ഹു ജിന്റാവോയെ പാർട്ടി കോൺഗ്രസ് വേദിയിൽനിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി; വീഡിയോ വൈറൽ
|അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ അവസാന ദിനമാണ് നാടകീയ സംഭവം
ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് വേദിയിൽനിന്ന് മുൻ പ്രസിഡന്റ് ഹു ജിന്റാവോയെ ബലമായി പുറത്തേക്കു കൊണ്ടുപോയി. പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ തൊട്ടടുത്ത് ഇരിക്കുകയായിരുന്ന ഹു ജിന്റാവോയെ രണ്ടു സുരക്ഷാ ഭടന്മാർ എത്തി പുറത്തേക്കു കൊണ്ടുപോവുന്ന വിഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ അവസാന ദിനമാണ് ഈ സംഭവം നടന്നത്. വിദേശ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയുടെ സാന്നിധ്യത്തിലാണ് രണ്ടു സുരക്ഷാ ഭടന്മാർ ഹുവിനെ വേദിക്കു പുറത്തേക്കു കൊണ്ടുപോകുന്നത്. അതേസമയം, ഹുവിനെ കോൺഗ്രസ് വേദിയിൽനിന്നു പുറത്താക്കിയതാണോ എന്ന് വ്യക്തമല്ല. സംഭവത്തിന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
79 കാരനായ ഹു ആദ്യ ദിനം മുതൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നുണ്ട്. പുറത്തേക്കു പോവാൻ അദ്ദേഹം വിസമ്മതിക്കുന്നതും പിന്നെ നിർബന്ധത്തിനു വഴങ്ങുന്നതും വീഡിയോയിലുണ്ട്. പുറത്തേക്കു പോവുമ്പോൾ ഹു തൊട്ടടുത്തിരുന്ന ഷിയോട് എന്തോ പറയുന്നതും പ്രസിഡന്റ് തല കുലുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മാധ്യമ പ്രവർത്തകരുടെയും 2296 പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നാടകീയ സംഭവം. പാർട്ടി കോൺഗ്രസ് പാർട്ടിയുടെ ഭരണഘടനയിലെ ഭേദഗതികളോടെയാണ് സമാപിച്ചത്.