World
രണ്ടു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രവേശനവിലക്ക് നീക്കി ചൈന
World

രണ്ടു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രവേശനവിലക്ക് നീക്കി ചൈന

Web Desk
|
23 Aug 2022 5:19 AM GMT

ചൈനയിലേക്ക് പ്രവേശനം വിലക്കിയിരുന്ന ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ വിസ നല്‍കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു

ഡല്‍ഹി : ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രവേശനവിലക്ക് നീക്കി ചൈന. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മൂലം രണ്ടര വര്‍ഷത്തിലേറെയായി ചൈനയിലേക്ക് പ്രവേശനം വിലക്കിയിരുന്ന ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ വിസ നല്‍കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.

''ഇന്ത്യൻ വിദ്യാർഥികൾക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ! നിങ്ങളുടെ ക്ഷമയെ വിലമതിക്കുന്നു. എനിക്ക് നിങ്ങളുടെ ആവേശവും സന്തോഷവും ശരിക്കും ഊഹിക്കാന്‍ കഴിയും. ചൈനയിലേക്ക് വീണ്ടും സ്വാഗതം" ചൈനയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻകാര്യ വകുപ്പ് കൗൺസിലർ ജി റോങ് ട്വീറ്റ് ചെയ്തു. വിദ്യാർഥികൾക്കും ചൈനയിൽ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങൾക്കും ബിസിനസുകാർക്കും വിസ അനുവദിക്കുമെന്ന് ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കി.

ഇതിനോടകം മെഡിസിന്‍ ഉള്‍പ്പെടെ വിവിധ കോഴ്സുകളില്‍ 23,000ത്തോളം വിദ്യാര്‍ത്ഥികളാണ് ചൈനയിലേക്ക് മടങ്ങാന്‍ ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വാണിജ്യ, വ്യാപാര ആവശ്യങ്ങള്‍ക്കായുള്ള എം വിസ, പഠന ടൂറുകള്‍, മറ്റ് വാണിജ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി യാത്ര ചെയ്യുന്നവര്‍ക്കുള്ള എഫ് വിസ, ജോലിക്കായി എത്തുന്നവര്‍ക്കുള്ള ഇസഡ് വിസ എന്നീ വിസകളും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.

പാകിസ്താൻ, റഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാർഥികൾ ചാർട്ടേഡ് വിമാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി ചൈനയിലെത്തിയിട്ടുണ്ട്. കോവിഡ് വിസ നിരോധനം കാരണം യാത്ര ചെയ്യാൻ കഴിയാത്ത പുതിയ വിദ്യാർഥികൾക്കും പഴയ വിദ്യാർഥികൾക്കും സ്റ്റുഡന്‍റ് വിസ നൽകുമെന്ന് ചൈനീസ് എംബസിയുടെ അറിയിപ്പില്‍ പറയുന്നു. പുതിയ വിദ്യാർഥികൾ ചൈനയിലെ ഒരു സർവ്വകലാശാല നൽകിയ യഥാർത്ഥ പ്രവേശന കത്ത് ഹാജരാക്കണം, പഴയ വിദ്യാർഥികൾ ചൈനയിലെ യൂണിവേഴ്സിറ്റി നൽകിയ കാമ്പസിലേക്ക് മടങ്ങുന്നതിന്‍റെ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

Related Tags :
Similar Posts