പാബ്ലോ എസ്‌കോബാറിന്റെ ഹിപ്പോകൾ ഇന്ത്യയിലേക്ക്
|60 എണ്ണം ഇന്ത്യയിലേക്കും പത്തെണ്ണം മെക്‌സികോയിലേക്കും കയറ്റി അയക്കാനാണ് തീരുമാനം
ലഹരിമരുന്ന് മാഫിയ തലവൻ പാബ്ലോ എസ്‌കോബാറിന്റെ ഹിപ്പോകളെ ഇന്ത്യയിലേക്കും മെക്‌സികോയിലേക്കും കയറ്റി അയക്കാൻ പദ്ധതിയിട്ട് കൊളംബിയ. ഹിപ്പോകൾ പെരുകിയതിനെ തുടർന്നാണ് നടപടി. 60 എണ്ണം ഇന്ത്യയിലേക്കും പത്തെണ്ണം മെക്‌സികോയിലേക്കും കയറ്റി അയക്കാനാണ് തീരുമാനം. ഒരു വർഷമായി ഇതിന്റെ പദ്ധതികൾ ആവിഷ്‌കരിച്ചു വരികയായിരുന്നു. ഹിപ്പോകളെ ഗുജറാത്തിലെ ഗ്രീൻസ് സുവോളജിക്കൽ റസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ കിങ്ഡത്തിലേക്കാണ് എത്തിക്കുകയെന്ന് കൊളംബിയൻ മൃഗ സംരക്ഷണ -ക്ഷേമകാര്യ മന്ത്രാലയ ഡയറക്ടർ ലിന മെർസല ഡിലോസ് മൊറാലസ് പറഞ്ഞു.
1980കളിലാണ് എസ്‌കോബാർ തന്റെ ഫാമിൽ ഹിപ്പോകളെ വളർത്താൻ തുടങ്ങിയത്. ആഫ്രിക്കയിൽ നിന്ന് മൂന്ന് പെൺ ഹിപ്പോയേയും ഒരു ആൺ ഹിപ്പോയേയുമായിരുന്നു കൊണ്ടുവന്നത്. 1993 ൽ എസ്‌കോബാറിന്റെ മരണത്തോടെ ഫാമിലെ ജിറാഫുകളെയും ആനകളെയുമെല്ലാം മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റിയെങ്കിലും ഹിപ്പോകളെ അവിടെ തന്നെ നിർത്തുകയായിരുന്നു. നിലവിൽ 160 ഹിപ്പോകളാണ് അവിടെയുള്ളത്.
ഹിപ്പോകൾ പെരുകിയത് പ്രദേശവാസികൾക്ക് പോലും ഭീഷണി ഉയർത്തുകയാണെന്ന് കണ്ടതോടെയാണ് ഇവയെ മാറ്റാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം വന്ധ്യകരണമടക്കം പരീക്ഷിച്ചെങ്കിലും വിജയം കണ്ടില്ല. 30 വർഷത്തിനുള്ളിൽ മൂന്ന് ഹിപ്പോകൾ 130 ആയി പെരുകി. അതുകൊണ്ട് തന്നെ 20 വർഷത്തിനുള്ളിൽ ഹിപ്പോകളുടെ എണ്ണം 1,500 ആയി ഉയരുമെന്നാണ് നേച്ചർ ജേണൽ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇക്വഡോർ, ഫിലിപ്പീൻസ്, ബോട്‌സ്വാന എന്നീ രാജ്യങ്ങളിലേക്കും ഹിപ്പോകളെ പുരധിവസിപ്പാക്കാനുള്ള താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് മൃഗ സംരക്ഷണ -ക്ഷേമകാര്യ മന്ത്രാലയം അറിയിച്ചു.