കുട്ടികൾ മോശമായി പെരുമാറിയാൽ ശിക്ഷ മാതാപിതാക്കൾക്ക്; പുതിയ നിയമം പാസാക്കാനൊരുങ്ങി ചൈന
|കുട്ടികളുടെ മോശം പെരുമാറ്റത്തിന് പ്രധാന കാരണം വീട്ടിൽ നിന്ന് കൃത്യമായി ഗുണപാഠങ്ങൾ പഠിക്കാത്തതിനാലാണെന്നും അതുകൊണ്ടാണ് ഇത്തരമൊരു നിയമം പാസാക്കാനൊരുങ്ങുന്നതെന്നും നാഷണൽ പീപ്പിൾസ് കോൺഗ്രസിന് കീഴിലുള്ള ലേജിസ്ലേറ്റീവ് അഫയേഴ്സ് കമ്മീഷൻ വക്താവ് സാങ് തിവൈ പറഞ്ഞു.
കുട്ടികൾ മോശമായി പെരുമാറുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ മാതാപിതാക്കളെ ശിക്ഷിക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം പാസാക്കാനൊരുങ്ങി ചൈന. കുറ്റക്കാരെന്ന് കണ്ടെത്തുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് സർക്കാർ ഏർപ്പെടുത്തുന്ന പ്രത്യേക ക്ലാസുകളിൽ പങ്കെടുക്കണമെന്നത് ഉൾപ്പെടെ നിയമത്തിൽ ശിപാർശ ചെയ്യുന്നുണ്ട്.
കുട്ടികളുടെ മോശം പെരുമാറ്റത്തിന് പ്രധാന കാരണം വീട്ടിൽ നിന്ന് കൃത്യമായി ഗുണപാഠങ്ങൾ പഠിക്കാത്തതിനാലാണെന്നും അതുകൊണ്ടാണ് ഇത്തരമൊരു നിയമം പാസാക്കാനൊരുങ്ങുന്നതെന്നും നാഷണൽ പീപ്പിൾസ് കോൺഗ്രസിന് കീഴിലുള്ള ലേജിസ്ലേറ്റീവ് അഫയേഴ്സ് കമ്മീഷൻ വക്താവ് സാങ് തിവൈ പറഞ്ഞു. കുട്ടികൾക്ക് ആവശ്യത്തിന് വിശ്രമം, വ്യായാമം, കളിസമയം എന്നിവ ലഭ്യമാകുന്നുവെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും നിയമത്തിൽ പറയുന്നു.
കുട്ടികൾക്ക് വീഡിയോ ഗെയിമുകളോടുള്ള അമിതാസക്തി കുറയ്ക്കാൻ അടുത്തിടെ ചൈന നിയമം കൊണ്ടുവന്നിരുന്നു. ഓൺലൈൻ ഗെയിമുകൾക്കുള്ള സമയം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രം ഒരോ മണിക്കൂർ വീതമായി ചുരുക്കിയിരുന്നു.
ഇതോടൊപ്പം കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നതിനായി ഹോം വർക്കുകൾ വെട്ടിക്കുറയ്ക്കുകയും ആഴ്ചയിലെ അവധി ദിവസങ്ങളിൽ പ്രധാനപ്പെട്ട വിഷയങ്ങൾക്കായുള്ള ട്യൂഷൻ നിരോധിക്കുകയും ചെയ്തിരുന്നു.