"ഇതൊക്കെ ഓവറാണ്, അമേരിക്ക ചട്ടലംഘനം നടത്തി"; തിരിച്ചടി സൂചന നൽകി ചൈന
|ബലൂൺ അബദ്ധത്തിൽ യുഎസ് അതിർത്തിയിൽ എത്തിപ്പെട്ടതാണെന്ന് ചൈന നേരത്തെ തന്നെ പ്രതികരിച്ചിരുന്നു
ബെയ്ജിംഗ്: ചാരപ്രവൃത്തിയെന്ന് സംശയിച്ച് അമേരിക്ക ചൈനീസ് ബലൂൺ വെടിവെച്ചിട്ടതിനെതിരെ പൊട്ടിത്തെറിച്ച് ചൈന. അമിത പ്രതികരണമാണ് യുഎസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിമർശിച്ച ചൈന അന്താരാഷ്ട്ര സമ്പ്രദായം സംബന്ധിച്ച കീഴ്വഴക്കങ്ങൾ അമേരിക്ക ലംഘിച്ചുവെന്നും പ്രതികരിച്ചു.
അന്തർദേശീയ തലത്തിൽ നിലനിൽക്കുന്ന ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണിത്. ഗുരുതരമായ പ്രത്യാഘാതം അമേരിക്ക നേരിടേണ്ടി വരുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം സൂചന നൽകി. ആളില്ലാത്ത എയർഷിപ്പിന് നേരെയാണ് അമേരിക്ക ആക്രമണം നടത്തിയത്. ഇതിൽ ചൈനക്ക് ശക്തമായ അതൃപ്തിയും പ്രതിഷേധവുമുണ്ടെന്നും ചൈന വ്യക്തമാക്കി.
ബലൂൺ അബദ്ധത്തിൽ യുഎസ് അതിർത്തിയിൽ എത്തിപ്പെട്ടതാണെന്ന് ചൈന നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.സൗത്ത് കരോലിന തീരത്ത് വെച്ചാണ് ബലൂണ്‍ യുഎസ് വെടിവെച്ചിട്ടത്. എത്രയും പെട്ടെന്ന് നടപടി വേണമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു പെന്റഗണിന്റെ നീക്കം. മൂന്ന് വിമാനത്താവളങ്ങൾ അടച്ച് നടത്തിയ സൈനിക നടപടിക്കൊടുവിൽ ബലൂണ്‍ അറ്റ്ലാന്‍റിക് സമുദ്രത്തിൽ പതിച്ചു.
ബലൂണിന്‍റെ അവശിഷ്ടങ്ങൾ വിശകലനത്തിനായി വിർജീനിയയിലെ എഫ്.ബി.ഐ ലാബിലെത്തിക്കും. യു.എസ് പ്രതിരോധ വകുപ്പിന്റെ തന്ത്രപ്രധാന കേന്ദ്രമായ മൊണ്ടാനയിലെ ബില്ലിങ്സ് നഗരത്തിന് മുകളിലായാണ് പടുകൂറ്റന്‍ ബലൂണ്‍ പ്രത്യക്ഷപ്പെട്ടത്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ബലൂണ്‍ ദിശതെറ്റി അമേരിക്കയുടെ വ്യോമ പരിധിയിലെത്തിയതാണെന്നായിരുന്നു ചൈനയുടെ വിശദീകരണം.
യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അടുത്തയാഴ്ച നടത്താനിരുന്ന ചൈനാ സന്ദര്‍ശനവും ഇതേ തുടർന്ന് മാറ്റിവെച്ചിരുന്നു. ബലൂൺ വെടിവച്ചിടുന്നത് യു.എസ് നേരത്തെ പരിഗണിച്ചിരുന്നെങ്കിലും ജനങ്ങളുടെ ജീവന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ടെന്നുവെക്കുകയായിരുന്നു.