'ഏതു സാഹചര്യത്തിലും ലബനാനും അറബ് സഹോദരങ്ങൾക്കുമൊപ്പം ഞങ്ങളുണ്ടാകും'; പിന്തുണ ഉറപ്പുനൽകി ചൈന
|ന്യൂയോർക്കിൽ ലബനാൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൂ ഹബീബുമായുള്ള കൂടിക്കാഴ്ചയിലാണ് വിദേശകാര്യ മന്ത്രി വാങ് യി രാജ്യത്തിന്റെ പിന്തുണ ഉറപ്പുനൽകിയത്
ന്യൂയോർക്ക്/ബെയ്ജിങ്: ഇസ്രായേൽ ആക്രമണത്തിൽ ലബനാനു പിന്തുണ പ്രഖ്യാപിച്ച് ചൈന. ലബനാന്റെ പരമാധികാരവും സുരക്ഷയും ദേശീയാന്തസ്സും സംരക്ഷിക്കാൻ തങ്ങളുടെ ഉറച്ച പിന്തുണയുണ്ടാകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രഖ്യാപിച്ചു. ന്യൂയോർക്കിൽ ലബനാൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൂ ഹബീബുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ അംഗം കൂടിയായ വാങ് രാജ്യത്തിന്റെ പിന്തുണ ഉറപ്പുനൽകിയത്.
സ്ഥിതിഗതികൾ എങ്ങനെയൊക്കെ മാറിമറിഞ്ഞാലും ചൈന നീതിയുടെ പക്ഷത്തും ലബനാൻ ഉൾപ്പെടെയുള്ള അറബ് സഹോദരങ്ങൾക്കുമൊപ്പവും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിലൂടെ അറിയിച്ചു. ലബനാനിൽ അടുത്തിടെ ആശയവിനിമയ സംവിധാനങ്ങൾ പൊട്ടിത്തെറിച്ചതുൾപ്പെടെ പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സിവിലിയന്മാർക്കെതിരായ ആക്രമണങ്ങളെ ശക്തമായി എതിർക്കുകയും ചെയ്യുന്നുവെന്ന് വാർത്താകുറിപ്പിൽ പറഞ്ഞു.
പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ചൈനയെന്നും വാങ് യി പറഞ്ഞു. അറബ് രാജ്യങ്ങളുമായും അന്താരാഷ്ട്ര സമൂഹവുമായും ഒന്നിച്ചു പ്രവർത്തിക്കും. ഹിംസയെ ഹിംസ കൊണ്ടു നേരിട്ടാൽ പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്താനാകില്ല. അതു കൂടുതൽ മാനുഷികദുരന്തത്തിനിടയാക്കുക മാത്രമാണു ചെയ്യുക. ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം വ്യക്തമായ നിലപാടെടുക്കണം. മേഖലയിലെ രാജ്യങ്ങൾ ഒന്നിച്ചുനിൽക്കുകയും വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഗസ്സ സംഘർഷത്തിന്റെ അനുരണനമാണു പുതിയ സാഹചര്യമെന്നും ചൈനീസ് നേതാവ് അഭിപ്രായപ്പെട്ടു. ശാശ്വതമായ വെടിനിർത്തലാണ് ഇക്കാര്യത്തിൽ ചൈനയുടെ നിലപാട്. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനായി (ഇസ്രായേൽ) സൈന്യം പൂർണമായി പിന്മാറണമെന്നും വാങ് യി ആവശ്യപ്പെട്ടു.
യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമിതികളിലും മറ്റു വേദികളിലും ലബനാനു വേണ്ടി സംസാരിക്കുന്നതിന് രാജ്യത്തിന്റെ നന്ദി അറിയിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല ബൂ ഹബീബ് പറഞ്ഞു. ലബനാനെ പോലെയുള്ള ചെറിയ രാജ്യങ്ങൾക്ക് യുഎൻ ചട്ടങ്ങൾ പ്രകാരമുള്ള പരമാധികാരവും സ്വാതന്ത്ര്യവും പരമപ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Summary: China firmly supports Lebanon in safeguarding sovereignty, security: Chinese foreign minister Wang Yi