'വംശഹത്യയില്ലാത്ത കോള'; യു.കെയിൽ സൂപ്പർ ഹിറ്റായി 'ഗസ്സ കോള'
|ഇസ്രായേലിന്റെ വംശഹത്യയ്ക്ക് പിന്തുണ നൽകുന്ന കമ്പനികളെ ബഹിഷ്‌കരിക്കുക എന്നത് പ്രധാനമാണെന്നും ബഹിഷ്‌കരണ പ്രസ്ഥാനത്തിന് കരുത്തുപകരുകയാണ് കോള ഗസ്സയുടെ ലക്ഷ്യമെന്നും നിർമാതാവ്
ലണ്ടൻ: ഇസ്രായേൽ ബന്ധമുള്ള ശീതള പാനീയങ്ങൾക്കു പകരമായി വിപണിയിലെത്തിയ 'കോള ഗസ്സ' യു.കെയിൽ തരംഗമാവുന്നു. ഫലസ്തീനി ആക്ടിവിസ്റ്റും വ്യവസായിയുമായ ഉസാമ ഖാഷൂ ഇക്കഴിഞ്ഞ ആഗസ്തിൽ വിപണിയിലെത്തിച്ച കോള ഗസ്സയുടെ അഞ്ച് ലക്ഷത്തിളേറെ കാനുകൾ ഇതിനകം വിറ്റഴിഞ്ഞതായി ഇസ്രായേൽ മാധ്യമം ജെറുസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ വംശഹത്യയിൽ ഇസ്രായേൽ സൈന്യത്തെ സഹായിക്കുന്ന ബ്രാൻഡുകളെ ബഹിഷ്‌കരിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഭാഗമായാണ് 'വംശഹത്യയില്ലാത്ത കോള' എന്ന ലേബലിൽ കോള ഗസ്സ പുറത്തിറക്കിയത്.
ഇസ്രായേൽ അധിനിവേശത്തിൽ കൊല്ലപ്പെടുന്ന ഫലസ്തീനി കുട്ടികളുടെ ഓർമ നിലനിർത്തുക എന്നതാണ് കോള ഗസ്സയുടെ ലക്ഷ്യമെന്നും ഫലസ്തീനികൾ അനുഭവിക്കുന്ന ദുരിതം ഈ പാനീയത്തിന്റെ ഓരോ സിപ്പും ഓർമിപ്പിക്കുമെന്നും ഉസാമ ഖാഷൂ പറയുന്നു. ഇസ്രായേൽ ബോംബിട്ടു തകർത്ത ഗസ്സ സിറ്റിയിലെ അൽ കറാമ ആശുപത്രി പുനർനിർമിക്കുന്നതിനു വേണ്ടിയാണ് കോള വിൽപ്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
'100 ശതമാനം ഫലസ്തീനി ഉടമസ്ഥതയിലുള്ളത്', '100 ശതമാനം അപ്പാർത്തീഡ് മുക്തം', '100 ശതമാനം ലാഭവും മാനുഷിക സഹായത്തിന് നൽകുന്നു' എന്നിവയാണ് കോള ഗസ്സയുടെ പരസ്യവാചകങ്ങൾ. ലണ്ടനിലെ ഫലസ്തീൻ ഹൗസിന്റെ ഈ ഉൽപ്പന്നം ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്ന ബദൽ ശീതള പാനീയമാണെന്നും ഉസാമ ഖാഷൂ പറയുന്നു. ഫലസ്തീൻ പതാകയുടെ നിറങ്ങളും കഫിയ പാറ്റേണും അറബി, ഇംഗ്ലീഷ് അക്ഷരരൂപങ്ങളും ഉൾപ്പെടുന്നതാണ് കോള കാനിന്റെ ഡിസൈൻ.
പോളണ്ടിൽ നിർമിച്ച് ലണ്ടനിലേക്ക് ഇറക്കുമതി ചെയ്യുന്ന കോള ഗസ്സ ആദ്യഘട്ടത്തിൽ മൂന്ന് റസ്‌റ്റോറന്റുകളിലാണ് വിൽപ്പന നടത്തിയത്. ഉദ്യമത്തിനു പിന്നിലുള്ള ലക്ഷ്യവും ആകർഷകമായ രുചിയും കാരണം വളരെ പെട്ടെന്നു തന്നെ ഇത് ജനപ്രീതിയാർജിച്ചു. റസ്റ്റോറന്റുകൾ, ചെറുകിട സൂപ്പർമാർക്കറ്റുകൾ എന്നിവയിലൂടെയും ഷോപ്പിഫൈ വഴി ഓൺലൈനായുമാണ് നിലവിൽ കോള വിൽക്കുന്നത്. 250 മില്ലിയുടെ 6 കാൻ, 24 കാൻ എന്നിങ്ങനെ രണ്ട് പാക്കുകളായാണ് കോള ഗസ്സ ഓൺലൈൻ ആയി വിൽക്കുന്നത്. യഥാക്രമം 12 പൗണ്ടും 30 പൗണ്ടുമാണ് വില.
ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ജനിച്ചു വളർന്ന ഉസാമ ഖാഷൂ, ഇസ്രായേൽ പൊലീസിന്റെ വേട്ടയിൽ നിന്നു രക്ഷപ്പെട്ടാണ് യു.കെയിൽ അഭയം തേടിയത്. വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന്റെ വിഭജന മതിലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു ഖാഷൂവിനെതിരായ സയണിസ്റ്റ് പൊലീസിന്റെ നീക്കം. ലണ്ടനിൽ അഭയാർത്ഥിയായെത്തി ചലച്ചിത്ര നിർമാണത്തിൽ ഉപരിപഠനം നേടിയ അദ്ദേഹം 2006-ൽ അൽജസീറ ന്യൂ ഹൊറൈസൺ അവാർഡിന് അർഹനായി. 2007-ൽ ഫ്രീ ഗസ്സ മൂവ്‌മെന്റ് സ്ഥാപിച്ച ഖാഷൂ 2010 മെയ് മാസത്തിൽ തുർക്കിയിൽ നിന്ന് ഗസ്സയിലേക്കുള്ള 'ഫ്രീഡം ഫ്‌ളോട്ടില്ല' സഹായ ദൗത്യത്തിലും നിർണായക പങ്കു വഹിച്ചു. ഫ്‌ളോട്ടില്ലയുടെ ഭാഗമായുള്ള ഒരു കപ്പലിനെ ഇസ്രായേൽ ആക്രമിക്കുകയും ഖാഷുവിന്റെ ക്യാമറമാൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇസ്രായേലിന്റെ വംശഹത്യയ്ക്ക് പിന്തുണ നൽകുന്ന കമ്പനികളെ ബഹിഷ്‌കരിക്കുക എന്നത് പ്രധാനമാണെന്നും, ബഹിഷ്‌കരണ പ്രസ്ഥാനത്തിന് കരുത്തുപകരുകയാണ് കോള ഗസ്സയുടെ ലക്ഷ്യമെന്നും ഖാഷൂ 'അൽ ജസീറ'യോട് പറഞ്ഞു.