ചൈനയിൽ ജനുവരി എട്ട് മുതൽ വിദേശത്ത് നിന്നെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീനില്ല
|ചൈന പ്രഖ്യാപിച്ച സിറോ കൊവിഡ് ടോളറൻസ് നയത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അവസാന നിബന്ധനയായിരുന്നു ഇത്
ബെയ്ജിംഗ്: കോവിഡ് രൂക്ഷമായി തുടരുന്നതിനിടെയും പുതിയ നീക്കവുമായി ചൈന. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്റീൻ നിബന്ധന പിൻവലിച്ചു. ജനുവരി എട്ട് മുതൽ ഇത് പ്രാബല്യത്തിൽ വരും. എന്നാൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാവണം. ചൈന പ്രഖ്യാപിച്ച സിറോ കൊവിഡ് ടോളറൻസ് നയത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അവസാന നിബന്ധനയായിരുന്നു ഇത്. അഞ്ച് ദിവസമാണ് രാജ്യത്തെത്തുന്ന വിദേശീയർക്ക് നിർബന്ധിത ക്വാറന്റീൻ.
ഇതോടൊപ്പം വീസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം നീക്കുമെന്നും ചൈന പ്രഖ്യാപിച്ചു. പഠന വിസയുള്ളവർക്കും കുടുംബത്തെ സന്ദർശിക്കാനെത്തുന്ന വിദേശികൾക്കും പുതിയ നിയമം ഏറെ ഗുണം ചെയ്യും. ജനുവരി 8 മുതൽ വിദേശ യാത്രയ്ക്ക് ചൈനീസ് പൗരന്മാർക്കും വിസയ്ക്ക് അപേക്ഷിക്കാനാവുമെന്ന് ഇമിഗ്രേഷൻ അതോറിറ്റി അറിയിച്ചു.
അതേസമയം നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് രേഖപ്പെടുത്തുന്നത്. ആശുപത്രികൾ നിറഞ്ഞിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഔദ്യോഗികമായി കണക്കുകൾ പുറത്തുവിടുന്നില്ലെങ്കിലും നിലവിൽ പത്ത് ലക്ഷത്തിലേറെ രോഗബാധിതരുണ്ടെന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് ആരോഗ്യ സംഘടനയായ 'എയർഫിനിറ്റി' പുറത്തുവിടുന്ന വിവരം. ദിവസം അയ്യായിരത്തിലേറെ കൊവിഡ് മരണം ചൈനയിൽ ഉണ്ടാകുന്നുണ്ടെന്നാണ്
സീറോ-കോവിഡ് ടൊളറൻസ് രാജ്യത്തെ സമ്പദ്വ്യവസ്ഥയെ തകർക്കുകയും നിയന്ത്രണങ്ങളിലും ആവർത്തിച്ചുള്ള പരിശോധനകളിലും പൗരന്മാർ ഏറെ നിരാശരാണെന്നുമായിരുന്നു പഠനങ്ങൾ. ഇതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ നീക്കാൻ ഭരണകൂടം നിർബന്ധിതരായത്. മൂന്ന് വർഷത്തെ ലോക്ക്ഡൗൺ, അടച്ച അതിർത്തികൾ,നിർബന്ധിത ക്വാറന്റീൻ എന്നിവയ്ക്ക് ശേഷം 'കോവിഡിനൊപ്പം ജീവിക്കുക' എന്നതിലേക്ക് നീങ്ങുന്ന ലോകത്തിലെ അവസാനത്തെ പ്രധാന സമ്പദ്വ്യവസ്ഥയാണ് ചൈന. 2020 മാർച്ച് മുതൽ, ചൈനയിലേക്ക് പ്രവേശിക്കുന്ന ഏതൊരാൾക്കും നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയിരുന്നു.
കോവിഡ് രൂക്ഷമാവുന്നതിന് മുമ്പ്, 2019 ൽ ചൈനയിൽ നിന്ന് പുറത്തേക്ക് പോയ വിനോദസഞ്ചാരികളുടെ എണ്ണം 155 ദശലക്ഷമായിരുന്നു. 2020ൽ ഇത് 20 ദശലക്ഷമായി കുറഞ്ഞു. രാജ്യത്തെ മുൻനിര ഓൺലൈൻ ട്രാവൽ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം നിബന്ധകൾ നീക്കിയതോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാനടിക്കറ്റിൽ കുത്തനെയുള്ള മുന്നേറ്റം രേഖപ്പെടുത്തി. ജനുവരി 22 ന് ആരംഭിക്കുന്ന ചൈനീസ് പുതുവർഷത്തിൽ കുടുംബത്തെയും പ്രിയപ്പെട്ടവരെയും സന്ദർശിക്കാനാവുന്നതിന്റെ സന്തോഷത്തിലാണ് പലരും.