World
China trade India
World

ഇറക്കുമതി വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

Web Desk
|
14 May 2024 11:25 AM GMT

ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയ സംഘർഷങ്ങളും അതിർത്തി തർക്കങ്ങളും നിലനിൽക്കവെയാണ് വ്യാപാര ബന്ധത്തിലെ ഉയർച്ച

ന്യൂഡൽഹി: ചൈനീസ് ഇറക്കുമതി വെട്ടിക്കുറയ്ക്കാനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് തിരിച്ചടി. 2023-24 സാമ്പത്തിക വർഷത്തിൽ 118.4 ബില്യൺ ഡോളർ മൂല്യമുള്ള കച്ചവടവുമായി അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറി ചൈന. യു.എസിനെ പിന്തള്ളിയാണ് ചൈന ഒന്നാമതെത്തുന്നത്. ഇതേ കാലയളവിൽ ഇന്ത്യയും യു.എസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 118.3 ബില്യൺ ഡോളറായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയ സംഘർഷങ്ങളും അതിർത്തി തർക്കങ്ങളും നിലനിൽക്കവെയാണ് വ്യാപാര ബന്ധത്തിലെ ഉയർച്ച.

ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയും 8.7 ശതമാനം വർധിച്ചു. ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാനും ഇറക്കുമതി കുറയ്ക്കാനുമുള്ള ഗവൺമെന്റ് ശ്രമങ്ങൾക്കിടയിലും ഇന്ത്യ ചൈനയെ ആശ്രയിക്കുന്നതാണ് കണക്കുകൾ ഉയർത്തിക്കാട്ടുന്നത്.

ഇന്ത്യ ചൈനയെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മേഖലകളിലൊന്നാണ് സ്മാർട്ട്‌ഫോൺ മേഖല. ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ സർക്കാർ സംരംഭങ്ങൾ നിലവിലുണ്ടെങ്കിലും ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഇന്ത്യയിൽ ഗണ്യമായ വിപണി വിഹിതം നിലനിർത്തുന്നതായി കൗണ്ടർപോയിന്റ് റിസർച്ചിൽ നിന്നുള്ള കണക്കുകൾ വെളിപ്പെടുത്തി. വൺപ്ലസ്, ഷവോമി തുടങ്ങിയ നിരവധി ചൈനീസ് ബ്രാൻഡുകളെ സബ്സിഡി അവകാശപ്പെടുന്നതിൽ നിന്ന് ഒഴിവാക്കിയ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്(പി.എൽ.ഐ)പദ്ധതി, രാജ്യത്തെ സ്മാർട്ട്ഫോൺ ഉൽപ്പാദനം പ്രാദേശികവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'മേക്ക് ഇൻ ഇന്ത്യ' തുടങ്ങിയ ശ്രമങ്ങൾക്കൊന്നും ചൈനയുടെ ഇന്ത്യൻ വിപണിയിലെ ആധിപത്യം തകർക്കാൻ കഴിഞ്ഞില്ല.

നൂതന സംവിധാനങ്ങളുള്ള ചൈനീസ് സ്മാർട്ട്ഫോണുകൾ ആളുകൾക്ക് താങ്ങാനാവുന്ന വിലയിൽ എത്തുന്നതാണ് ഇന്ത്യൻ വിപണിയിലെ ഈ ആധിപത്യത്തിന് കാരണം. അതേസമയം ആപ്പിളും സാംസങും പോലുള്ള ആഗോള ബ്രാൻഡുകൾ സർക്കാർ ആനുകൂല്യങ്ങളിൽ നിന്ന് പ്രയോജനം നേടുകയും ഇന്ത്യയിൽ അവരുടെ ഉൽപ്പാദന സാന്നിധ്യം വർധിപ്പിക്കുകയും ചെയ്തു.

ഫാർമസ്യൂട്ടിക്കൽസ് മേഖലയിലും ഇന്ത്യ ചൈനയെ ആശ്രയിക്കുന്നുണ്ട്. ആഭ്യന്തര ഉപഭോഗത്തിനും അന്താരാഷ്ട്ര വ്യാപാരത്തിനുമായി ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഇന്ത്യൻ ഫാർമ വ്യവസായത്തനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ ചൈനയിൽ നിന്നാണ് കൂടുതലായും ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ മൊത്തം ഫാർമ ഇറക്കുമതിയുടെ 43 ശതമാനം ചൈനയിൽ നിന്നാണെന്ന് 2023 ഫെബ്രുവരിയിൽ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇലക്ട്രോണിക്‌സ്, ടെലികോം, ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി 2023-24 ൽ 89.8 ബില്യൺ ഡോളറായി ഉയർന്നു. ഇതിൽ പകുതിയിലധികം ഇറക്കുമതിയും ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നുമാണ്. 43.9 ശതമാനമാണ് ചൈനയുടെ പങ്ക്. ചൈനീസ് ഇറക്കുമതിയെ ആശ്രയിക്കുന്നത് ഇന്ത്യയുടെ വിതരണ ശൃംഖലയ്ക്കുള്ളിലെ ഗുരുതരമായ കേടുപാടുകൾ തുറന്നുകാട്ടുന്നതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2013 മുതൽ 2018 വരെയും 2020-21 കാലഘട്ടത്തിലും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു ചൈന. ചൈനയ്ക്ക് മുമ്പ് യു.എ.ഇ ആയിരുന്നു രാജ്യത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി.

Similar Posts