തുടർച്ചയായി സിഗരറ്റ് വലിച്ച് 42 കി.മീ മാരത്തോൺ ഓടി 50കാരൻ
|സിഗരറ്റ് ഇഷ്ടപ്പെടുന്ന ഇദ്ദേഹം ഓടുമ്പോൾ മാത്രമേ പുകവലിക്കൂ എന്നതാണ് മറ്റൊരു പ്രത്യേകത.
പുകവലിയടക്കമുള്ള ലഹരികൾക്കെതിരെ മാരത്തോണും മറ്റ് ഓട്ടമത്സരങ്ങളും ഉൾപ്പെടുത്തിയുള്ള ക്യാമ്പയിനുകൾ നാം കണ്ടിട്ടുണ്ട്. പ്രായത്തെ പോലും തോൽപ്പിച്ച് ഓട്ടമത്സരങ്ങളിൽ ഒന്നാമത്തെത്തിയിട്ടുള്ളവരും നിരവധി. എന്നാൽ പുകവലിച്ച് കൊണ്ട് ഒരാൾ മാരത്തോൺ ഓടി എന്നു കേൾക്കുന്നത് ഇതാദ്യമായിരിക്കും. 42 കി.മീ മാരത്തോൺ തുടർച്ചയായി സിഗരറ്റ് വലിച്ച് ഓടിയാണ് ഈ 50കാരൻ വ്യത്യസ്തനായത്.
മൂന്ന് മണിക്കൂർ 28 മിനിറ്റ് കൊണ്ട് 574ാം സ്ഥാനക്കാരനായാണ് ഈ ചൈനക്കാരൻ ലക്ഷ്യസ്ഥാനത്തെത്തിയത്. ചെയ്ൻ സ്മോക്കിങ്ങിലൂടെ ആയിരുന്നു അങ്കിൾ ചെൻ എന്നയാളുടെ ഓട്ടം മുഴുവൻ. 1500 മത്സരാർഥികളാണ് ആകെയുണ്ടായിരുന്നത്. നവംബർ ആറിന് ഷാങ്ഹായിയിൽ ആയിരുന്നു മാരത്തോൺ മത്സരം.
ഗ്വാങ്ഷൂ സ്വദേശിയായ അങ്കിൾ ചെൻ സിഗരറ്റ് പായ്ക്കറ്റുകൾ പോക്കറ്റിലിട്ട് ഓരോന്ന് തീരുന്തോറും മറ്റൊന്നെടുത്ത് വലിച്ചുകൊണ്ടാണ് ഓടിയത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചൈനീസ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിരിക്കുകയാണ് അങ്കിൾ ചെനിന്റെ പുകവലിയോട്ടം.
ഇതാദ്യമായല്ല ചെൻ തന്റെ വ്യത്യസ്ത ശൈലിയിൽ മാരത്തോൺ പൂർത്തിയാക്കുന്നത്. 2018ലെ ഗ്വാങ്ഷോ മാരത്തോണിലും 2019ലെ സിയാമെൻ മാരത്തോണിലും ചെൻ ഓട്ടത്തിലൂടെ പുകവലിച്ചിരുന്നതായാണ് റിപ്പോർട്ട്. സിഗരറ്റ് ഇഷ്ടപ്പെടുന്ന ഇദ്ദേഹം ഓടുമ്പോൾ മാത്രമേ പുകവലിക്കൂ എന്നതാണ് മറ്റൊരു പ്രത്യേകതയെന്ന് ഹോങ്കോങ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
ചുണ്ടിന്റെ കോണിൽ തൂങ്ങിക്കിടക്കുന്ന രീതിയിൽ സിഗരറ്റ് വലിച്ചുകൊണ്ട് നീണ്ട ഓട്ടമത്സരങ്ങളിൽ പങ്കെടുക്കുന്ന ശീലം അദ്ദേഹത്തിന് 'പുകവലി ബ്രോ' എന്ന വിളിപ്പേര് നേടിക്കൊടുത്തതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, അങ്കിൾ ചെനിന്റെ ഈ രീതിക്കെതിരെ വിമർശനവും ശക്തമാണ്. ഇയാളുടെ സിഗരറ്റിന്റെ പുക സഹ മത്സരാർഥികളെ ബാധിക്കുമെന്ന് ചിലർ ചൂണ്ടിക്കാട്ടി. മാരത്തോണിനിടെയുള്ള പുകവലി ഉത്തേജകമാണോ എന്ന സംശയവും ചിലർ ഉന്നയിച്ചു.