ചൈനയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ ബിബിസി മാധ്യമപ്രവർത്തകന് പൊലീസ് മർദനം; അറസ്റ്റ്
|തങ്ങളുടെ മാധ്യമപ്രവർത്തകൻ ചുമതലകൾ നിർവഹിക്കുന്നതിനിടെ ഈ രീതിയിൽ ആക്രമിക്കപ്പെട്ടത് പ്രതിഷേധാർഹവും ആശങ്കാജനകവുമാണെന്ന് ബിബിസി പ്രസ്താവനയിൽ പറഞ്ഞു.
ബെയ്ജിങ്: ചൈനയിൽ കോവിഡ് ലോക്ക്ഡൗണിനെതിരായ പ്രതിഷേധത്തിനിടെ ബിബിസി മാധ്യമപ്രവർത്തകന് പൊലീസ് മർദനം. തുടർന്ന് അറസ്റ്റ് ചെയ്തു. ഷാങ്ഹായിയിൽ ഞായറാഴ്ച നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയാണ് സംഭവം. എഡ് ലോറൻസ് എന്ന മാധ്യമപ്രവർത്തകനെയാണ് പ്രതിഷേധത്തിനിടെ ചൈനീസ് പൊലീസ് മർദിക്കുകയും ചവിട്ടുകയും ചെയ്ത ശേഷം അറസ്റ്റ് ചെയ്തത്.
തങ്ങളുടെ മാധ്യമപ്രവർത്തകൻ ചുമതലകൾ നിർവഹിക്കുന്നതിനിടെ ഈ രീതിയിൽ ആക്രമിക്കപ്പെട്ടത് പ്രതിഷേധാർഹവും ആശങ്കാജനകവുമാണെന്ന് ബിബിസി പ്രസ്താവനയിൽ പറഞ്ഞു.
"ഷാങ്ഹായിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ അറസ്റ്റ് ചെയ്യപ്പെടുകയും കൈവിലങ്ങുകൾ അണിയിക്കപ്പെടുകയും ചെയ്ത ഞങ്ങളുടെ മാധ്യമ പ്രവർത്തകൻ എഡ് ലോറൻസിന്റെ അവസ്ഥയിൽ ഞങ്ങൾ അതീവ ഉത്കണ്ഠാകുലരാണ്. അദ്ദേഹത്തെ പൊലീസ് മണിക്കൂറുകളോളം തടവിലാക്കി. അറസ്റ്റിനിടെ പൊലീസ് മർദിക്കുകയും ചവിട്ടുകയും ചെയ്തു. അദ്ദേഹം ഒരു അംഗീകൃത പത്രപ്രവർത്തകനായി ജോലി ചെയ്യുന്നതിനിടെയാണ് ഇത് സംഭവിച്ചത്" ബിബിസി പ്രസ്താവനയിൽ പറയുന്നു.
കോവിഡ് പടർന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ നന്മയ്ക്കായാണ് തടവിലാക്കിയതെന്ന് അധികൃതർ നൽകിയ വിശദീകരണം വിശ്വസനീയമല്ലെന്നും ബിബിസി പ്രസ്താവനയിൽ പറയുന്നു. അതേസമയം, ബിബിസി പ്രസ്താവന ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടെന്നും യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അതിൽ പറയുന്നില്ല എന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പ്രതികരിച്ചത്.
"ഷാങ്ഹായിലെ അധികാരികൾ പറഞ്ഞതനുസരിച്ച്, പത്രപ്രവർത്തകനാണെന്ന് തിരിച്ചറിയാനുള്ള കാര്യങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും രേഖകൾ ഹാജരാക്കിയില്ലെന്നുമാണ് മനസിലാവുന്നത്. പ്രാദേശിക പൊലീസ് ആളുകളോട് പിരിഞ്ഞുപോകാൻ പറഞ്ഞു. അല്ലാത്തവരെ പുറത്താക്കി"- അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധങ്ങൾ കവർ ചെയ്യാൻ അധികൃതർ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് തടസം സൃഷ്ടിക്കുമ്പോൾ, നിരവധി നഗരങ്ങളിലും സർവകലാശാലകളിലും ഉടനീളം ആളുകൾ പ്രതിഷേധിക്കുന്നത് പൂർണമായും കണ്ടില്ലെന്നു നടിക്കുകയാണ് കൂടുതലും കമ്യൂണിസ്റ്റ് പാർട്ടി നടത്തുന്നതോ സർക്കാരുമായി ബന്ധമുള്ളതോ ആയ ചൈനീസ് മാധ്യമങ്ങൾ ചെയ്യുന്നത്.
ലോക്ക്ഡൗണിനിടെ കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഉറുംകിയിലെ ഒരു ഫ്ലാറ്റിന്റെ 16ാം നിലയിലുണ്ടായ തീപ്പിടിത്തത്തിൽ പത്ത് പേർക്ക് ജീവൻ നഷ്ടമായിരുന്നു. ലോക്ക്ഡൗണായതിനാൽ പുറത്തിറങ്ങാനാവാതെ വന്നതോടെയാണ് കുഞ്ഞുങ്ങളടക്കം വെന്തുമരിച്ചത്. ഇതിനു പിന്നാലെയാണ് രാജ്യത്തെ കർശനമായ സീറോ-കോവിഡ് നയത്തിനെതിരെ ജനം വൻ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.