World
ചൈനയിലെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ജയിലില്‍ അടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകയുടെ ജീവന്‍ അപകടത്തില്‍
World

ചൈനയിലെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ജയിലില്‍ അടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകയുടെ ജീവന്‍ അപകടത്തില്‍

Web Desk
|
5 Nov 2021 10:04 AM GMT

മനുഷ്യാവകാശങ്ങൾക്കെതിരായ നാണംകെട്ട ആക്രമണമാണ് ഷാങിന്‍റെ തടങ്കലെന്ന് ആംനെസ്റ്റി

ചൈനയിലെ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത് ജയിലിലായ മാധ്യമപ്രവർത്തക മരണത്തിന്‍റെ വക്കിലെന്ന് കുടുംബം. തടവറയില്‍ നിരാഹാര സമരത്തിലാണ് 38കാരനായ ഷാങ് ഷാന്‍. ഷാങിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നും ഉടന്‍ മോചിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

നേരത്തെ അഭിഭാഷകയായിരുന്ന ഷാങ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വുഹാനിലെ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനത്തിൽ സർക്കാരിന്‍റെ അനാസ്ഥയെ ചോദ്യംചെയ്ത് നിരവധി വീഡിയോകള്‍ പുറത്തുവിട്ടു. ഫോണിലാണ് ഷാങ് വീഡിയോ ചിത്രീകരിച്ചത്. 2020 മെയില്‍ ഷാങിനെ ജയിലിലടച്ചു. ഡിസംബറിലാണ് ഷാങിന് നാല് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. കലാപത്തിന് ആഹ്വാനം ചെയ്തെന്നും പ്രശ്നങ്ങളുണ്ടാക്കാന്‍ പ്രകോപനം സൃഷ്ടിച്ചെന്നുമുള്ള കുറ്റങ്ങളാണ് ഷാങിനെതിരെ ചുമത്തിയത്.

'ഷാങിന്‍റെ ശരീര ഭാരം കുറഞ്ഞുവരുകയാണ്. ഇനി അധികകാലം ജീവനോടെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. മൂക്കിലൂടെ ട്യൂബ് വഴി നിർബന്ധിതമായി ഭക്ഷണം നൽകുകയാണ്. നിലവിലെ സ്ഥിതി എന്താണെന്ന് അറിയില്ല. വരാനിരിക്കുന്ന ശൈത്യകാലത്തെ അവൾ അതിജീവിക്കുമെന്ന് തോന്നുന്നില്ല'– ഷാങിന്‍റെ സഹോദരന്‍ പറഞ്ഞു.

ഷാങിനായി ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഇടപെട്ടു. ഷാങിനെ മോചിപ്പിക്കണമെന്നു ആവശ്യമായ വൈദ്യചികിത്സ നൽകണമെന്നും ആംനെസ്റ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങൾക്കെതിരായ നാണംകെട്ട ആക്രമണമാണ് ഷാങിന്‍റെ തടങ്കലെന്ന് ആംനെസ്റ്റി പ്രവർത്തകൻ വെൻ ലീ പറഞ്ഞു. ഷാങിനെ കാണാന്‍ പോലും കുടുംബത്തെ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്.

ചൈന നിയമങ്ങളുള്ള രാജ്യമാണ് എന്നായിരുന്നു ആരോപണങ്ങളോട് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍റെ പ്രതികരണം. നിയമം ലംഘിക്കുന്നവര്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts