യുദ്ധ ഭൂമിയിൽ ഇനി 'പട്ടി ഷോ'യും; ആക്രമണത്തിന് നായ റോബോട്ട് ഇറക്കി ചൈന
|ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഡ്രോൺ നായയെ ഇറക്കുന്നത് വീഡിയോയിൽ കാണാം.
യുദ്ധഭൂമിയിൽ എതിരാളികളെ നേരിടാൻ നായ റോബോട്ട് ഇറക്കി ചൈന. ആവശ്യമുള്ള സ്ഥലത്ത് ഒരു ഡ്രോൺ ഉപയോഗിച്ച് ഇറക്കിവിടാൻ കഴിയുന്ന ആക്രമണ നായയെയാണ് ചൈന ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ രീതി വ്യക്തമാക്കാൻ ഒരു ചൈനീസ് സൈനിക കോൺട്രാക്ടർ സൃഷ്ടിച്ച വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ചൈനീസ് സൈനിക കരാറുകാരനുമായി അഫിലിയേറ്റ് ചെയ്ത "കെസ്ട്രൽ ഡിഫൻസ് ബ്ലഡ്-വിങ്" എന്ന പേജിന്റെ ഔദ്യോഗിക വെയ്‌ബോ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഡ്രോൺ നായയെ ഇറക്കുന്നത് വീഡിയോയിൽ കാണാം. ഡ്രോൺ പറന്നുയർന്നതിനു ശേഷം, നായ അതിന്റെ നാല് കാലുകളിൽ എഴുന്നേറ്റുനിൽക്കുകയും ലക്ഷ്യത്തിലേക്ക് നീങ്ങാനായി പ്രദേശം സ്കാൻ ചെയ്യാൻ തുടങ്ങുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
റോബോട്ടിക് ആക്രമണ നായയുടെ പിന്നിൽ ശത്രുക്കളെ നേരിടാനുള്ള ഒരു ആയുധം ഘടിപ്പിച്ചിട്ടുണ്ട്. റോബോട്ടിക് ആക്രമണ നായയ്ക്ക് അപ്രതീക്ഷിത ആക്രമണം നടത്താൻ കഴിയുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് കെസ്ട്രൽ ഡിഫൻസ് ബ്ലഡ്-വിങ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
"ഡ്രോണുകൾ ആകാശത്ത് നിന്ന് ഇറക്കുന്ന യുദ്ധ നായ്ക്കളെ അപ്രതീക്ഷിത ആക്രമണം നടത്താനായി ശത്രുവിന്റെ പിന്നിൽ കൃത്യമായൊരിടത്ത് ഇറക്കുകയോ അല്ലെങ്കിൽ ശത്രുവിന്റെ മേൽക്കൂരയിൽ സ്ഥാപിക്കുകയോ ചെയ്യാം- എന്നും കുറിപ്പ് പറയുന്നതായി ന്യൂയോർക്ക് പോസ്റ്റ് വിശദമാക്കുന്നു.
വ്യോമാക്രമണ മേഖലയുമായി ബന്ധിപ്പിച്ച് കരയിൽ ആക്രമണം നടത്താനുതകുന്ന ചൈനയുടെ പുതിയ ആയുധത്തെ ലോകം ഒരേ സമയം അതിശയത്തോടെയും ആശങ്കയോടെയുമാണ് നോക്കിക്കാണുന്നത്.