World
33 വര്‍ഷങ്ങള്‍ക്കു ശേഷം ഒരമ്മയും മകനും കണ്ടുമുട്ടിയപ്പോള്‍; ഹൃദയം തൊടുന്ന വീഡിയോ
World

33 വര്‍ഷങ്ങള്‍ക്കു ശേഷം ഒരമ്മയും മകനും കണ്ടുമുട്ടിയപ്പോള്‍; ഹൃദയം തൊടുന്ന വീഡിയോ

Web Desk
|
4 Jan 2022 1:57 AM GMT

37കാരനായ ലി ജിംഗ്വായെ നാലാം വയസിലാണ് ഗ്രാമത്തില്‍ നിന്നും കാണാതാകുന്നത്

വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി പ്രിയപ്പെട്ടവരെ കാണുമ്പോഴുള്ള സന്തോഷം ഒന്നു വേറെ തന്നെയാണല്ലേ..അപ്പോള്‍ കാണാതായ മകനെ കാലങ്ങള്‍ക്ക് ശേഷം ഒരമ്മ കണ്ടുമുട്ടിയാലോ? അതില്‍പരം മനോഹരമായ മുഹൂര്‍ത്തം ഈ ഭൂമിയില്‍ വേറെയില്ല. അത്തരമൊരു സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള ജനങ്ങള്‍. സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥയാണ് ഈ അമ്മയുടെയും മകന്‍റെയും.



37കാരനായ ലി ജിംഗ്വായെ നാലാം വയസിലാണ് ഗ്രാമത്തില്‍ നിന്നും കാണാതാകുന്നത്. ഗ്രാമത്തിലെത്തിയ ഒരു അജ്ഞാതന്‍ കളിപ്പാട്ടം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ലിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ലിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ കുടുംബം നടത്തിയെങ്കിലും അത് വിഫലമാകുകയായിരുന്നു. 24 വർഷങ്ങൾക്ക് ശേഷം സ്വന്തം മകനെ കണ്ടെത്തിയ പിതാവിനെപ്പറ്റിയുള്ള ഒരു വാർത്തയാണ് സ്വന്തം കുടുംബത്തെ കണ്ടെത്താൻ ലീയ്ക്ക് പ്രചോദനമായത്.

ലീയെ തട്ടിക്കൊണ്ടു പോയ ആള്‍ കുട്ടിയെ വടക്കൻ-മധ്യ ചൈനയിലെ ഹെനാനിലുള്ള ഒരു കുടുംബത്തിന് വില്‍ക്കുകയായിരുന്നു. അതേസമയം ലീയെ ദത്തെടുത്ത കുടുംബം ലീയ്ക്ക് നല്ല വിദ്യാഭ്യാസം നൽകി. വിവാഹവും കഴിപ്പിച്ചു. എങ്കിലും എന്നെങ്കിലും ഒരിക്കൽ തന്‍റെ കുടുംബത്തെ കണ്ടെത്തണം എന്ന ചിന്ത ലീയിൽ ഉണ്ടായിരുന്നു. അന്ന് മുതൽ സ്വന്തം ഗ്രാമത്തിന്റെയും വീടിന്‍റെയും ചിത്രങ്ങൾ ലീ വരയ്ക്കുമായിരുന്നു. അങ്ങനെ പൊലീസിന്‍റെ സഹായത്തോടെ വർഷങ്ങൾക്ക് ശേഷം ലീ തന്‍റെ സ്വന്തം കുടുംബത്തെ കണ്ടെത്തുകയായിരുന്നു.

''വർഷങ്ങൾ കടന്നുപോയി, എന്‍റെ കുടുംബത്തിലെ ആരെങ്കിലും എന്നെ അന്വേഷിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല,' ചൈനീസ് വീഡിയോ പ്ലാറ്റ്‌ഫോമായ ഡൂയിന് പോസ്റ്റ് ചെയ്ത വീഡിയോയിൽ ജിംഗ്‌വെ പറഞ്ഞു. 'എന്‍റെ അച്ഛനമ്മമാർ ഇവിടെയായിരിക്കുമ്പോൾ അവരെ വീണ്ടും കാണാൻ ഞാൻ ആഗ്രഹിക്കുന്നു.' ലീ വീഡിയോയില്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോകുമ്പോള്‍ കുട്ടിയായിരുന്നെങ്കിലും തന്‍റെ ഗ്രാമത്തെക്കുറിച്ച് ലീക്ക് കൃത്യമായ ഓര്‍മകള്‍ ഉണ്ടായിരുന്നു. മരങ്ങളുടെയും റോഡുകളുടെയും നദികളുടെയും സ്ഥാനം ഉള്‍പ്പെടെ എല്ലാം ഓര്‍മയില്‍ ഉണ്ടായിരുന്നു. തന്‍റെ വീടിനടുത്തുള്ള കുളങ്ങളും നെല്‍പ്പാടങ്ങളും വരെ അയാള്‍ ഓര്‍ത്തെടുത്തു. പഴയ ഓർമ്മകൾ വെച്ച് സ്വന്തം ഗ്രാമത്തിന്‍റെ രൂപരേഖ ലീ തയാറാക്കി. പിന്നീട് പൊലീസുകാരുടെ സഹായത്തോടെ ചൈനയിലെ തെക്ക് പടിഞ്ഞാറുള്ള ഒരു ഗ്രാമവുമായി ഈ പ്രദേശത്തിന് സാമ്യമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സ്വന്തം കുടുംബത്തെ ലീ കണ്ടെത്തിയത്.



ഗ്രാമത്തിൽ നിന്നുള്ള ഒരു സ്ത്രീയുടെ കാണാതായ മകനാണ് ജിംഗ്‌വെയെന്ന് ഡിഎൻഎ പരിശോധനകൾ സ്ഥിരീകരിച്ചു. വൈകാരികമായ ഫോൺ കോളിന് ശേഷം അമ്മയും മകനും പുതുവത്സര ദിനത്തിൽ ഹെനാൻ പൊലീസ് സ്റ്റേഷനിൽ വച്ച് വീണ്ടും കണ്ടുമുട്ടുകയായിരുന്നു. ''അവസാനം ഞാനെന്‍റെ കുഞ്ഞിനെ കണ്ടുമുട്ടി'' ലീയുടെ അമ്മ പറഞ്ഞു. എന്നാല്‍ ഈ മനോഹര സംഗമം കാണാന്‍ ലീയുടെ പിതാവ് ഉണ്ടായിരുന്നില്ല. അദ്ദേഹം അതിനു മുന്‍പേ മരിച്ചിരുന്നു. പുതുവത്സരം അമ്മയ്‌ക്കൊപ്പം ചെലവഴിക്കാനും യുനാനിലെ പിതാവിന്‍റെ ശവകുടീരം സന്ദർശിക്കാനുമാണ് ലീയുടെ പദ്ധതി.ലീയും അമ്മയും കണ്ടുമുട്ടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.



Similar Posts