ഫുകുഷിമ ആണവ നിലയത്തിലെ വെള്ളം കടലിലൊഴുക്കാന്‍ നീക്കം; ജാപ്പനീസ് സീഫുഡ് നിരോധിക്കുമെന്ന് ചൈന
|ചൈനീസ് ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിനെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു
ബെയ്ജിംഗ്: ഫുകുഷിമ ആണവനിലയത്തിലെ വെള്ളം ശുദ്ധീകരിച്ച് കടലിലൊഴുക്കാനുള്ള ജപ്പാന്‍റെ പദ്ധതിക്കു പിന്നാലെ ജാപ്പനീസ് സമുദ്ര വിഭവങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ചൈന. ഫുകുഷിമ, തലസ്ഥാനമായ ടോക്കിയോ എന്നിവയുൾപ്പെടെ ജപ്പാനിലെ 10 പ്രിഫെക്ചറുകളിൽ നിന്നുള്ള സമുദ്രോത്പന്ന നിരോധനം നീട്ടുന്നത് ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികാരികള്‍ പറഞ്ഞതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനീസ് ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിനെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സ്കല്ലോപ്സ്, ജാപ്പനീസ് സേക്ക് എന്നിവ പോലുള്ള കടൽ വിഭവങ്ങൾക്ക് ചൈനീസ് വിപണിയിൽ വലിയ ഡിമാന്‍ഡാണ് ഉള്ളത്. ചൈനയിലേക്കാണ് ജപ്പാനില്‍ നിന്നും ഏറ്റവും കൂടുതല്‍ സമുദ്രോല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് . ആണവനിലയത്തില്‍ ജലം കടലിലേക്ക് തുറന്നുവിടുന്നതിനെതിരെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നതും ചൈനയാണ്. സമുദ്രജീവികള്‍ക്കും മനുഷ്യന്‍റെ ആരോഗ്യത്തിനും ഇത് ഭീഷണിയാണെന്ന് ചൈന ചൂണ്ടിക്കാണിച്ചു. ഫുകുഷിമയിലെ വെള്ള കടലിലേക്ക് ഒഴുക്കിയാല്‍ ഉണ്ടാകുന്ന അനന്തരഫലങ്ങളും ജപ്പാന്‍ നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത ആഴ്ച മുതല്‍ വെള്ളം ഒഴുക്കാന്‍ തുടങ്ങും. 40 വര്‍ഷത്തോളം സമയമെടുത്തായിരിക്കും ഒഴുക്കിത്തീര്‍ക്കുക.
ഫുകുഷിമ ആണവനിലയത്തിലെ വെള്ളം ശുദ്ധീകരിച്ച് കടലിലൊഴുക്കാനുള്ള ജപ്പാന്‍റെ പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ.) അനുമതി നല്‍കിയിരുന്നു. അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ജപ്പാൻ ഇതുചെയ്യുന്നതെന്നും ആണുവികിരണസാധ്യതയില്ലെന്നും (ഐ.എ.ഇ.എ.) വ്യക്തമാക്കിയിരുന്നു.
2011 മാർച്ചിലാണ് ലോകത്തെ നടുക്കിയ ആണവദുരന്തമുണ്ടായത്. സെന്ദായ് ഭൂചലത്തെയും സുനാമിയെയും തുടർന്ന് ഫുക്കുഷിമ ആണവവൈദ്യുതനിലയങ്ങളിൽ ഉണ്ടായ സംഭവങ്ങളുടെ നിരയെയാണ് ഫുക്കുഷിമ ആണവ അപകടങ്ങൾ എന്നു പറയുന്നത്. സുനാമി മൂലം റിയാക്ടർ തണുപ്പിക്കുന്ന പമ്പുകൾ വൈദ്യുതി ലഭിക്കാതെ പ്രവർത്തന രഹിതമായതിനെ തുടർന്ന് റിയാക്ടർ കോർ തണുപ്പിക്കാനുള്ള സംവിധാനം തകരാറിലാവുകയും റിയാക്ടറിനകത്തെ മർദ്ദം ക്രമാതീതമായി വർദ്ധിച്ച് സ്ഫോടനം സംഭവിക്കുകയുമായിരുന്നു.