ലാഹോറിൽ ഖുർആനെ അവഹേളിച്ച ക്രിസ്ത്യൻ ദമ്പതികൾ അറസ്റ്റിലായി
|ഹർബൻസ്പുര സ്വദേശി തൈമുർ നൽകിയ പരാതിയിലാണ് അറസ്റ്റ്
ലാഹോർ: ഖുർആനെ അവഹേളിച്ച ക്രിസ്ത്യൻ ദമ്പതികളെ മതിനിന്ദ കേസിൽ അറസ്റ്റ് ചെയ്തു. ഹർബൻസ്പുര സ്വദേശി തൈമുർ നൽകിയ പരാതിയിലാണ് അറസ്റ്റ്. തൈമുർ റേഞ്ചേഴ്സ് ആസ്ഥാനത്തിന് സമീപമുള്ള തെരുവിൽ ഒരു ഭക്ഷണ കടയിൽ നിൽക്കുമ്പോൾ സമീപത്തെ വീടിന്റെ മേൽക്കൂരയിൽ നിന്ന് കുറച്ച് പേപ്പറുകൾ വലിച്ചെറിയുന്നത് കാണുകയും അത് എടുത്ത് പരിശോധിച്ചപ്പോൾ ഖുർആനിൽ നിന്നുള്ളതാണെന്ന് മനസിലാവുകയും ചെയ്തു.
തുടർന്ന് ഇയാൾ ആ വീട്ടിലേക്ക് ചെന്ന് ആരാണ് പേജുകൾ എറിഞ്ഞതെന്ന് അന്വേഷിച്ചു. അവിടെയുണ്ടായിരുന്ന യുവതി തന്റെ മകൾ ചെയ്തതാവാമെന്ന് പറഞ്ഞു. തുടർന്ന് തൈമുർ വീടിന്റെ മേൽക്കൂര പരിശോധിക്കുകയും അവിടെ വാട്ടർ ടാങ്കിന് സമീപം ഒരു പിങ്ക് കളർ ബാഗിൽ ഖുർആനിന്റെ കൂടുതൽ പേജുകൾ കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ഈ പേജുകൾ ശേഖരിക്കുകയും വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചതിന് യുവതിക്കും ഭർത്താവിനുമെതിരെ മതനിന്ദ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പാക്കിസ്താൻ പീനൽ കോഡിലെ 295-ബി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രതികളെ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും എസ്.പി അവൈസ് ഷഫീഖ് മാധ്യമങ്ങളോട് പറഞ്ഞു.
ഓഗസ്റ്റ് 16 ന് ജറൻവാലയിൽ ക്രിസ്ത്യൻ സഹോദരങ്ങളുടെ വിടിന് സമീപം ഖുർആൻ പേജുകൾ കീറിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ജനക്കൂട്ടം രണ്ട് ഡസനോളം ചർച്ചുകൾ കൊള്ളയടിക്കുകയും തീയിടുകയും ക്രിസ്ത്യൻ സമുദായാംഗങ്ങളുടെ വീടുകൾ ആക്രമിക്കുകയും ചെയ്തിരുന്നു. കൂടാതെ ജറൻവാലയിലെ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് ആക്രമിക്കുകയും ചെയ്തു.