ബഹിരാകാശത്തെ പ്രത്യുൽപാദനം; പഠിക്കാനായി കുരങ്ങുകളെ അയക്കാനൊരുങ്ങി ചൈന
|ടിയാൻഗോങ് ബഹിരാകാശനിലയത്തിന്റെ മൊഡ്യൂളിലാണ് ഗവേഷണം നടത്തുന്നത്
ബീജിങ്: ചൈന ബഹിരാകാശത്തേക്ക് കുരങ്ങുകളെ അയക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ കുരങ്ങുകൾ എങ്ങനെ വളരുമെന്നും പ്രത്യുൽപാദനം നടത്തുമെന്നും പഠിക്കാനാണ് പദ്ധതി. ടിയാൻഗോങ് ബഹിരാകാശനിലയത്തിന്റെ മൊഡ്യൂളിലാണ് ഗവേഷണം നടത്തുന്നത്.
ബഹിരാകാശ നിലയത്തിന്റെ ഏറ്റവും വലിയ മൊഡ്യൂളിലാണ് പരീക്ഷണം നടത്തുകയെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ചൈനീസ് ശാസ്ത്രജ്ഞരായ ഷാങ് ലുവിനെ ഉദ്ധരിച്ച് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മത്സ്യം, ഒച്ചുകൾ തുടങ്ങിയ ചെറിയ ജീവികളിൽ നിലവിൽ പരീക്ഷണം നടത്തുന്നുണ്ട്. അതിന് ശേഷമാണ് എലികൾ, കുരങ്ങുകളെ ഉപയോഗിച്ച് പഠനം നടത്തുന്നത്.
ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിലും മറ്റ് ബഹിരാകാശ പരിതസ്ഥിതികളോടും ജീവികൾ എങ്ങനെ പൊരുത്തപ്പെടുമെന്ന് മനസിലാക്കാൻ ഈ പരീക്ഷണങ്ങൾ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. അതേസമയം, ഈ പരീക്ഷണങ്ങൾ വലിയ വെല്ലുവിളി തന്നെയാണ്. പരീക്ഷണ കാലയളവിൽ
കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതും അവയുടെ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതും വെല്ലുവിളിയാണ്. ഇതിന് പുറമെ ബഹിരാകാശ നിലയത്തിലെ സാഹചര്യങ്ങളിൽ കുരങ്ങുകൾക്ക് സമ്മർദരഹിതമായും സുഖമായും തുടരുന്നത് ബുദ്ധിമുട്ടാണെന്നും ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഗുരുത്വാകർഷണമില്ലാത്തത് പ്രത്യുത്പാദന അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്നതും ഇത് പരീക്ഷണ മൃഗങ്ങളുടെ ലൈംഗിക ഹോർമോണിൽ ഗണ്യമായ കുറവുണ്ടാക്കുന്നതും ഗവേഷകർക്ക് വെല്ലുവിളിയാണ്.