World
Zhang Zhan, Chinese citizen journalist jailed for reporting on Covid 19

ചൈനീസ് മാധ്യമപ്രവര്‍ത്തക 

World

കോവിഡിനെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനീസ് മാധ്യമപ്രവര്‍ത്തക ജയില്‍ മോചിതയാകുന്നു

Web Desk
|
12 May 2024 7:53 AM GMT

ജേണലിസ്റ്റ് ഷാങ് ഷാനെ ആണ് നാലുവർഷത്തെ തടവിനു ശേഷം ചൈന മോചിപ്പിക്കുന്നത്.

ബെയ്ജിങ്: കോവിഡ് മഹാമാരിയെ കുറിച്ച് ആദ്യമായി ലോകത്തെ അറിയിച്ച ചൈനീസ് മാധ്യമ പ്രവർത്തക ഒടുവിൽ ജയിൽ മോചിതയാവുന്നു. വുഹാനിലെ കോവിഡ് 19 വൈറസിനെ കുറിച്ച് പുറത്തുവിട്ട സിറ്റിസൺ ജേണലിസ്റ്റും അഭിഭാഷകയുമായ ഷാങ് ഷാനെ ആണ് നാലുവർഷത്തെ തടവിനു ശേഷം ചൈന മോചിപ്പിക്കുന്നത്. 2020ലാണ് കോവിഡ് വിവരങ്ങൾ ശേഖരിക്കാൻ ഷാൻ നേരിട്ട് വുഹാനിലെത്തിയത്. എന്നാൽ അന്ന് വുഹാനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന സമയ‌മായതിനാൽ ഏതാനും മാധ്യമപ്രവർത്തകർക്ക് മാത്രമേ നഗരത്തി​ലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ വീഡിയോ ആയും മറ്റും ഷാൻ ശേഖരിക്കുകയും തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്ന് വിവരങ്ങൾ പുറത്തുവിട്ടു. ട്വിറ്റർ, യൂട്യൂബ്, വിചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഷാൻ പങ്കുവെച്ചത്. രാജ്യം ലോക്ക്ഡൗണിലായതും ആശുപത്രികൾ നിറഞ്ഞു കവിയുന്നതിനെ കുറിച്ചെല്ലാം അതിൽ ഉൾപ്പെട്ടിരുന്നു.

'നഗരം സ്തംഭിച്ചിരിക്കുന്നു എന്നല്ലാതെ എനിക്ക് ഒന്നും പറയാനില്ല. ഈ നഗരത്തെ നിയന്ത്രിക്കുന്നതിനുള്ള സർക്കാരിൻ്റെ മാർഗം ഭീഷണിയും തടവിലിടുകയുമാണ്, നമ്മുടെ സ്വാതന്ത്ര്യത്തെ തടയുകയും ചെയ്യുന്നു' 2020 ൽ ഷാൻ തന്റെ വീഡിയോയിലൂടെ പറഞ്ഞു. ഇതായിരുന്നു ഷാനിന്റെതായി അവസാനമായി പുറത്തുവന്ന വീഡിയോ എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത് രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനും കലഹത്തിനും കാരണമായെന്നും കാണിച്ചായിരുന്നു 2020 മെയിൽ വുഹാൻ പൊലീസ് ഷാനിനെ അറസ്റ്റ് ചെയ്തത്. അന്നുമുതൽ ചെെനയിലെ ഷാങ്ഹായി വനിത ജയിലിലാണ് ഷാൻ.

കഴിഞ്ഞ സെപ്തംബറിൽ 40 വയസ് തികഞ്ഞ ഷാൻ ജയിലിലായിരുന്നപ്പോഴും നീതിനിഷേധത്തിനെതിരെ നിരാഹാര സമരം കിടന്നു. തുടർന്ന് ആരോഗ്യം മോശമായ ഷാങ് ഷാനിനെ നിർബന്ധിച്ച് ഭക്ഷണം നൽകാനായി ജയിൽ അധികൃതർ ശ്രമിച്ചു. മൂക്കിന് മുകളിൽ ട്യൂബിട്ടും കൈകൾ കെട്ടിയുമാണ് ഭക്ഷണം നൽകുന്നതെന്ന് അഭിഭാഷകൻ വെളിപ്പെടുത്തിയിരുന്നു. അറസ്റ്റിലാകുമ്പോൾ 74 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഷാൻ ഇപ്പോൾ 40 കിലോയിൽ താഴേ മാത്രമാണ് ഭാരമുള്ളതെന്നും അഭിഭാഷകൻ പറഞ്ഞു. വുഹാനിലേക്ക് കടന്നു ചെന്ന് വീഡിയോകൾ ചിത്രീകരിച്ചു എന്നതാണ് ഷാങിനെതിരെ ചുമത്തിയ കുറ്റമെങ്കിലും വീഡിയോകൾ സോഷ്യൽ മീഡിയകളിലിട്ടതും അമേരിക്കൻ പണം സ്വീകരിക്കുന്ന റേഡിയോ ഫ്രീ പോലുള്ള മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതുമാണ് ഭരണകൂടത്തിനെ ചൊടിപ്പിച്ചതെന്നും അഭിഭാഷകൻ ആരോപിച്ചു.

ഷാങ് ഷാനിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നാണ് ജയിൽ മോചിതയാക്കുന്നത്. അതിൽ സന്തോഷമുണ്ടെങ്കിൽ പോലും തടവിലാക്കപ്പെടേണ്ട വ്യക്തിയായിരുന്നില്ല ഷാങ്. കൊവിഡ് മൂലം ചൈനയിൽ ഉണ്ടായ വലിയ അപകടങ്ങളെ രഹസ്യമാക്കി വെക്കാൻ ശ്രമിച്ച ചൈനീസ് ഭരണകൂടത്തെ തുറന്നു കാട്ടുകയാണ് ചെയ്തത്‌. കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ദുരുപയോഗങ്ങൾക്ക് ചൈനീസ് സർക്കാർ ഉത്തരവാദികളാണ് എന്നാണ് ഷായുടെ ജയിൽ മോചനം വ്യക്തമാക്കുന്നത്’ ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ അസോസിയേറ്റ് ഏഷ്യ ഡയറക്ടർ മായ വാങ് ഗാർഡിയനോട് പറഞ്ഞു.

ഈ വിധി ആംനസ്റ്റി ഇന്റർനാഷണലിന്റെ ചൈന ഡയറക്ടർ സാറാ ഭ്രൂക്സും സ്വാഗതം ചെയ്തു. മെയ് 13 മുതൽ ഷാങ് ഷാൻ പൂർണമായി സ്വതന്ത്രമാണെന്ന് ഉറപ്പാക്കാൻ ചൈനീസ് അധികാരികളോട് അഭ്യർത്ഥിക്കുകയാണന്ന് ഭ്രൂക്സ് പറഞ്ഞു. ചൈനയ്ക്ക് അകത്തും പുറത്തുമുള്ള ആളുകളുമായി ആശയവിനിമയം നടത്താനും സ്വതന്ത്രമായി സഞ്ചരിക്കാനും അനുവദിക്കണം. അവളും കുടുംബവും നിരീക്ഷണത്തിനോ ഉപദ്രവത്തിനോ വിധേയരാകരുതെന്നും സാറാ ബ്രൂക്സ്.

Similar Posts