാഗത വാഹനങ്ങളിലും വിമാനങ്ങളിലും 50 ശതമാനം ആളുകളെ വച്ച് ഘട്ടംഘട്ടമായി സർവീസ് പുനരാരംഭിക്കാൻ അനുവദിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ലോക്ക്ഡൗണിനിടെ കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഉറുംകിയിലെ ഒരു ഫ്ലാറ്റിന്റെ 16ാം നിലയിലുണ്ടായ തീപ്പിടിത്തത്തിൽ പത്ത് പേർക്ക് ജീവൻ നഷ്ടമായിരുന്നു. ലോക്ക്ഡൗണായതിനാൽ പുറത്തിറങ്ങാനാവാതെ വന്നതോടെയാണ് കുഞ്ഞുങ്ങളടക്കം വെന്തുമരിച്ചത്. ഇതിനു പിന്നാലെ രാജ്യത്തെ കർശനമായ സീറോ-കോവിഡ് നയത്തിനെതിരെ ജനം വൻ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രസിഡന്റ് രാജിവയ്ക്കണം, ലോക്ക്ഡൗൺ പിൻവലിക്കണം എന്നതുൾപ്പെടെയുള്ള മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു രാജ്യമെമ്പാടും വ്യാപിച്ച പ്രക്ഷോഭം.
കോവിഡ് ലോക്ക്ഡൗൺ തീപ്പിടിത്ത രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചെന്നും അതാണ് അപകട സാധ്യത വർധിപ്പിച്ചതെന്നും നിരവധി പേർ ചൂണ്ടിക്കാട്ടി. എന്നാൽ, തീപ്പിടിത്തത്തെ കോവിഡുമായി ബന്ധിപ്പിക്കുന്നത് ഗൂഢലക്ഷ്യങ്ങളുള്ള ശക്തികളാണെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്റെ വാദം.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ ഉദ്യോഗസ്ഥർ, ലോക്ക്ഡൗണിനെ തുടർന്ന് നഗരത്തിലെ സാമൂഹികവ്യാപന നിരക്ക് പൂജ്യമായി കുറഞ്ഞിട്ടുണ്ടെന്നും അപകടസാധ്യത കുറഞ്ഞ പ്രദേശങ്ങളിലെ ആളുകളുടെ സാധാരണ ജീവിതക്രമം ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുമെന്നും അഭിപ്രായപ്പെട്ടു.
പാഴ്‌സൽ ഡെലിവറി സേവനങ്ങളും ഉറുംകിയിൽ പുനരാരംഭിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ലോജിസ്റ്റിക് തൊഴിലാളികൾ കമ്പനി ഡോർമിറ്ററികളിൽ തുടരേണ്ടിവരുമെന്നും അവർ പറഞ്ഞു. ആയിരക്കണക്കിന് പേരാണ് സിൻചിയാങ്ങിലും മറ്റ് നഗരങ്ങളിലും രാപ്പകൽ തെരുവിലിറങ്ങി സീറോ-കോവിഡ് നയത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചത്. ഇതോടെയാണ് നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ അധികൃതർ നിർബന്ധിതരായത്.