കാബൂളിൽ സിഐഎ-താലിബാൻ രഹസ്യ ചര്‍ച്ച
|യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരം സിഐഎ ഡയരക്ടർ വില്യം ജെ ബേൺസ് ആണ് കാബൂളിലെത്തി താലിബാൻ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത്
അഫ്ഗാനിൽ രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ താലിബാനുമായി ചർച്ച നടത്തി യുഎസ് രഹസ്യാന്വേഷണ ഏജൻസി. സിഐഎ ഡയരക്ടർ വില്യം ജെ ബേൺസ് ആണ് കാബൂളിലെത്തി താലിബാൻ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത്. യുഎസ് ഭരണകൂട വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
താലിബാൻ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചടക്കിയതിനുശേഷം ഇതാദ്യമായാണ് അമേരിക്ക സംഘവുമായി ഉന്നതതലത്തിലുള്ള ചർച്ച നടത്തുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരമാണ് വില്യം ബേൺസ് കാബൂളിലെത്തിയതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. താലിബാൻ നേതാവ് അബ്ദുൽ ഗനി ബറാദറുമായി വില്യം ബേൺസ് ചർച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്.
അതേസമയം, കൂടിക്കാഴ്ചയുടെ വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇതേക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ്, സിഐഎ വക്താക്കളും വിസമ്മതിച്ചിട്ടുണ്ട്. ബറാദർ സിഐഎ തലവനുമായി കൂടിക്കാഴ്ച നടത്തിയതായുള്ള വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് താലിബാൻ വക്താവും പ്രതികരിച്ചത്.
അഫ്ഗാനിൽനിന്നുള്ള വിദേശസേനാ പിന്മാറ്റത്തിന് താലിബാൻ അനുവദിച്ച സമയപരിധി ആഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ അപ്രതീക്ഷിതനീക്കം. സമയപരിധി നീട്ടില്ലെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് ഇന്നും വ്യക്തമാക്കിയിരുന്നു. താലിബാനുമായി സഹകരിച്ചു മുന്നോട്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമാകുമോ സിഐഎ തലവന്റെ കാബൂൾ സന്ദർശനമെന്നും അന്താരാഷ്ട്ര രാഷ്ട്രീയ വിദഗ്ധർ സംശയിക്കുന്നുണ്ട്.