അഞ്ച് നിലകൾ, ഉയർന്ന മതിലുകൾ; അൽഖാഇദ നേതാവ് അയ്മാൻ അൽ സവാഹിരിയുടെ ഒളിത്താവളത്തിന്റെ മാതൃകയുമായി സിഐഎ
|വിർജീനിയയിലെ സിഐഎ ആസ്ഥാനത്തുള്ള മ്യൂസിയത്തിലാണ് മാതൃക സൂക്ഷിച്ചിരിക്കുന്നത്
അൽഖാഇദ നേതാവും ബിൻ ലാദന്റെ പിൻഗാമിയുമായിരുന്ന അയ്മാൻ അൽ-സവാഹിരിയുടെ ഒളിത്താവളത്തിന്റെ മാതൃക വെളിപ്പെടുത്തി സിഐഎ. അഞ്ച് നിലകളും അവ്യക്തമായ മൂന്ന് ബാൽക്കണികളും മാത്രമുള്ള ആഡംബര വീടിന് ചുറ്റും ഉയർന്ന മതിലുകളാണുള്ളത്. വിർജീനിയയിലെ സിഐഎ ആസ്ഥാനത്തുള്ള മ്യൂസിയത്തിലാണ് മാതൃക സൂക്ഷിച്ചിരിക്കുന്നത്.
സിഐഎയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് നവീകരിച്ച മ്യൂസിയത്തിൽ നിലവിൽ ഏജൻസിയിലെ ജീവനക്കാർക്കും പ്രത്യേക അതിഥികൾക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് എപ്പോൾ തുറന്നുനൽകും എന്ന കാര്യം സിഐഎ വ്യക്തമാക്കിയിട്ടില്ല.
അയ്മാൻ അൽ-സവാഹിരിയെ ഡ്രോൺ ആക്രമണത്തിലൂടെയാണ് അമേരിക്ക കൊലപ്പെടുത്തിയത്. ജൂലൈ 30ന് കാബൂളിലായിരുന്നു സിഐഎയുടെ നിർണായക ആക്രമണം. അൽഖാഇദ സ്ഥാപകനും അന്നത്തെ തലവനുമായിരുന്ന ഒസാമ ബിൻ ലാദനെ പാക്കിസ്ഥാനിൽ വെച്ച് അമേരിക്കയുടെ പ്രത്യേക സേന വധിച്ചതിന് ശേഷം അൽഖാഇദ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.
2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരൻ കൂടിയാണ് സവാഹിരി. അതീവ രഹസ്യമായ പല ഘട്ടങ്ങളിലൂടെയാണ് സിഐഎ സവാഹിരിയുടെ താവളം കണ്ടെത്തിയതും ഓപ്പറേഷൻ ആസൂത്രണം ചെയ്തതും. ഒളിത്താവളം കണ്ടെത്തിയിട്ടും മാസങ്ങളോളം സവാഹിരിയുടെ ദിനചര്യകളടക്കം നിരീക്ഷിച്ചാണ് സിഐഎ ആക്രമണം നടത്തിയത്. വീടിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന അൽ-സവാഹിരിക്കു നേരെ സിഐഎ ഡ്രോൺ മിസൈലുകൾ വിക്ഷേപിക്കുകയായിരുന്നു.