ഷി ജിന്‍പിങ്ങിന് പാര്‍ട്ടി ചെയര്‍മാന്‍ പദവിയും നല്‍കിയേക്കും; പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം
|ഷി ജിൻപിങിനെ മൂന്നാം വട്ടവും ജനറൽ സെക്രട്ടറിയായി പാർട്ടി കോൺഗ്രസ് തെരഞ്ഞെടുക്കും
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസ് ഇന്ന് തുടങ്ങും. ഷി ജിൻപിങിനെ മൂന്നാം വട്ടവും ജനറൽ സെക്രട്ടറിയായി പാർട്ടി കോൺഗ്രസ് തെരഞ്ഞെടുക്കും. മാവോ അലങ്കരിച്ചിരുന്ന പാർട്ടി ചെയർമാൻ സ്ഥാനം ഈ സമ്മേളനം ഷി ജിൻപിങിന് നൽകാനും സാധ്യതയുണ്ട്.
2,296 പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. പാർട്ടിയുടെയും സർക്കാരിന്‍റെയും കഴിഞ്ഞ അഞ്ചു വർഷത്തെ കോൺഗ്രസ് ഔദ്യോഗികമായി അവലോകനം ചെയ്യും. പുതിയ 25 അംഗ പിബിയെയും 205 അംഗ കേന്ദ്രകമ്മിറ്റിയെയും പാർട്ടി കോൺഗ്രസ് തെരഞ്ഞെടുക്കും.
പാർട്ടി കോൺഗ്രസിൽ ഷി ജിൻപിങ്ങിനെതിരെ എന്തെങ്കിലും വിമതസ്വരം ഉണ്ടാകുമെന്ന് ആരും കരുതുന്നില്ല. മൂന്നാമതും പാർട്ടി സെക്രട്ടറിയായി ഷി ജിൻപിങ് തന്നെ വരും. മാവോ സെതുങ് അലങ്കരിച്ചിരുന്ന പാർട്ടി ചെയർമാൻ പദവി ഈ പാർട്ടി കോൺഗ്രസ് ഷി ജിൻപിങിന് അംഗീകരിച്ച് നൽകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. പാർട്ടിയിലും ഭരണത്തിലും അമിതാധികാരങ്ങൾ ലഭിക്കുന്ന പദവിയാണിത്.
ഭരണത്തിലെ രണ്ടാം സ്ഥാനത്തുള്ള പ്രീമിയർ ലി ഖെഛിയാങ് ഈ സമ്മേളനത്തോടെ മാറും. തയ്‌വാൻ, യുഎസ് തുടങ്ങിയ വിഷയങ്ങളിൽ പാർട്ടിയുടെ നിലപാടും ശ്രദ്ധേയമാകും. പാർട്ടി കോൺഗ്രസിന് മുന്നോടിയായി സീറോ കോവിഡ് സ്ട്രാറ്റജിക്കെതിരെയും ഷി ജിൻപിങിനെതിരെയും ചെറിയ പ്രതിഷേധങ്ങൾ ചൈനയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആഭ്യന്തര കാര്യങ്ങളിലും അന്താരാഷ്ട്ര രംഗത്തും വലിയ നയം മാറ്റമില്ലാതെയാകും പാർട്ടി കോൺഗ്രസ് സമാപിക്കുക.