World
മോണാലിസ പെയിന്റിങ്ങിൽ സൂപ്പൊഴിച്ച് പ്രതിഷേധം; ബുള്ളറ്റ് പ്രൂഫുള്ളതിനാൽ കേടുപാടുണ്ടായില്ല
World

മോണാലിസ പെയിന്റിങ്ങിൽ സൂപ്പൊഴിച്ച് പ്രതിഷേധം; ബുള്ളറ്റ് പ്രൂഫുള്ളതിനാൽ കേടുപാടുണ്ടായില്ല

Web Desk
|
28 Jan 2024 1:09 PM GMT

ലോകത്ത് ഏറ്റവും മൂല്യമുള്ള ചിത്രം കൂടിയാണിത്. ഏകദേശം 8000 കോടി രൂപയ്ക്കാണ് ചിത്രം ഇൻഷൂർ ചെയ്തിരിക്കുന്നത്.

പാരീസിലെ ലോർവ്രെ മ്യൂസിയത്തിൽ വീണ്ടും മോണാലിസ പെയിന്റിങ്ങിന് നേരെ ആക്രമണം. കാലാവസ്ഥാ വ്യതിയാന പ്രവർത്തകർ പെയിന്റിങ്ങിന് മുന്നിലുള്ള സംരക്ഷണ ഗ്ലാസിലേക്ക് സൂപ്പ് ഒഴിച്ച് പ്രതിഷേധിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് എത്തിയ രണ്ട് സ്ത്രീകളാണ് മോണാലിസ പെയിന്റിങ്ങിന് നേരെ സൂപ്പൊഴിച്ചത്.

ബുള്ളറ്റ് പ്രൂഫ് ഉള്ളതിനാൽ പെയിന്റിങ്ങിന് കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചില്ല. "ഭക്ഷണ പ്രത്യാക്രമണം" എന്ന് എഴുതിയ ടി-ഷർട്ടുകൾ ധരിച്ച രണ്ട് സ്ത്രീകളാണ് ആക്രമണത്തിന് പിന്നിൽ. ഫുഡ് ആക്ടിവിസ്റ്റുകളുടെ ഫ്രഞ്ച് സംഘടനയായ “റിപോസ്റ്റ് അലിമെൻ്റെയർ" ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പരിസ്ഥിതിയും ഭക്ഷണ സ്രോതസ്സുകളും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ഉയർത്തിക്കാട്ടുകയായിരുന്നു പ്രതിഷേധത്തിലൂടെ ലക്ഷ്യമിട്ടതെന്ന് സംഘടനാ വ്യക്തമാക്കി.

പരിസ്ഥിതിയും ഭക്ഷണ സ്രോതസ്സുകളും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ഉയർത്തിക്കാട്ടിയാണ് പ്രതിഷേധമെന്ന് സംഘടനാ അംഗങ്ങൾ എഎഫ്‌പി വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഏത് കാരണത്താലാണെങ്കിലും മോണാലിസ പെയിന്റിങ്ങിന് നേരെ ആക്രമണം നടത്തിയത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ഫ്രാൻസിൻ്റെ സാംസ്കാരിക മന്ത്രി റാച്ചിദ ദാതി പറഞ്ഞു.

ലോകത്തെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് മോണാലിസ. 1503നും 1506നും ഇടക്ക് ലിയനാർഡോ ഡാവിഞ്ചിയാണ് ഇതു വരച്ചത്. ഡാവിഞ്ചിയുടെ മാസ്റ്റർപീസ്‌ എന്നറിയപ്പെടുന്ന ചിത്രങ്ങളിൽ ഒന്നാണ് മോണാലിസ. ലോകത്ത് ഏറ്റവും മൂല്യവുമുള്ള ചിത്രം കൂടിയാണിത്. ഏകദേശം 8000 കോടി രൂപയ്ക്കാണ് ചിത്രം ഇൻഷൂർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആഗോളതലത്തിൽ മോണാലിസക്കെതിരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. 1950-കളുടെ ആരംഭം മുതൽ മോണാലിസ സേഫ്റ്റി ഗ്ലാസ് ഉപയോഗിച്ച് സംരക്ഷിച്ചിരുന്നു. എന്നാൽ, , ഒരു സന്ദർശകൻ ആസിഡ് ഒഴിച്ചതിനെത്തുടർന്ന് സുരക്ഷാ ഗ്ലാസിന് കേടുപാടുകൾ സംഭവിച്ചു. 1911-ൽ ലൂവ്രെയിൽ നിന്ന് ഈ പെയിൻ്റിംഗ് മോഷണം പോയിരുന്നു. മ്യൂസിയത്തിലെ ജീവനക്കാരനായ വിൻസെൻസോ പെറുഗ്ഗിയ എന്നയാൾ ഒരു രാത്രി മുഴുവൻ കബോർഡിൽ ഒളിഞ്ഞിരുന്ന ശേഷമാണ് പെയിന്റിങ് കടത്തിയത്. തുടർന്ന് രണ്ട് വർഷത്തിന് ശേഷം ഇറ്റലിയിലെ ഫ്ലോറൻസിലെ ഒരു പുരാതന വസ്തു ഡീലർക്ക് വിൽക്കാൻ ശ്രമിച്ചപ്പോൾ പെയിന്റിങ് വീണ്ടെടുക്കുകയായിരുന്നു.

തുടർന്ന് 2019ൽ ചിത്രത്തെ സംരക്ഷിക്കാൻ കൂടുതൽ സുതാര്യമായ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സ്ഥാപിച്ചതായി മ്യൂസിയം പറഞ്ഞു. 2022 മെയ് മാസത്തിൽ മോണാലിസ പെയിൻ്റിംഗിൻ്റെ മുന്നിലുള്ള ഗ്ലാസിൽ കേക്ക് വലിച്ചെറിഞ്ഞും പ്രതിഷേധം ഉണ്ടായിരുന്നു.

Similar Posts