ഭര്‍ത്താവ് കോമയില്‍നിന്ന് ജീവിതത്തിലേക്ക്; സംഭാവനയായി ലഭിച്ച 21 ലക്ഷം രൂപ തിരികെ നല്‍കാനൊരുങ്ങി ചൈനീസ് യുവതി
|2020-ല്‍ കാര്‍ അപകടത്തെ തുടര്‍ന്ന് ജിയാങ് ലി കോമയില്‍ ആവുകയായിരുന്നു
ബെയ്ജിങ്: അപകടത്തെ തുടര്‍ന്ന് കോമയിലായ ഭര്‍ത്താവ് ജീവിതത്തിലേക്ക് മടങ്ങി വന്നതിനെ തുടര്‍ന്ന് സംഭാവനായി ലഭിച്ച തുക തിരികെ നല്കാന് തീരുമാനിച്ച് ചൈന സ്വദേശിനി. 4000-ത്തിലധികം ആളുകളില്‍ നിന്നും സംഭാവനയായി ലഭിച്ച 26,500 ഡോളര്‍ (21 ലക്ഷം രൂപ)ആണ് യുവതി തിരികെ നല്കാന് പോകുന്നത്. ഭര്‍ത്താവ് ജിയാങ് ലി മൂന്ന് വര്‍ഷത്തിന് ശേഷം കോമയില്‍ നിന്ന് തിരികെ വന്നതിനെ തുടര്‍ന്നാണ് ഭാര്യ ഡിങ് പണം തിരികെ നല്‍കുന്നത്.
2020-ല്‍ കാര്‍ അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ജിയാങ് ലി കോമയില്‍ ആവുകയായിരുന്നുവെന്ന് സൗ ത്ത് ചൈന മോണിങ് പോസ്റ്റ് (SCMP) റിപ്പോര്‍ട്ട് ചെയ്തു. അന്നുമുതല്‍ ഡിങ് അദ്ദേഹത്തെ പരിചരിക്കുകയാണ്. പരിചരണത്തിലൂടെ ജിയാങ് വീണ്ടും നടക്കാനും സംസാരിക്കാനും തുടങ്ങിയിരുന്നു. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ് ദമ്പതികള്‍ താമസിക്കുന്നത്.അപകട ശേഷം ജിയാങ് ലി ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ചെറിയ സാധ്യതയെയുള്ളൂ എന്നറിഞ്ഞിട്ടും ഡിങ് ഏത് സമയവും അദ്ദേഹത്തിന്റെ അരികിലുണ്ടായിരുന്നു.
സുഖം പ്രാപിച്ച ജിയാങ് ഡിങിന്റെ അടുത്തിരുന്നു ഭക്ഷണം കഴിക്കുന്ന വിഡീയോകള്‍ ചൈനീസ് സോഷ്യല്‍ മീഡിയയിലൂടെ ഡിങ് പങ്കുവെച്ചിട്ടുണ്ട്. തന്റെ ഭര്‍ത്താവ് കോമയില്‍ നിന്നുണര്ന്നതില് അതീവ സന്തോഷവതിയാണെന്നും ഡിങ് പറഞ്ഞു.ജിയാങ് ലിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടി ആരംഭിച്ച കാമ്പെയ്നിലൂടെ 4,055 പേരില്‍ നിന്ന് 26,000 ഡോളറിലധികം പണം ലഭിച്ചിരുന്നു. സഹായിച്ചരോട് നന്ദി പറയുകയും സാമ്പത്തികമായി സഹായിച്ചവര്‍ക്ക് പണം തിരികെ നല്‍കുമെന്നും ചൈനീസ് ഔട്ട്ലെറ്റിലൂടെ ഡിങ് അറിയിച്ചു.