ബാങ്കുകാര്‍ മാസ്ക് ധരിക്കാന്‍ പറഞ്ഞു; ചൈനീസ് കോടീശ്വരൻ 5.7 കോടി രൂപ പിൻവലിച്ച് എണ്ണി നല്‍കാന്‍ ആവശ്യപ്പെട്ടു
|പിന്‍വലിച്ച നോട്ടുകള്‍ ബാങ്ക് ജീവനക്കാര്‍ എണ്ണുന്ന ചിത്രങ്ങള്‍ ചൈനീസ് സോഷ്യൽ മീഡിയ ആയ വീബോയില്‍ വൈറലാണ്
ബാങ്ക് ജീവനക്കാരുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് ചൈനീസ് കോടീശ്വരൻ തന്‍റെ ആയുഷ്കാല സമ്പാദ്യം മുഴുവൻ പിൻവലിച്ചു. പിന്‍വലിക്കുക മാത്രമല്ല ആ നോട്ടുകള്‍ മുഴുവന്‍ എണ്ണി നല്‍കാനും ഉത്തരവിട്ടു. പിന്‍വലിച്ച നോട്ടുകള്‍ ബാങ്ക് ജീവനക്കാര്‍ എണ്ണുന്ന ചിത്രങ്ങള്‍ ചൈനീസ് സോഷ്യൽ മീഡിയ ആയ വീബോയില്‍ വൈറലാണ്. 5 ദശലക്ഷം യുവാൻ അതായത് 5.7 കോടി രൂപയാണ് ചൈനീസ് കോടീശ്വരനായ 'സണ്‍വെയര്‍' ബാങ്കില്‍ നിന്നും പിന്‍വലിച്ചത്.
അതെ സമയം ബാങ്കിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിനാണ് മുഴുവന്‍ തുകയും പിന്‍വലിച്ചതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ബാങ്കിലെ ജീവനക്കാരുടെ പെരുമാറ്റം വളരെ മോശമായിരുന്നെന്നും തന്‍റെ വലിയ തുക ബാങ്കില്‍ നിക്ഷേപിച്ചിരുന്നെന്നും സണ്‍വെയര്‍ ഇതിന് മറുപടി നല്‍കി. ഈയൊരു പെരുമാറ്റം കാരണമാണ് പണമെല്ലാം പിന്‍വലിച്ച് മറ്റു ബാങ്കുകളിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് ജീവനക്കാരോട് നോട്ടുകള്‍ എണ്ണി ഉറപ്പാക്കിയതിനെയും സണ്‍വെയര്‍ ന്യായീകരിച്ചു. "പണം കുറവാണെങ്കിൽ അത് എണ്ണാൻ അവരോട് പറയേണ്ടത് തന്‍റെ ആവശ്യമാണ്", എന്നാണ് സണ്‍വെയര്‍ ഇതിന് നല്‍കിയ മറുപടി. പണം എണ്ണി ഉറപ്പാക്കിയ സണ്‍വെയര്‍ ഇവയെല്ലാം ബ്രീഫ്കേസുകളിലാക്കി ആഡംബര കാറുകളില്‍ നിറക്കുന്നതിന്‍റെ ഫോട്ടോകളും വൈറലാണ്.