ലോകത്തെ അതിസമ്പന്ന രാജ്യം; അമേരിക്കയെ ബഹുദൂരം പിന്നിലാക്കി ചൈനയുടെ കുതിപ്പ്
|2000ത്തിൽ 156 ട്രില്യൻ ഡോളറായിരുന്ന ആഗോളസമ്പത്ത് 2020ൽ 514 ട്രില്യൻ ഡോളറായാണ് കുതിച്ചുയർന്നത്
ലോകത്തെ അതിസമ്പന്നരാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയെ ഏറെ പിന്നിലാക്കി ചൈന ഒന്നാമത്. സ്വിറ്റ്‌സർലൻഡ് നഗരമായ സൂറിച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാനേജ്‌മെന്റ് കൺസൾട്ടിങ് സ്ഥാപനമായ മക്കിൻസി ആൻഡ് കമ്പനിയുടെ ഗവേഷകസംഘമാണ് ലോക സമ്പത്തിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് പുറത്തുവിട്ടത്.
ലോകസമ്പത്തിന്റെ 60 ശതമാനവും പ്രതിനിധീകരിക്കുന്ന പത്തു രാജ്യങ്ങളുടെ കണക്കെടുത്തായിരുന്നു മക്കിൻസിയുടെ പഠനം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ആഗോളസമ്പത്ത് മൂന്നിരട്ടിയായി വർധിച്ചെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. 2000ത്തിൽ 156 ട്രില്യൻ ഡോളറായിരുന്നിടത്തുനിന്ന് 2020ൽ 514 ട്രില്യൻ ഡോളറായാണ് ആഗോളസമ്പത്ത് കുതിച്ചുയർന്നത്.
റിപ്പോർട്ട് പ്രകാരം 120 ട്രില്യൻ ഡോളറാണ് ചൈനയുടെ നിലവിലെ സമ്പത്ത്. 2000ത്തിൽ ഇത് വെറും ഏഴ് ട്രില്യൻ ഡോളറായിരുന്നു. അതായത്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ആഗോളസമ്പത്തിലുണ്ടായ വളർച്ചയുടെ മൂന്നിലൊന്നു ശതമാനവും സംഭവിച്ചിരിക്കുന്നത് ചൈനയിലാണ്. ഇതേ കാലയളവിൽ അമേരിക്കയുടെ സമ്പത്തിലും രണ്ടിരട്ടിയോളം വർധനയുണ്ടായിട്ടുണ്ട്. എന്നാൽ, 90 ട്രില്യൻ ഡോളറുമായി ചൈനയുടെ ഏറെ പിറകിലാണ് യുഎസ്. ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, ആസ്‌ട്രേലിയ, ജപ്പാൻ, മെക്‌സിക്കോ, സ്വീഡൻ എന്നിവയാണ് യഥാക്രമം ആദ്യ പത്തില്‍ വരുന്ന മറ്റു രാജ്യങ്ങൾ.
റിപ്പോർട്ടിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം ആഗോളസമ്പത്തിന്റെ വലിയൊരു ഭാഗവും വരുന്ന ചൈനയിലും അമേരിക്കയിലും മൊത്തം സമ്പത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും അതിസമ്പന്നരായ പത്തുശതമാനത്തിന്റെ കൈയിലാണുള്ളത്. അവരുടെ സ്വത്തുക്കൾ കുതിച്ചുയർന്നുകൊണ്ടിരിക്കുകയുമാണ്. ആഗോളസമ്പത്തിന്റെ 68 ശതമാനവും റിയൽ എസ്റ്റേറ്റ് രംഗത്താണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ള സ്വത്തുക്കൾ അടിസ്ഥാന സൗകര്യവികസനരംഗത്തും യന്ത്ര, സാധനസാമഗ്രികളുടെ നിര്‍മാണ, വിതരണ മേഖലയിലുമാണുള്ളത്. ബൗദ്ധിക സ്വത്തവകാശവും ഉടമാവകാശവും അടക്കമുള്ള എണ്ണിത്തിട്ടപ്പെടുത്താനാകാത്ത സ്വത്തുക്കളും ആഗോളസമ്പത്തിന്‍റെ ചെറിയൊരു ഭാഗമായി വരും.
Summary: China is the new richest nation overtaking the U.S for the top spot worldwide, and global wealth tripled over the last two decades