അഫ്ഗാനിൽ വൻ നിക്ഷേപത്തിന് ചൈന; ആത്മാർത്ഥമായ സഹായമെന്ന് വിശദീകരണം
|താലിബാനെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയാലും ചൈനീസ് സ്വകാര്യ കമ്പനികൾ അഫ്ഗാനിൽ പതറാതെ നിൽക്കും. - ഗ്ലോബൽ ടൈംസ്
താലിബാൻ അധികാരമേറ്റെടുത്ത അഫ്ഗാനിസ്താനിൽ വൻതോതിൽ നിക്ഷേപത്തിനൊരുങ്ങി ചൈന. ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള സംരംഭങ്ങളും സ്വകാര്യ കമ്പനികളും വ്യത്യസ്തമായ നിക്ഷേപ പദ്ധതികളാണ് അഫ്ഗാനിൽ ലക്ഷ്യമിടുന്നതെന്നും യുദ്ധം കാരണം താറുമാറായ രാജ്യത്തിനുള്ള 'ആത്മാർത്ഥമായ സഹായ'മാണിതെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
താലിബാനുമായുള്ള വിജയകരമായ നയതന്ത്രത്തിന് അടിവരയിടുന്നതാണ് നിക്ഷേപങ്ങളെന്നും, രാഷ്ട്രീയ സുരക്ഷയും ചൈനയുടെ ദേശീയ നയവും പരിഗണിച്ച് ഏറെ കാത്തിരുന്നു കണ്ട ശേഷമാണ് ചൈനീസ് പൊതുമേഖലാ കമ്പനികൾ അഫ്ഗാനിൽ നിക്ഷേപിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ കമ്പനികൾ റിസ്കെടുത്തു കൊണ്ടുള്ള നീക്കമാണ് നടത്തുന്നത്. അഫ്ഗാനിൽ ചൈനയുടെ ബിസിനസ് അനായാസമാക്കാൻ താലിബാൻ വഴിയൊരുക്കും. താലിബാനെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയാലും ചൈനീസ് സ്വകാര്യ കമ്പനികൾ അഫ്ഗാനിൽ പതറാതെ നിൽക്കും. - ഗ്ലോബൽ ടൈംസ് പറയുന്നു.
താലിബാന്റെ പെരുമാറ്റത്തിനനുസരിച്ചായിരിക്കും അവർക്കെതിരെ ഉപരോധം വേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബ്രിട്ടൻ ജി 7 രാജ്യങ്ങളുടെ യോഗത്തിൽ താലിബാനെ ഉപരോധിക്കണമെന്ന നിലപാടെടുത്തേക്കും. എന്നാൽ, അമേരിക്കയുടെ പിന്മാറ്റത്തോടെ തങ്ങൾക്കു ലഭിച്ച ഭൗമ - രാഷ്ട്രീയ മേൽക്കൈ തകർക്കാനുദ്ദേശിച്ചുള്ളതാവും ഉപരോധനീക്കങ്ങളെന്നും ഇതിനെ മറികടക്കാനുള്ള വഴികൾ തേടുമെന്നും ചൈന പറയുന്നു.
അഫ്ഗാനിസ്താനിൽ ഹൈവേയടക്കം നിരവധി നിർമാണ പ്രവർത്തനങ്ങൾ ചൈന നടത്തിയിട്ടുണ്ട്. തലസ്ഥാനമായ കാബൂളിൽ 2019-ൽ സ്ഥാപിച്ച 'ചൈന ടൗണി'ൽ വസ്ത്രോൽപ്പന്നങ്ങളടക്കമുള്ളവയുടെ പത്തിലേറെ ഫാക്ടറികളാണുള്ളത്. സുരക്ഷാ കാരണങ്ങളാൽ ഇവയിൽ മിക്കതും ട്രയൽ റണ്ണിനു ശേഷം പ്രവർത്തിച്ചിട്ടില്ല. താലിബാൻ അധികാരം പിടിക്കുകയും അമേരിക്ക പിന്മാറുകയും ചെയ്തതോടെ ഇവ പ്രവർത്തനക്ഷമമാക്കാമെന്നാണ് ചൈന കണക്കുകൂട്ടുന്നത്.